ജന്തര്‍ മന്ദിറില്‍ ഇനി സമരങ്ങള്‍ അനുവദിക്കില്ല; പ്രതിഷേധങ്ങള്‍ക്ക് മൂന്ന് പുതിയ സ്ഥലങ്ങള്‍ പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്

 ജന്തര്‍ മന്ദിറില്‍ ഇനി സമരങ്ങള്‍ അനുവദിക്കില്ല; പ്രതിഷേധങ്ങള്‍ക്ക് മൂന്ന് പുതിയ സ്ഥലങ്ങള്‍ പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കും ധര്‍ണകള്‍ക്കും നിശ്ചയിച്ചിരുന്ന ഔദ്യോഗിക വേദികളുടെ പട്ടികയില്‍ നിന്ന് ജന്തര്‍ മന്ദിറിനെ ഒഴിവാക്കി ഡല്‍ഹി പൊലീസ്. പകരമായി പഴയ ഡല്‍ഹിയിലെ രാംലീല മൈതാനം, കിഴക്കന്‍ ഡല്‍ഹിയിലെ സിബിഡി ഗ്രൗണ്ട്, വടക്കന്‍ ഡല്‍ഹിയിലെ ബുരാരി ഗ്രൗണ്ട് എന്നിങ്ങനെ മൂന്ന് പുതിയ സ്ഥലങ്ങള്‍ അനുവദിച്ചു.

കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ജന്തര്‍ മന്ദിറില്‍ സമാധാനപരമായ പ്രതിഷേധം നടത്താന്‍ അനുമതി തേടിയതിനെച്ചൊല്ലി ഡല്‍ഹി പൊലീസുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് തീരുമാനം. ജന്തര്‍ മന്ദിറില്‍ നിന്ന് രാംലീല മൈതാനത്തേക്ക് ഏകദേശം മൂന്ന് കിലോ മീറ്ററും സിബിഡി ഗ്രൗണ്ടിലേക്ക് 13.5 കിലോ മീറ്ററും ബുരാരി ഗ്രൗണ്ടിലേക്ക് 44 കിലോ മീറ്ററും ദൂരമുണ്ട്.

പ്രതിഷേധ വേദികള്‍ പുനക്രമീകരിച്ചുകൊണ്ട് 2022 ഏപ്രില്‍ 28 ലെ മുന്‍ ഉത്തരവാണ് പോലീസ് ഇപ്പോള്‍ ഭാഗികമായി ഭേദഗതി ചെയ്തിരിക്കുന്നത്. പുതിയ വേദികളില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്നീട് പുറത്തിറക്കുമെന്നും പൊലീസ് അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് മാറ്റമെന്നാണ് വിശദീകരണം. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കുള്ള വേദിയെന്ന നിലയില്‍ ജന്തര്‍ മന്ദിറിനെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി  ചൊവ്വാഴ്ച   പരിഗണിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.