തിരുവനന്തപുരം: സംസ്ഥാനത്തെ ബേക്കറികള്‍ വഴി ഹോര്‍ട്ടി വൈന്‍ വില്ക്കാന് അനുമതി നല്കിയ വിവാദ ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന് നിര്‍ദേശം നല്കി.
സര്‍ക്കാരിന്റെ അനുമതി തേടാതെയാണ് ഇത്തരമൊരു ഉത്തരവ് പുറത്തു വന്നതെന്നാണ് സൂചന. ഇക്കാര്യത്തിലുള്ള അതൃപ്തി എക്സൈസ് മന്ത്രി എം. ലിജു നേരത്തെ പ്രകടമാക്കിയിരുന്നു. വിവാദമായ ഉത്തരവിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.
സംഭവത്തില്‍ എക്സൈസ് മന്ത്രി എക്സൈസ് കമ്മീഷണറോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ബേക്കറി വഴിയുള്ള വൈന്‍ വിതരണത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ നിയമപരമായ ചട്ടങ്ങള്‍ പാലിച്ചു കൊണ്ടാണ് നടപടിയെന്നാണ് എക്സൈസ് കമ്മീഷണറേറ്റിന്റെ വിശദീകരണം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിക്കപ്പെട്ട അപേക്ഷയിലാണ് ഇപ്പോള്‍ വില്പനയ്ക്കുള്ള ഉത്തരവിറക്കിയത്.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഹോര്‍ട്ടി വൈന്‍ വില്പന നടത്താനുള്ള ലൈസന്‍സ് അനുവദിച്ചത്. 10,000 രൂപ വാര്‍ഷിക ഫീസ് അടച്ച് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് എടുക്കാമെന്നും വില്പനയിലൂടെ 20 ശതമാനം കമ്മീഷന് സ്ഥാപനങ്ങള്‍ക്ക് ലഭിക്കുമെന്നുമായിരുന്നു ഉത്തരവിലെ വ്യവസ്ഥ.
ഹോര്‍ട്ടി വൈനിന് നിലവില്‍ 86 ശതമാനം നികുതി ഘടനയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഈ നികുതി ഘടന വളരെ കൂടുതലാണെന്നും ഇതില്‍ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ട് സംരംഭകരും സര്‍ക്കാരിനെ സമീപിച്ചിരുന്നു.
ബേക്കറികള്‍ പോലുള്ള സാധാരണ വ്യാപാര സ്ഥാപനങ്ങള്‍ വഴി മദ്യത്തിന്റെ ഗണത്തില്‍പ്പെടുന്ന 15 ശതമാനത്തോളം വീര്യമുള്ള വൈന്‍ വില്‍ക്കുന്നത് സമൂഹത്തില്‍ വലിയ തോതില്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.