ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ ചോദ്യം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് 10 പ്രതിപക്ഷ നേതാക്കളും നല്‍കിയ ഹര്‍ജി സുപ്രീം കോടതി രജിസ്ട്രി പരിശോധനയില്‍ തടസപ്പെട്ടു. ഹര്‍ജി സമര്‍പ്പണത്തില്‍ 14 സാങ്കേതിക പിഴവുകള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് കേസ് ലിസ്റ്റ് ചെയ്യുന്നതില്‍ കാലതാമസം നേരിടുന്നത്.
കോടതി ഫീസില്‍ വരുത്തിയ 220 രൂപയുടെ കുറവാണ് രജിസ്ട്രി കണ്ടെത്തിയ പ്രധാന ന്യൂനതകളിലൊന്ന്. ഹര്‍ജിയിലെ രണ്ടാം ഹര്‍ജിക്കാരനായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തിരിച്ചറിയല്‍ രേഖ വ്യക്തതയില്ലാത്തതാണെന്നും രേഖപ്പെടുത്തിയ മറ്റ് ഒമ്പത് പ്രതിപക്ഷ നേതാക്കള്‍ ഒപ്പുവെച്ച വക്കാലത്തുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി. സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സഞ്ജയ് റാവുത്ത്, എം.എ ബേബി, ഡി. രാജ, മഹുവ മാജി, സുപ്രിയ സുലെ, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരുടെ നിയമപരമായ അനുമതിപത്രങ്ങളാണ് ലഭ്യമാക്കേണ്ടത്.
ഇതിനുപുറമേ വോട്ടര്‍മാരെ ഒഴിവാക്കിയത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ 2025 ജൂണ്‍ 24 ലെ തിരുമാനങ്ങളടങ്ങിയ രേഖകളും പെന്‍ഡ്രൈവിലുള്ള ഡിജിറ്റല്‍ തെളിവുകളും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയിലെ സാങ്കേതിക വൈകല്യങ്ങള്‍ വക്കീല്‍ മുഖേന പരിഹരിച്ച ശേഷമേ കേസ് സുപ്രീം കോടതി ബെഞ്ചിന്റെ പരിഗണനയിലേക്ക് വരികയുള്ളൂ. വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിശോധിക്കാന്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും നിലവിലെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.