പുതിയ നിര്‍ദേശം നിലവില്‍ അമേരിക്കയിലുള്ള 3,50,000 ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികളുടെ ഉപരി പഠനത്തിന് ശേഷമുള്ള തൊഴില്‍ സാധ്യതകളെ പ്രതികൂലമായി ബാധിക്കും.
വാഷിങ്ടണ്‍: അമേരിക്കയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തൊഴില്‍ പരിശീലനം നല്‍കുന്നതിന് സര്‍വകലാശാലകള്‍ വന്‍ തുക ഫീസ് നല്‍കണമെന്ന യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ (ഡിഎച്ച്എസ്) നിര്‍ദേശം വിദേശ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി.
വിദേശ വിദ്യാര്‍ഥികള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന ഓപ്ഷണല്‍ പ്രാക്റ്റിക്കല്‍ ട്രെയിനിങ് (ഒപിടി) പ്രോഗ്രാമിന്റെ ഭാഗമായി ഓരോ വിദ്യാര്‍ഥിക്കും സര്‍വകലാശാലകളില്‍ നിന്ന് 70,000 ഡോളര്‍ ഫീസ് ഈടാക്കാനാണ് നിര്‍ദേശം.
നിലവില്‍ അമേരിക്കന്‍ സര്‍വകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് 12 മാസത്തേക്ക് രാജ്യത്ത് ജോലിചെയ്യാന്‍ ഒപിടി പ്രോഗ്രാം അനുമതി നല്‍കുന്നുണ്ട്. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്സ് (സ്റ്റെം) കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇത് 24 മാസം കൂടി നീട്ടി നല്‍കാനും സാധിക്കും.
തുടര്‍ന്നുള്ള ഒപിടി കാലയളവിനായി അപേക്ഷിക്കുന്ന ഓരോ വിദ്യാര്‍ഥിക്കും സര്‍വകലാശാലകള്‍ വീണ്ടും 30,000 ഡോളര്‍ അധിക ഫീസ് നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. വിസ തട്ടിപ്പുകള്‍ തടയുന്നതിനും അമേരിക്കന്‍ തൊഴിലാളികളെ വിദേശ മത്സരങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമാണ് പുതി നിര്‍ദേശമെന്ന് ഡിഎച്ച്എസ് വ്യക്തമാക്കുന്നു.
ഫീസ് നല്‍കിയില്ലെങ്കില്‍ ഒപിടി പ്രോഗ്രാം പൂര്‍ണമായി നിര്‍ത്തലാക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. വിദ്യാര്‍ഥികള്‍ക്ക് എച്ച്-1ബി വിസ വഴിയും മറ്റ് തൊഴിലധിഷ്ഠിത വിസ വഴിയും അമേരിക്കയില്‍ ജോലി ചെയ്യുന്നതിനും പിന്നീട് സ്ഥിര താമസമാക്കുന്നതിനുമുള്ള പ്രധാന മാര്‍ഗമായിരുന്നു ഒപിടി പ്രോഗ്രാം.
നിര്‍ദേശം നിലവില്‍ അമേരിക്കയിലുള്ള 3,50,000 ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികളുടെ ഉപരി പഠനത്തിന് ശേഷമുള്ള തൊഴില്‍ സാധ്യതകളെ പ്രതികൂലമായി ബാധിക്കും. സര്‍വകലാശാലകള്‍ ഈ ഭീമമായ തുക വിദ്യാര്‍ഥികളില്‍ നിന്നോ അല്ലെങ്കില്‍ അവരെ ജോലിക്ക് എടുക്കുന്ന തൊഴിലുടമകളില്‍ നിന്നോ ഈടാക്കാന്‍ സാധ്യതയുണ്ട്.
ഫീസ് അടയ്ക്കാനുള്ള സാമ്പത്തിക ബാധ്യത എഫ്-1 വിദ്യാര്‍ഥികളിലേക്കോ തൊഴിലുടമകളിലേക്കോ സര്‍വകലാശാലകള്‍ കൈമാറിയേക്കാമെന്ന് ഡിഎച്ച്എസ് ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം പങ്കാളികളാകാന്‍ യോഗ്യരായ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതില്‍ സര്‍വകലാശാലകള്‍ കൂടുതല്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്നതിനാല്‍ ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാകുമെന്നും ഡിഎച്ച്എസ് വ്യക്തമാക്കി.
പുതിയ നിര്‍ദേശം ഇതുവരെ അന്തിമമായിട്ടില്ല. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ 30 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ഈ അഭിപ്രായങ്ങള്‍ പരിഗണിച്ചശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
നിയമം അന്തിമമാക്കി പ്രസിദ്ധീകരിച്ച് 60 ദിവസത്തിന് ശേഷമായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. കൂടാതെ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം ഒപിടി പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഈ ഫീസ് ബാധകമാവുകയുള്ളൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.