ഡല്‍ഹി ഹൈക്കോടതിയില്‍ വാദപ്രതിവാദങ്ങള്‍: ഭരണമാറ്റം ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്ന് നേഹ ബോറ

ഡല്‍ഹി ഹൈക്കോടതിയില്‍ വാദപ്രതിവാദങ്ങള്‍: ഭരണമാറ്റം ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്ന് നേഹ ബോറ

ന്യൂഡല്‍ഹി: ജനാധിപത്യ സംവിധാനത്തില്‍ ഭരണമാറ്റം ആവശ്യപ്പെടുന്നത് തെറ്റല്ലെന്നും പൗരന്മാര്‍ക്ക് ദേശീയ പതാക ഉയര്‍ത്താന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ഐസ ദേശീയ അധ്യക്ഷ നേഹ ബോറ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ സമാധാന ബോണ്ട് ഒപ്പിടാന്‍ ആവശ്യപ്പെട്ടുള്ള പൊലീസ് നോട്ടീസിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വാദങ്ങളുണ്ടായത്.

വാദം കേള്‍ക്കലിനിടെ, നേഹ ബോറ പങ്കെടുത്ത സംയുക്ത പത്ര സമ്മേളനത്തിന്റെ വിശദാംശങ്ങളും പ്രസ്താവനകളും ഡല്‍ഹി പൊലീസിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഭരണമാറ്റത്തിനായുള്ള പോരാട്ടമാണെന്ന് യോഗത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും ബോറ അതിന്റെ ഭാഗമായിരുന്നുവെന്നും അദേഹം വാദിച്ചു. എന്നാല്‍ ബോറ അത്തരത്തില്‍ സംസാരിച്ചിട്ടില്ലെന്നും ജനാധിപത്യത്തില്‍ ഭരണമാറ്റം ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നും ബോറയെ പ്രതിനിധീകരിച്ച സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ മറുപടി നല്‍കി. വോട്ടിലൂടെയാണ് ഭരണമാറ്റം വരേണ്ടതെന്നും അല്ലാതെ ഡല്‍ഹിയുടെ ഹൃദയഭാഗത്ത് ആള്‍ക്കൂട്ടം തടിച്ചുകൂടിയല്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇതിനെ എതിര്‍ത്തു.

രണ്ടര മണിക്കൂറിലധികം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് കേസ് വിധി പറയുന്നതിനായി മാറ്റിവെച്ചു. അനുമതിയില്ലാതെ ദേശീയ പതാക ഉയര്‍ത്തിയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് തനിക്ക് നോട്ടീസ് നല്‍കിയതെന്ന് ബോറ കോടതിയില്‍ വ്യക്തമാക്കി. നോട്ടീസ് നല്‍കുന്നതിന് മുമ്പ് കൃത്യമായ അന്വേഷണങ്ങളോ വസ്തു പരിശോധനയോ നടന്നിട്ടുണ്ടോ എന്ന് കോടതി പൊലീസിനോട് ആരാഞ്ഞു. ഉത്തരവ് വരുന്നത് വരെ ഹര്‍ജിക്കാരിക്ക് എതിരായ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാന്‍ കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.