ഡല്‍ഹിയില്‍ ഇന്ന് വീണ്ടും പ്രതിഷേധച്ചൂട്; ജന്തര്‍മന്തറില്‍ കനത്ത സുരക്ഷ, പ്രമുഖ നേതാക്കളുടെ തിരോധാനത്തില്‍ ആശങ്ക

ഡല്‍ഹിയില്‍ ഇന്ന് വീണ്ടും പ്രതിഷേധച്ചൂട്; ജന്തര്‍മന്തറില്‍ കനത്ത സുരക്ഷ, പ്രമുഖ നേതാക്കളുടെ തിരോധാനത്തില്‍ ആശങ്ക

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും ഇടത് സംഘടനകളും ജന്തര്‍മന്തറില്‍ ഇന്ന് വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതോടെ തലസ്ഥാന നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. ക്രമസമാധാന പാലനത്തിനായി ഡല്‍ഹി പൊലീസും കേന്ദ്ര സേനയുമായി പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യവിച്ചിട്ടുള്ളത്. സമരവുമായി ബന്ധപ്പെട്ട് രാവിലെ 10 ന് ജന്തര്‍മന്തറില്‍ പ്രതിഷേധ സമരം ആരംഭിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിനിടയില്‍ കസ്റ്റഡിയിലെടുത്ത പ്രമുഖരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലാത്തത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ, ഇന്‍ഫ്‌ളുവന്‍സര്‍ ധ്രുവ് റാഠി, നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇവര്‍ എവിടെയാണെന്നോ ഏത് തടങ്കല്‍ കേന്ദ്രത്തിലാണ് ഉള്ളതെന്നോ ഉള്ള വിവരങ്ങള്‍ ഇതുവരെ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും സിജെപി നേതൃത്വം ആവശ്യപ്പെട്ടു.

പ്രതിഷേധക്കാരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത ഡല്‍ഹി പൊലീസ് നടപടിക്കെതിരെ യു.എന്‍ മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മിഷണര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണെന്ന് വ്യക്തമാക്കി ഇന്ത്യ ഇതിനെ ശക്തമായി എതിര്‍ത്തു. മുംബൈയില്‍ നിന്ന് വിമാനത്തിലെത്തിയ ഉടന്‍ തന്നെ സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയെയും മറ്റും പൊലീസ് പിടികൂടിയിരുന്നു. ഈ സാഹചര്യത്തില്‍, ഇന്നത്തെ സമരത്തിന് സിജെപി ഓര്‍ഗനൈസേഷന്‍ ചാര്‍ജ് അജിന്‍ക്യ ഷിന്‍ഡെ നേതൃത്വം നല്‍കും.

ഇന്നലത്തെ പ്രക്ഷോഭത്തിനിടയില്‍ മുന്‍ മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, അരവിന്ദി കേജ്രിവാള്‍, മമത ബാനര്‍ജി എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വ്യാപകമായ പ്രതിഷേധങ്ങളും അറസ്റ്റുകളും നിലനില്‍ക്കുന്നതിനാല്‍ ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. തടവിലാക്കപ്പെട്ട നേതാക്കളുടെ മോചനവും സമരത്തിന്റെ തുടര്‍ന്നുള്ള നീക്കങ്ങളും സംബന്ധിച്ച വിഷയങ്ങള്‍ ദേശീയതലത്തില്‍ വന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.