വന നശീകരണം കൂടുന്നു; ലോക ഭൂവിസ്തൃതിയുടെ 10 ശതമാനം നശിച്ചതായി ഐക്യരാഷ്ട്ര സഭ

വന നശീകരണം കൂടുന്നു; ലോക ഭൂവിസ്തൃതിയുടെ 10 ശതമാനം നശിച്ചതായി ഐക്യരാഷ്ട്ര സഭ

ന്യൂയോര്‍ക്ക്: ലോകത്തെ ആകെ ഭൂവിസ്തൃതിയുടെ ഏകദേശം 10 ശതമാനം ഭൂമി നശീകരണത്തിന് വിധേയമായതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഏതാണ്ട് 1.56 ബില്യണ്‍ ഹെക്ടര്‍. ഇന്ത്യന്‍ ഭൂവിസ്തൃതിയുടെ ഏകദേശം 5.2 മടങ്ങ് വരും നശീകരണത്തിന് വിധേയമായ ഭൂമിയുടെ വിസ്തൃതി.

യു.എന്നിന്റെ ഭക്ഷ്യ-കാര്‍ഷിക സംഘടനയായ എഫ്.എ.ഒ പുറത്തിറക്കിയ 'ദ സ്റ്റേറ്റ് ഓഫ് ദ വേള്‍ഡ്‌സ് ഫോറസ്റ്റ്‌സ് 2026' എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വനങ്ങള്‍ പുനരുജ്ജീവിക്കുന്നതിനേക്കാള്‍ വേഗത്തില്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വര്‍ധന, നഗരവല്‍ക്കരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് വന നശീകരണത്തിന്റെയും ഭൂ നശീകരണത്തിന്റെയും പ്രധാന കാരണങ്ങള്‍. ഭൂവിനിയോഗത്തിലെ മാറ്റം, കൃഷിയുടെ വ്യാപനം, വിഭവങ്ങളുടെയും ഊര്‍ജത്തിന്റെയും വര്‍ധിച്ചു വരുന്ന ആവശ്യം എന്നിവയും സ്ഥിതി രൂക്ഷമാക്കുന്നു.

2030 ഓടെ നശിച്ച ആവാസ വ്യവസ്ഥകളുടെ 30 ശതമാനം പുനസ്ഥാപിക്കുകയെന്ന ആഗോള ലക്ഷ്യം കൈവരിക്കാന്‍ ഏകദേശം 469 ദശലക്ഷം ഹെക്ടര്‍ ഭൂമി പുനസ്ഥാപിക്കേണ്ടതുണ്ട്. എന്നാല്‍ 2026 വരെയുള്ള ദേശീയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 206.5 ദശലക്ഷം ഹെക്ടര്‍ ഭൂമി മാത്രമാണ് പുനസ്ഥാപന പ്രവര്‍ത്തനങ്ങളുടെ പരിധിയില്‍ വന്നിട്ടുള്ളത്.

1990 മുതല്‍ 2025 വരെ സ്വാഭാവികമായി പുനരുജ്ജീവിക്കുന്ന വനങ്ങളുടെ വിസ്തൃതി 324 ദശലക്ഷം ഹെക്ടര്‍ കുറഞ്ഞു. ലോകത്തെ ആകെ വനവിസ്തൃതിയുടെ ഏകദേശം 92 ശതമാനവും ഇത്തരം വനങ്ങളാണ്. 2025 ല്‍ ലോകത്തെ ആകെ വനവിസ്തൃതി 4.14 ബില്യണ്‍ ഹെക്ടര്‍ ആയിരുന്നു. ആഗോള ഭൂ വിസ്തൃതിയുടെ 32 ശതമാനമാണിത്.

1990 മുതല്‍ ലോകത്ത് ഏകദേശം 489 ദശലക്ഷം ഹെക്ടര്‍ വനഭൂമി വന നശീകരണത്തിലൂടെ നഷ്ടപ്പെട്ടു. 1990-2025 കാലയളവില്‍ പ്രാഥമിക വനങ്ങളുടെ വിസ്തൃതി 110 ദശലക്ഷം ഹെക്ടര്‍ കുറഞ്ഞു. വനനഷ്ടം ജീവജാലങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതിനും ആവാസവ്യവസ്ഥകള്‍ വിഘടിക്കുന്നതിനും നിര്‍ണായകമായ പരിസ്ഥിതി സേവനങ്ങള്‍ നഷ്ടപ്പെടുന്നതിനും കാരണമാകുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏഷ്യയില്‍ 583 ദശലക്ഷം ഹെക്ടര്‍ ഭൂമി നശിച്ചു

2019 ലെ കണക്കുകള്‍ പ്രകാരം ആഫ്രിക്കയില്‍ ഏകദേശം 334 ദശലക്ഷം ഹെക്ടര്‍ ഭൂമി നശീകരണത്തിന് വിധേയമായിരുന്നു. ആഫ്രിക്കയുടെ ഭൂവിസ്തൃതിയുടെ 12 ശതമാനമാണിത്. ഏഷ്യയില്‍ ഏകദേശം 583 ദശലക്ഷം ഹെക്ടര്‍, അതായത് ഭൂവിസ്തൃതിയുടെ 19 ശതമാനം, നശിച്ച ഭൂമിയായി കണക്കാക്കുന്നു. തെക്കേ അമേരിക്കയില്‍ ഏകദേശം 245 ദശലക്ഷം ഹെക്ടര്‍ ഭൂമി നശീകരണത്തിന് വിധേയമായിട്ടുണ്ട്. ഇത് മേഖലയിലെ ഭൂവിസ്തൃതിയുടെ 14 ശതമാനമാണ്.

വനനശീകരണത്തിനൊപ്പം മണ്ണൊലിപ്പ്, അമിതമായ മേച്ചില്‍, കാട്ടുതീ, അനിയന്ത്രിതമായ മരംമുറി, തെറ്റായ വനപരിപാലനം, ഭൂ വിനിയോഗത്തിലെ മാറ്റം തുടങ്ങിയവയും വിവിധ രാജ്യങ്ങളില്‍ വന നശീകരണത്തിന് കാരണമാകുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ആഗോള വന-ഭൂപ്രദേശ പുനസ്ഥാപന ലക്ഷ്യങ്ങളും നിലവിലെ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള വലിയ അന്തരം അടിയന്തരമായി നികത്തേണ്ടതുണ്ടെന്നും എഫ്.എ.ഒ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.