ജെന്നിഫര്‍ സെബാസ്റ്റ്യന്‍
കൊച്ചി: ക്യാന്‍സര്‍ കാര്‍ന്നു തിന്ന ജീവിതം തിരികെ പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് ജെന്നിഫര്‍. ഭര്‍ത്താവ് ടോണിയ്ക്കും ഏഴ് വയസുകാരനായ മകന്‍ നതാനിയേലിനുമൊപ്പം മുപ്പത്തിനാലുകാരിയായ ജെന്നിഫറിന്റെ ജീവിതം ഇന്ന് ആശുപത്രിക്കിടക്കയിലാണ്.
ക്യാന്‍സര്‍ അതിന്റെ ഫോര്‍ത്ത് സ്‌റ്റേജിലാണ്... എങ്കിലും ഇരട്ടി കരുത്തോടെ ജെന്നിഫര്‍ ജീവിതത്തെ നോക്കി വിടര്‍ന്നു ചിരിക്കും... ഈ മഹാരോഗം എന്നെങ്കിലും തന്റെ മുന്നില്‍ മുട്ടുമടക്കും എന്ന ആത്മവിശ്വാസത്തോടെ...ആ ആത്മവിശ്വാസമാണ് ഭര്‍ത്താവ് ടോണിയുടെയും കരുത്ത്.
രോഗം ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത് 2026 ഏപ്രില്‍ മാസത്തിലാണ്. വെറും ആറ് മാസം കഴിഞ്ഞപ്പോഴേക്കും ചികിത്സയ്ക്കായി ചിലവാക്കിയത് പത്ത് ലക്ഷം രൂപയിലധികമാണ്. സര്‍ജറി, കീമോ, റേഡിയേഷന്‍ തുടങ്ങിയ തുടര്‍ ചികിത്സയ്ക്കായി ഇരുപത്തഞ്ച് ലക്ഷം രൂപയില്‍ അധികം ഇനിയും ആവശ്യമാണ്.
കോതമംഗലം കുട്ടമ്പുഴ സ്വദേശിയായ ടോണിയും മൂവാറ്റുപുഴ ആയവന സ്വദേശിയായ ജെന്നിഫറും സാദാ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ദമ്പതികളാണ്. അതുകൊണ്ടു തന്നെ ഇത്രയും ഭീമമായ തുക കണ്ടെത്തുക അവര്‍ക്ക് തികച്ചും അസാധ്യമാണ്.
നല്ലൊരു ഗായകനാണ് ടോണി. ക്രിസ്തീയ ഭക്തിഗാനങ്ങളാണ് അദേഹത്തിന്റെ പ്രധാന കര്‍മ്മ മേഖല. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന, വിവാഹം തുടങ്ങിയ തിരുക്കര്‍മങ്ങളില്‍ സംഗീതമൊരുക്കുന്നതിനൊപ്പം ധ്യാനങ്ങള്‍ക്ക് ഗാന ശുശ്രൂഷയും ചെയ്തു വരുന്നു.
പക്ഷേ, ഇപ്പോള്‍ ഭാര്യയ്‌ക്കൊപ്പം നിരന്തരം ആശുപത്രിയിലായതിനാല്‍ തന്റെ ഇഷ്ട മേഖലയില്‍ നിന്ന് മാറി നില്‍ക്കേണ്ട അവസ്ഥയിലാണ് ടോണി. അതോടെ ചെറുതെങ്കിലും ആ വരുമാനവും നിലച്ചു.
ഭക്തിഗാന ശുശ്രൂഷയില്‍ നിന്നുള്ള വരുമാനം കൊണ്ടുമാത്രം ഒരു കുടുംബത്തിന്റെ ചിലവ് കണ്ടെത്താനാകില്ലെന്ന് ബോധ്യപ്പെട്ടതോടെ ടോണി തന്റെ സുഹൃത്തുമായി ചേര്‍ന്ന് 2018 ല്‍ എറണാകുളം മഞ്ഞുമ്മലില്‍ ഒരു ഹോട്ടല്‍ ആരംഭിച്ചിരുന്നു.
എന്നാല്‍ പിന്നാലെ വന്ന കോവിഡ് മഹാമാരി തിരിച്ചടിയായി. ബിസിനസ് പച്ചപിടിച്ച് വരും മുന്‍പേ ഹോട്ടല്‍ പൂട്ടേണ്ടി വന്നു. ഹോട്ടല്‍ ഉപകരണങ്ങള്‍ക്കായി വായ്പയെടുത്തും മറ്റുമായി വാങ്ങിയ പത്ത് ലക്ഷത്തോളം രൂപ നഷ്ടമായി.
ബിരുദവും എന്‍ജിനീയറിങ് ഡിപ്ലോമയുമുള്ള ടോണി പിന്നീട് ഒരു തൊഴിലിനായി ഗള്‍ഫിലേക്ക് പോയി. അവിടെ താല്‍ക്കാലികമായെങ്കിലും ഒരു ചെറിയ ജോലിയില്‍ പ്രവേശിച്ചു... ഏഴാം കടലിനക്കരെയുള്ള മണലാരണ്യത്തിലെ കാറ്റിന് ചൂടേറെയാണെങ്കിലും അവിടെ ടോണി കണ്ട സ്വപ്‌നങ്ങള്‍ക്ക് ആശ്വാസത്തിന്റെ തികവും പ്രതീക്ഷയുടെ കുളിര്‍മയുമുണ്ടായിരുന്നു.
അങ്ങനെ പ്രിയസഖി ജെന്നിഫറിനെയും മകനെയും കൂടി ഗള്‍ഫിലേക്ക് കൊണ്ടു പോയി. ജെന്നിഫറിനൊരു ജോലിയായിരുന്നു അടുത്ത ലക്ഷ്യം. പക്ഷേ, വിധി ആ കുടുംബത്തോട് അല്‍പം പോലും കാരുണ്യം കാണിച്ചില്ല. ഒരു ജോലിയില്‍ കയറും മുന്‍പ് ജെന്നിഫറിനെ ശാരീരിക അസ്വസ്ഥതകള്‍ അലട്ടി തുടങ്ങി. അങ്ങനെ 2025 സെപ്റ്റംബറിലും 2026 ജനുവരിയിലുമായി അജ്മാനിലെ രണ്ട് പ്രമുഖ ഹോസ്പിറ്റലുകളില്‍ ചികിത്സ തേടി.
ആദ്യം ചികിത്സിച്ച ഹോസ്പിറ്റലിന് രോഗം കൃത്യമായി നിര്‍ണയിക്കാനായില്ല. ജനുവരിയില്‍ രണ്ടാമത് ചികിത്സ തേടിയ ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭാശയത്തില്‍ 7.5 സെന്റി മീറ്റര്‍ വലിപ്പമുളള മുഴയുണ്ടെന്ന് കണ്ടെത്തിയെങ്കിലും ക്യാന്‍സര്‍ സാധ്യത ഇല്ലെന്നും നാട്ടില്‍ പോകുമ്പോള്‍ മുഴ ഓപ്പറേറ്റ് ചെയ്ത് മാറ്റിയാല്‍ മതിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആവശ്യത്തിനുള്ള മരുന്നും കൊടുത്തു.
പിന്നീട് ഇക്കഴിഞ്ഞ ഏപ്രില്‍ മാസം നാട്ടിലെത്തി ശസ്ത്രക്രീയയ്ക്കായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അഡ്മിറ്റായപ്പോഴാണ് വെറും മൂന്ന് മാസംകൊണ്ട് മുഴയുടെ വലിപ്പം 12.5 സെന്റി മീറ്ററായെന്നും 'മെറ്റാസ്റ്റാറ്റിക് എന്‍ഡോമെറ്റീരിയല്‍ സ്‌ട്രോമല്‍ സര്‍കോമ' എന്ന ക്യാന്‍സര്‍ രോഗമാണെന്നും വ്യക്തമായത്. അപ്പോഴേക്കും സ്‌റ്റേജ് നാലില്‍ എത്തിയിരുന്നു.
ഉടന്‍ തന്നെ യൂട്രസ്, ഓവറി, യൂറിനറി ബ്ലാഡര്‍ മസിലുകള്‍ തുടങ്ങിയ അവയവങ്ങള്‍ അടിയന്തരമായി നീക്കം ചെയ്തു. പിന്നീട് കീമോതെറാപ്പി അടക്കമുള്ള മറ്റ് ചികിത്സകളും ആരംഭിച്ചു. അതിപ്പോഴും തുടരുകയാണ്.
രോഗം ഫോര്‍ത്ത് സ്‌റ്റേജിലായതിനാല്‍ വളരെ വിലകൂടിയ മരുന്നുകളാണ് ഇപ്പോള്‍ നല്‍കുന്നത്. അതിനാല്‍ തന്നെ രോഗാവസ്ഥയില്‍ കാര്യമായ പുരോഗതിയുണ്ട് എന്നത് ആശ്വാസകരമാണ്. പക്ഷേ, ചികിത്സയുടെ ഭീമമായ സാമ്പത്തിക ഭാരം താങ്ങാന്‍ കുടുംബത്തിനാകുന്നില്ല. ആയതിനാല്‍ നമ്മുടെയൊക്കെ സഹായം തേടുകയാണ് ഈ കൊച്ചു കുടുംബം.
ജെന്നിഫറിന് രോഗമുക്തയായി ജീവിതത്തിലേക്ക് മടങ്ങി വരണം... തന്റെ മകനെ ഇനിയും നെഞ്ചോട് ചേര്‍ത്ത് പിടിക്കണം... ഭര്‍ത്താവിനൊപ്പമിരുന്ന് പുതിയ ഒരുപിടി സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കണം... ടോണിക്ക് വീണ്ടും കീ ബോര്‍ഡിന്റെ മുന്നിലെത്തി യേശുനാമം വാഴ്ത്തി പാടണം... ഈ ആഗ്രഹങ്ങളൊക്കെ സാധിക്കണമെങ്കില്‍ നമ്മളും അവര്‍ക്കൊപ്പം നില്‍ക്കണം... ആവുന്ന രീതിയില്‍ സാമ്പത്തിക സഹായം നല്‍കണം.
ജെന്നിഫറിന്റെ ഗൂഗിള്‍ പേ നമ്പരും ബാങ്ക് വിശദാംശങ്ങളുമാണ് ചുവടെ ചേര്‍ത്തിട്ടുള്ളത്.
G- Pay
Banking Name : JENNIFER SEBASTIAN
NO: +91 73063 80295.
JENNIFER SEBASTIAN
a/c no: 337702010031349
IFSC Code:
UBIN0533777
Union Bank of India
Muvattupuzha Branch
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.