മുംബൈ; അച്ഛന്റെ രണ്ടാം വിവാഹത്തില്‍ സംശയം തോന്നിയാല്‍ അത് ചോദ്യം ചെയ്യാന്‍ മക്കള്‍ക്ക് അവകാശമുണ്ടെന്ന് ബോംബൈ ഹൈക്കോടതി. സ്വത്ത് തര്‍ക്കം സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അച്ഛന്‍ മരിച്ചതിന് പിന്നാലെയാണ് രണ്ടാനമ്മയ്ക്കെതിരെ മകള്‍ കോടതിയെ സമീപിച്ചത്. ആദ്യത്തെ ബന്ധം വേര്‍പെടുത്താതെയാണ് തന്റെ അച്ഛനെ വിവാഹം കഴിച്ചതെന്നും അതിനാല്‍ വിവാഹം റദ്ദാക്കണം എന്നുമായിരുന്നു മകളുടെ ആവശ്യം.
എന്നാൽ പിതാവിന്റെ രണ്ടാം വിവാഹം അസാധുവാക്കണമെന്നാവശ്യപ്പെടാന്‍ മകള്‍ക്കു കഴിയില്ലെന്ന കുടുംബക്കോടതിയുടെ വിധി തള്ളിയ ഹൈക്കോടതി, ഈ കേസ് വീണ്ടും പരിഗണിച്ച് ആറു മാസത്തിനുള്ളില്‍ വിധി പ്രഖ്യാപിക്കാനും നിര്‍ദേശിച്ചു. പിതാവിന്റെ രണ്ടാം വിവാഹത്തിന്റെ സാധുത ചോദ്യംചെയ്‌ത് 66 വയസുള്ള മകള്‍ നല്‍കിയ പരാതിയിലാണ് ജസ്‌റ്റിസുമാരായ ആര്‍.ഡി. ധനുക, വി.ജി. ബിഷ്‌ട് എന്നിവരുടെ നടപടി
2003-ലാണ് അച്ഛന്‍ പുനര്‍വിവാഹം നടത്തുന്നത്. അച്ഛന്റെ മരണശേഷം 2016-ലാണ് രണ്ടാനമ്മ ആദ്യ വിവാഹത്തില്‍നിന്ന് മോചനം നേടിയിട്ടില്ലെന്ന് അറിയുന്നത്. അതിനാല്‍ വിവാഹം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് മകള്‍ കുടുംബ കോടതിയെ സമീപിക്കുന്നത്. വിവാഹബന്ധത്തെ ചോദ്യം ചെയ്യാന്‍ ഭാര്യക്കും ഭര്‍ത്താവിനും മാത്രമേ അവകാശമുള്ളൂവെന്നും മക്കള്‍ക്കില്ലെന്നുമുള്ള രണ്ടാനമ്മയുടെ വാദം അംഗീകരിച്ച് ഹര്‍ജി കുടുംബകോടതി തള്ളി.
2003-ല്‍ നടന്ന വിവാഹത്തെ 2016-ല്‍ ചോദ്യംചെയ്യുന്നതിലെ യുക്തിയും രണ്ടാനമ്മ ചോദ്യംചെയ്തിരുന്നു.
ഇതിനെതിരേ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. 2015-ലാണ് അച്ഛന്‍ മരിച്ചത്. രണ്ടാനമ്മ ആദ്യ വിവാഹത്തില്‍ നിന്ന് മോചനം നേടിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണെന്നും ഉടനെത്തന്നെ കുടുംബകോടതിയെ സമീപിക്കുകയായിരുന്നുവെന്നും പരാതിക്കാരി ഹൈക്കോടതിയില്‍ പറഞ്ഞു. ഇത് അംഗീകരിച്ച ഹൈക്കോടതി, കുടുംബകോടതി വിധി റദ്ദാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.