'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം അരുത്'; അഭിജിത് ദീപ്കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം അരുത്'; അഭിജിത് ദീപ്കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രക്ഷോഭത്തിനെത്തിയപ്പോള്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു.

മൂവരെയും ഇന്ന് രാവിലെ ഡല്‍ഹി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഒരു വര്‍ഷത്തേക്ക് ക്രമസമാധാനം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത് എന്ന നിബന്ധനയോടെയാണ് കോടതി മൂവരെയും മോചിപ്പിച്ചത്. പ്രത്യേക എക്സിക്യുട്ടീവ് മജിസ്ട്രേറ്റാണ് ഇവരെ വെറുതെന്ന് സിജെപി നിയമവിഭാഗം മേധാവി അഡ്വ. രത്ന സിങ് എക്സിലൂടെ അറിയിച്ചു.

ബിഎന്‍എസ്എസ് സെക്ഷന്‍ 126 (സമാധാനം നിലനിര്‍ത്തുന്നതിനുള്ള സുരക്ഷ), 170 (കോഗ്നിസബിള്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള അറസ്റ്റ്) എന്നിവയാണ് സിജെപി നേതാക്കള്‍ക്കെതിരെ ഡല്‍ഹി പൊലീസ് ചുമത്തിയിരുന്നത്. ഡല്‍ഹി ജന്തര്‍ മന്തറില്‍ ഇന്നലെ നടന്ന പ്രതിഷേധങ്ങളില്‍ എഴുനൂറോളം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചിരുന്നു. കരുതല്‍ കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ ധ്രു റാഠിയെയും രാവിലെ പൊലീസ് വീട്ടയച്ചു.

അതിനിടെ സിജെപി ഇന്നും ജന്തര്‍ മന്ദിറിലേക്ക് പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. പ്രതിഷേധങ്ങള്‍ മുന്‍കൂട്ടി കണ്ട് ഡല്‍ഹി നഗരത്തില്‍ 30,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചത്.

കൂടാതെ ആര്‍എഎഫ് അര്‍ദ്ധസൈനിക വിഭാഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. അക്ബര്‍ റോഡ്, ജനപഥ് മാര്‍ഗ് തുടങ്ങിയ പ്രധാന പാതകളില്‍ സുരക്ഷ ശക്തമാക്കി. കടുത്ത പരിശോധനകള്‍ക്ക് ശേഷമാണ് വാഹനങ്ങളെയും ആളുകളെയും കടത്തി വിടുന്നത്. ജന്തര്‍ മന്ദിറിലേക്കുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.