ഹൂതി ആക്രമണങ്ങളില്‍ അടിപതറി സൗദി; പ്രതിരോധ വീഴ്ചയില്‍ അന്വേഷണം: മദ്ധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ഇറാന്‍

ഹൂതി ആക്രമണങ്ങളില്‍ അടിപതറി സൗദി; പ്രതിരോധ വീഴ്ചയില്‍ അന്വേഷണം: മദ്ധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ഇറാന്‍

റിയാദ്: അമേരിക്കയുടെ വ്യോമ പ്രതിരോധ സഹായമുണ്ടായിട്ടും യമനില്‍ നിന്നുള്ള ഹൂതി വ്യോമാക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാനാകാതെ സൗദി അറേബ്യ. ഇതുമൂലം മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ആശങ്കയിലാണ്.

ഇന്നലെയും മിസൈല്‍, ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന് സൗദി അറിയിച്ചു. ആളപായമോ നാശനഷ്ടമോ പുറത്തു വിട്ടില്ല. അരാംകോ പ്ലാന്റും എണ്ണ റിഫൈനറിയും ആക്രമിച്ചെന്ന് ഹൂതികള്‍ അവകാശപ്പെട്ട ഹൂതികള്‍, സൗദിയുടെ പ്രത്യാക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് അറിയിച്ചു.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടര്‍ച്ചയായി ഉണ്ടായ മാരക ആക്രമണങ്ങള്‍ ചെറുക്കാന്‍ കഴിയാത്തത് വലിയ പോരായ്മയായി. പ്രതിരോധ വീഴ്ച സംബന്ധിച്ച് സൗദി ആഭ്യന്തര അന്വേഷണം തുടങ്ങി.

ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാന്‍ തന്നെ ഒത്തുതീര്‍പ്പ് നിര്‍ദേശവുമായി സൗദിയെ സമീപിച്ചു. സൗദി, ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ ഫോണില്‍ ബന്ധപ്പെട്ടു. ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്നും മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ഇറാന്‍ അറിയിച്ചു.

റിയാദ് വിമാനത്താവളത്തിനു നേരെ ശനി, ഞായര്‍ ദിവസങ്ങളിലുണ്ടായ മിസൈലാക്രമണങ്ങളില്‍ തെലങ്കാന സ്വദേശി അടക്കം 14 പേരാണ് കൊല്ലപ്പെട്ടത്. വിമാനത്താവളം 17 വരെ അടച്ചിരിക്കുകയാണ്.

ഹൂതികള്‍ നൂറുകണക്കിന് വിലകുറഞ്ഞ ഡ്രോണുകള്‍ കൂട്ടത്തോടെ അയച്ച് വ്യോമപ്രതിരോധ സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ്. സൗദി അവയെ പ്രതിരോധിക്കുന്നതിനിടെ ക്രൂസ്, ബാലിസ്റ്റിക് മിസൈലുകള്‍ കൂട്ടത്തോടെ തൊടുക്കും. ചില മിസൈലുകളെങ്കിലും ലക്ഷ്യത്തിലെത്തും.

റഡാര്‍, ഇന്‍ഫ്രാറെഡ്, സോണാര്‍ ട്രാക്കിംഗ് സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കാന്‍ ശേഷിയുള്ള മിസൈലുകളും ഡ്രോണുകളും ഹൂതികളുടെ കൈവശമുണ്ട്. റഡാറുകളെ മറികടക്കാന്‍ താഴ്ന്ന് പറക്കുന്ന ക്രൂസ് മിസൈലുകളും അവരുടെ പക്കലുണ്ട്.

ഇറാനില്‍ നിന്നാണ് മിസൈലുകളും ഡ്രോണുകളും സാങ്കേതിക വിദ്യകളും ഹൂതികള്‍ക്ക് കിട്ടുന്നത്. ഇറാനില്‍ നിന്നും ചൈനയില്‍ നിന്നും അനധികൃതമായി കടത്തുന്ന മിസൈല്‍, ഇലക്ട്രോണിക് ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള രഹസ്യ കേന്ദ്രങ്ങള്‍ യമനിലുണ്ട്.

ഹൂതി ആക്രമണങ്ങളെ ചെറുക്കാന്‍ സൗദി പ്രയോഗിക്കുന്നത് അമേരിക്കയുടെ പേട്രിയറ്റ്, താഡ് അടക്കമുള്ള അത്യാധുനിക ഇന്റര്‍സെപ്റ്റര്‍ മിസൈലുകളാണ്. കോടിക്കണക്കിന് ഡോളര്‍ വിലയുള്ള ഇവയുടെ ശേഖരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, എണ്ണ കേന്ദ്രങ്ങള്‍ ആക്രമണത്തിനിരയാകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു.

അതിനിടെ ഹോര്‍മുസ് കടലിടുക്കിനു സമീപം എണ്ണ ടാങ്കറിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി. ഒമ്പത് ഇന്ത്യക്കാരെ രക്ഷിച്ചു. ഒമാനിലെ സൊഹാര്‍ തീരത്തിനു സമീപം നിക്കരാഗ്വ പതാക വഹിക്കുന്ന 'എം.ടി പെട്രോ ഡോള്‍ഫിന്‍' എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.

ഇന്ത്യന്‍ ജീവനക്കാരുമായി സഞ്ചരിച്ച മാര്‍ഷല്‍ ഐലന്‍ഡ്‌സ് പതാകയുള്ള'എം.ടി വാല്‍തേര' എന്ന കപ്പലും പിന്നാലെ ആക്രമിക്കപ്പെട്ടു. ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.