ന്യൂയോര്‍ക്ക്: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സഹോദരനും ക്യാന്‍സര്‍ ചികിത്സയിലെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഡെബോറ പ്രെവോസ്റ്റ്. മാര്‍പാപ്പയുടെ മൂത്ത സഹോദരനായ ലൂയിസ് പ്രെവോസ്റ്റാണ് രക്താര്‍ബുദ രോഗത്തിന് ചികിത്സയില്‍ തുടരുന്നത്.
മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചെന്നും ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്‌തെന്നും വത്തിക്കാന്‍ അറിയിച്ചതിന് പിന്നാലെയാണ് ലൂയിസ് പ്രെവോസ്റ്റിന്റെ ഭാര്യ ഡെബോറ പ്രെവോസ്റ്റ് സിബിഎസ് ന്യൂസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
മാര്‍പാപ്പയ്ക്ക് പള്‍മണറി അഡിനോകാര്‍സിനോമയും സഹോദരനായ ലൂയിസിന് മള്‍ട്ടിപ്പിള്‍ മൈലോമയുമാണ്. ക്യാന്‍സറിന്റെ രണ്ട് വ്യത്യസ്ഥ വകഭേദങ്ങളാണിവ. 2017 ലാണ് മാര്‍പാപ്പയുടെ സഹോദരന് ആദ്യം രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ തേടിയെങ്കിലും മൂന്നുമാസം മുന്‍പ് വീണ്ടും രോഗം ബാധിച്ചെന്നും ഫ്‌ളോറിഡയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അവര്‍ വ്യക്തമാക്കി.
വളരെ പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് കുടുംബം കടന്നു പോകുന്നത്. എന്നാല്‍ രണ്ട് സഹോദരങ്ങള്‍ക്കും വേണ്ടി ധൈര്യം കൈവിടാതെ മുന്നോട്ടു പോവുകയാണെന്നും ലൂയിസ് പ്രെവോസ്റ്റിന്റെ ഭാര്യ പറഞ്ഞു.
ആശുപത്രിയില്‍ പോകുന്നതിന് മുന്‍പ് മാര്‍പാപ്പയുമായി സംസാരിച്ചിരുന്നു. വൈകാതെ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും അത് എങ്ങനെയാണെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു. ഞങ്ങള്‍ എല്ലാവരും അവര്‍ രണ്ടുപേര്‍ക്കും വേണ്ടി പ്രാര്‍ഥനയിലാണ്. അവരുടെ മനോധൈര്യം നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ഡെബോറ പ്രെവോസ്റ്റ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചതായി വത്തിക്കാന്‍ അറിയിച്ചത്. വലത് ശ്വാസകോശത്തിന്റെ താഴെയുണ്ടായിരുന്ന മുഴ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തതായും വത്തിക്കാന്‍ അറിയിച്ചിരുന്നു. സുഖം പ്രാപിച്ച് വരുന്ന മാര്‍പാപ്പ ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.