ജന്തര്‍ മന്തറില്‍ ഇനി പ്രതിഷേധിക്കില്ല: ഉറപ്പ് നല്‍കിയ സി.ജെ.പി നേതാക്കള്‍ക്ക് ജാമ്യം; തിഹാര്‍ ജയിലില്‍ നിന്ന് മോചിതരായി

ജന്തര്‍ മന്തറില്‍ ഇനി പ്രതിഷേധിക്കില്ല: ഉറപ്പ് നല്‍കിയ സി.ജെ.പി നേതാക്കള്‍ക്ക് ജാമ്യം; തിഹാര്‍ ജയിലില്‍ നിന്ന് മോചിതരായി

ന്യൂഡല്‍ഹി: ജന്തര്‍ മന്തര്‍ ഔദ്യോഗികമായി സമരകേന്ദ്രമായി പ്രഖ്യാപിക്കുന്നത് വരെ അവിടെ യാതൊരുവിധ പ്രതിഷേധങ്ങളും സംഘടിപ്പിക്കില്ലെന്നും അതിനായി ആഹ്വാനം ചെയ്യില്ലെന്നും കോടതിയില്‍ ഉറപ്പ് ല്‍കി സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും. നേതാക്കളുടെ ഉറപ്പ് മാനിച്ചും കോടതിയെ അധിക്ഷേപിച്ചതില്‍ മാപ്പപേക്ഷിച്ചതും പരിഗണിച്ചും സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി ഇരുവരെയും തിഹാര്‍ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവിട്ടു.

ജന്തര്‍ മന്തര്‍ അംഗീകൃത സമര കേന്ദ്രമാകുന്നതുവരെ അവിടെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കില്ലെന്നും ക്രമസമാധാനം തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും ചൂണ്ടിക്കാട്ടി ഇരുവരും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഭാവിയില്‍ നടത്തുന്ന എല്ലാ പ്രതിഷേധങ്ങളും തികച്ചും ഭരണഘടനാ പരമായ അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മാത്രമായിരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളിലൂടെ മജിസ്‌ട്രേറ്റ് കോടതിയെ അധിക്ഷേപിക്കുന്ന രീതിയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ നേതാക്കളുടെ അഭിഭാഷകര്‍ കോടതിയോട് വ്യക്തമായി മാപ്പപേക്ഷിക്കുകയും ഭാവിയില്‍ ഇത്തരം പെരുമാറ്റങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

50,000 രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യവും ഹാജരാക്കിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. കേസിലെ തുടര്‍ന്നുള്ള അന്വേഷണ നടപടികളുമായി പൂര്‍ണമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് തുടര്‍ നടപടികള്‍ക്കായി ഒക്ടോബര്‍ 23 ന് വൈകുന്നേരം മൂന്ന് മണിക്ക് കോടതി വീണ്ടും പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.