'അത് ജനങ്ങളുടെ നികുതിപ്പണമാണ്': ട്രംപിന്റെ പ്രചാരണ പരസ്യങ്ങള്‍ ഉടന്‍ റദ്ദാക്കണമെന്ന് യുഎസ് കോടതി ഉത്തരവ്

'അത് ജനങ്ങളുടെ നികുതിപ്പണമാണ്': ട്രംപിന്റെ പ്രചാരണ പരസ്യങ്ങള്‍ ഉടന്‍ റദ്ദാക്കണമെന്ന് യുഎസ് കോടതി ഉത്തരവ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സംപ്രേഷണം ചെയ്യുന്ന ടെലിവിഷന്‍ പരസ്യങ്ങള്‍ റദ്ദാക്കണമെന്ന് ഫെഡറല്‍ കോടതി നിര്‍ദേശം. ന്യൂയോര്‍ക്കിലെ യുഎസ് ജില്ലാ ജഡ്ജി ജെന്നിഫര്‍ എല്‍. റോക്കോണിന്റേതാണ് ഉത്തരവ്.

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രചാരണമാണ് പരസ്യങ്ങളെന്നും ഇത് നിയമ വിരുദ്ധമാണെന്നും ആരോപിച്ച് കോമണ്‍ കോസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. രണ്ടാഴ്ചത്തേക്കാണ് കോടതി പരസ്യങ്ങള്‍ വിലക്കിയത്.

ഈ കാലയളവില്‍ പുതിയ പരസ്യങ്ങള്‍ നിര്‍മിക്കാനോ പ്രചരിപ്പിക്കാനോ സംപ്രേഷണം ചെയ്യാനോ പുതിയ കരാറുകളില്‍ ഏര്‍പ്പെടാനോ പാടില്ല. നിലവിലുള്ള കരാറുകള്‍ പുതുക്കാനും പാടില്ല. ഞായറാഴ്ച രാത്രി സംപ്രേഷണം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന പരസ്യങ്ങള്‍ ഉള്‍പ്പെടെ ശേഷിക്കുന്നവ റദ്ദാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

പരസ്യങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണം അവസാനിപ്പിക്കുകയാണെന്ന് ഭരണകൂടം കോടതിയെ അറിയിച്ചിരുന്നു. എങ്കിലും ഭാവിയില്‍ ഇത്തരം പ്രചാരണമുണ്ടാകാതിരിക്കാനാണ് കോടതി പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ആണ് പരസ്യങ്ങള്‍ക്കായി രണ്ടുകോടി ഡോളര്‍ (ഏകദേശം 167 കോടി രൂപ) നീക്കി വെച്ചത്.

അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും സംഭവങ്ങളും അനുസ്മരിക്കുന്നതിനുള്ള ചെലവുകള്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി കോണ്‍ഗ്രസ് അനുവദിച്ച ഫണ്ടില്‍ നിന്നാണ് തുക കണ്ടെത്തിയതെന്ന് ഡിഎച്ച്എസ് ഉദ്യോഗസ്ഥ ഹോളി മെഹ്റിംഗര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.

എന്നാല്‍, കോണ്‍ഗ്രസ് അനുവദിച്ച പണം രാഷ്ട്രീയ പ്രചാരണത്തിനായി വിനിയോഗിക്കുന്നത് ഫെഡറല്‍ നിയമങ്ങളുടെ ലംഘനമാണെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.

പരസ്യങ്ങള്‍ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കുന്നതിനുള്ള പൊതുസേവന അറിയിപ്പുകള്‍ മാത്രമാണെന്നാണ് വൈറ്റ് ഹൗസിന്റെ വാദം. മുന്‍ ഭരണകൂടങ്ങളും നയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇത്തരം പരസ്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഭരണകൂടം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ നിലവിലെ പരസ്യങ്ങള്‍ പ്രത്യേക സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ജനങ്ങളിലെത്തിക്കുന്നതിനു പകരം ട്രംപിന്റെ രാഷ്ട്രീയ സന്ദേശങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. സെപ്റ്റംബര്‍ അവസാനത്തോടെയാണ് പരസ്യങ്ങള്‍ സംപ്രേഷണം ചെയ്തു തുടങ്ങിയത്.

കമ്യൂണിസത്തിന്റെ ഭീഷണിയെക്കുറിച്ച് ട്രംപ് സംസാരിക്കുന്ന ദൃശ്യങ്ങളും അദ്ദേഹത്തിന്റെ മുന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിച്ച പരസ്യത്തിന്റെ പുനസംപ്രേഷണവും ഇതിലുണ്ട്.

വെനസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയെ ട്രംപ് ഭരണകൂടം പിടികൂടിയ സംഭവത്തെ കേന്ദ്രീകരിച്ചുള്ള അഞ്ചാമത്തെ പരസ്യം ചൊവ്വാഴ്ച സംപ്രേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രംപിന്റെ രാഷ്ട്രീയ നിലപാടുകളുമായി യോജിക്കുന്ന സന്ദേശങ്ങളാണ് പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.

വിവാദ പരസ്യങ്ങള്‍ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുപോലും വിമര്‍ശനം ഉയര്‍ന്നിരുന്നു. നികുതിദായകരുടെ പണം ഇതിനായി ചെലവഴിക്കരുതെന്ന് സെനറ്റര്‍ ജോണ്‍ ത്യൂണ്‍ പ്രതികരിച്ചു. അതേസമയം, പരസ്യങ്ങള്‍ക്കായി ഇനി രാഷ്ട്രീയ ഫണ്ടില്‍ നിന്ന് പണം ചെലവഴിക്കുമെന്ന് ട്രംപ് ഒക്ടോബര്‍ അഞ്ചിലെ സമൂഹമാധ്യമ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതുവരെ സര്‍ക്കാര്‍ ചെലവഴിച്ച തുക തിരികെ നല്‍കാന്‍ ഉടന്‍ പദ്ധതിയില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.