ബ്രിസ്ബെയ്ൻ: ആസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ ദയാവധം വഴി ജീവനൊടുക്കുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർധനവ് രേഖപ്പെടുത്തുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 1,082 പേരാണ് സംസ്ഥാനത്ത് ഈ മാർഗ്ഗത്തിലൂടെ ജീവിനൊടുക്കിയത് എന്ന് ക്വീൻസ്ലാൻഡ് വോളണ്ടറി അസിസ്റ്റഡ് ഡൈയിംഗ് റിവ്യൂ ബോർഡിന്റെ നാലാമത് വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പ്രമുഖ കാത്തലിക് വാർത്താ മാധ്യമമായ 'ദി കാത്തലിക് ലീഡർ' ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ദയാവധത്തിനായി സ്വന്തമായി മരുന്ന് കഴിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്. ആകെ നടന്ന ദയാവധങ്ങളിൽ 836 എണ്ണം ഡോക്ടർമാരുടെ സഹായത്തോടെയും 246 എണ്ണം വ്യക്തികൾ സ്വന്തം നിലയിലും ആണ് നടത്തിയത്.
കൂടാതെ ദയാവധത്തിനായി അപേക്ഷിക്കുകയും എന്നാൽ മരുന്ന് സ്വീകരിക്കുന്നതിന് മുൻപ് തന്നെ സ്വാഭാവികമായി മരണപ്പെടുകയും ചെയ്ത 805 വ്യക്തികൾ വേറെയുമുണ്ട്. നിയമം നിലവിൽ വന്നതുമുതലുള്ള നാല് വർഷങ്ങളിലും ഇത്തരത്തിൽ അപേക്ഷയ്ക്ക് ശേഷം സ്വാഭാവിക മരണം സംഭവിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവിൽ സംസ്ഥാനത്തെ ആകെ മരണങ്ങളിൽ മൂന്ന് ശതമാനത്തോളം ദയാവധം വഴിയാണ് സംഭവിക്കുന്നത്. റിവ്യൂ ബോർഡ് ചെയർപേഴ്സണായ അസോസിയേറ്റ് പ്രൊഫസർ ഹെലൻ ഇർവിങ്, രോഗികളെ ദയയോടും അന്തസ്സോടും കൂടി പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചു. ക്വീൻസ്ലാൻഡിലെ ദയാവധ നടപടികൾ സുരക്ഷിതവും നീതിയുക്തവും ഉയർന്ന നിലവാരമുള്ളതുമായി നിലനിർത്തുന്നതിനുള്ള നിർദേശങ്ങൾ ബോർഡ് സ്വാഗതം ചെയ്യുന്നതായും അവർ വ്യക്തമാക്കി.
അതേസമയം, ഡിമെൻഷ്യ ബാധിച്ച വ്യക്തികളെയും നിലവിലുള്ള പ്രോഗ്നോസിസ് ആവശ്യകതകളെയും ഇതിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് റിവ്യൂ ബോർഡ് ഇപ്പോൾ കൂടിയാലോചനകൾ നടത്തിവരികയാണ്. ദയാവധത്തിന് അർഹരായി കണ്ടെത്തിയവരിൽ 77 ശതമാനവും കാൻസർ ബാധിതരാണ്. ഇതിനുപുറമേ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ 9 ശതമാനവും, നാഡീവ്യൂഹ സംബന്ധമായ തകരാറുകൾ 6 ശതമാനവും, മറ്റ് രോഗാവസ്ഥകൾ ഏഴ് ശതമാനവും വരും.
മനുഷ്യജീവന്റെ പവിത്രത ഉയർത്തിപ്പിടിക്കുന്ന കത്തോലിക്കാ സമൂഹത്തിനും ആരോഗ്യ പ്രവർത്തകർക്കും വലിയ ആശങ്കയാണ് ഈ റിപ്പോർട്ട് സമ്മാനിക്കുന്നത്. പാലിയേറ്റീവ് കെയർ സേവനങ്ങൾ ലഭിക്കുന്നതിലെ അന്തരം ഈ ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്. ആദ്യ ഘട്ട വിലയിരുത്തലിന് വിധേയരായവരിൽ 76 ശതപേരും നിലവിലോ മുൻപോ പാലിയേറ്റീവ് കെയർ സേവനങ്ങൾ പ്രയോജനപ്പെടുത്തിയിട്ടുള്ളവരാണെങ്കിലും 503 ആളുകൾക്ക് (22 ശതമാനം) തങ്ങളുടെ ആദ്യ വിലയിരുത്തൽ സമയത്ത് പാലിയേറ്റീവ് കെയറുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
മുൻപ് 2023-24 കാലഘട്ടത്തിൽ ഇത് 359 ആയിരുന്നുവെങ്കിൽ 2025-26 ആയപ്പോഴേക്കും പാലിയേറ്റീവ് കെയർ സേവനങ്ങൾ ലഭിക്കാതെ VAD പ്രക്രിയയിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം 503 ആയി ഉയർന്നു. രണ്ട് വർഷത്തിനുള്ളിൽ 40 ശതമാനത്തിന്റെ വർധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്.
രോഗികൾക്ക് അന്തിമകാലത്ത് സാന്ത്വന പരിചരണവും ജീവന്റെ സംരക്ഷണവും ഉറപ്പാക്കുന്നതിന് പകരം ദയാവധം തിരഞ്ഞെടുക്കുന്ന പ്രവണത സമൂഹത്തിൽ ആശങ്കാജനകമായി വളരുകയാണെന്ന് കാത്തലിക് ഹെൽത്ത് അഡ്വക്കേറ്റുകൾ ചൂണ്ടിക്കാണിക്കുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.