റിയാദ് വിമാനത്താവളത്തില്‍ ഹൂതി മിസൈലാക്രമണം: അഞ്ച് പേര്‍ക്ക് പരിക്ക്; കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കി

റിയാദ് വിമാനത്താവളത്തില്‍ ഹൂതി മിസൈലാക്രമണം: അഞ്ച് പേര്‍ക്ക് പരിക്ക്; കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കി

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി ഭീകരര്‍ നടത്തിയ മിസൈലാക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ഉഗ്രസ്‌ഫോടനത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായി. പരിക്കേറ്റവരെ ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായും ഗുരുതരമായ ചിലരെ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സുരക്ഷാ സാഹചര്യങ്ങള്‍ വഷളായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും ചില വിമാനങ്ങള്‍ ജിദ്ദയിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ഈ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ നിന്നും തിരിച്ചുമുള്ള പ്രധാന സൗദി സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ-കൊച്ചി-ജിദ്ദ റൂട്ടിലുള്ള എസ്.വി 764/763 വിമാനങ്ങളും, ആകാശ എയറിന്റെ ക്യുപി 551, ക്യുപി 550 സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ റിയാദില്‍ നിന്നുള്ള ഐ.എക്‌സ് 522 വിമാനവും റദ്ദാക്കിയിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് യാത്രക്കാര്‍ അതത് എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് അപ്‌ഡേറ്റ് ചെയ്ത വിവരങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.