സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞു വെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണം; സുപ്രീം കോടതി

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞു വെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: സമാധാനപരമായി ഒത്തുകൂടുന്ന പ്രതിഷേധക്കാരെ പൊലീസ് അനധികൃതമായി തടങ്കലില്‍ വെക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി നിര്‍ദേശം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെയും (സിജെപി) പ്രതിപക്ഷ കക്ഷികളുടെയും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടതിനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനുമെതിരായ ഹര്‍ജികള്‍ പരിഗണിക്കാന്‍ ഞായറാഴ്ച ചേര്‍ന്ന പ്രത്യേക സിറ്റിങ്ങിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിര്‍ദേശം.

പൗരന്മാര്‍ക്ക് പ്രതിഷേധിക്കാന്‍ മൗലികാവകാശമുണ്ടെന്നും എന്നാല്‍ അത് പൊലീസ് ആക്ടിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടായിരിക്കണമെന്നും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

മെട്രോ, റെയില്‍വേ സര്‍വീസുകള്‍ തടസമില്ലാതെ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണമെന്നും നിയമപരമായ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായി തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

തികച്ചും അനിവാര്യമായ സാഹചര്യങ്ങളിലൊഴികെ ഡല്‍ഹി നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ അടിയന്തരമായി നീക്കം ചെയ്യണം. പൊതു ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായുള്ള സ്വാഭാവിക നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും വാഹന ഗതാഗതവും പുനസ്ഥാപിക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി.

കൂട്ടംകൂടുന്നത് നിരോധിച്ചുകൊണ്ട് ബിഎന്‍എസ്എസ് 2023 ലെ സെക്ഷന്‍ 163 പ്രകാരം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ അധികാരികളോട് കോടതി നിര്‍ദ്ദേശിച്ചു. സുപ്രീം കോടതിയുടെ പരിസരപ്രദേശങ്ങളിലും സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സുപ്രീം കോടതിയിലേക്കും മറ്റ് കോടതികളിലേക്കും അഭിഭാഷകര്‍ക്കും പൊതുജനങ്ങള്‍ക്കും വന്നുപോകുന്നതിനും നീതി ലഭ്യമാക്കുന്നതിനുമുള്ള അവസരങ്ങള്‍ക്ക് യാതൊരു തടസവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ ഈ നിയന്ത്രണം ഉടന്‍ നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. പൊതു ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാത്തിടത്തോളം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നും പരമോന്നത കോടതി നിര്‍ദേശം നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.