അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം. പലയിടങ്ങളിലും ഇരു രാജ്യങ്ങളുടെയും സുരക്ഷാ സേനകള്‍ തമ്മില്‍ സംഘര്‍ഷം നടക്കുകയാണെന്ന് ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) ഡയറക്ടര്‍ ജനറല്‍ ശത്രുജീത് കപൂര്‍ വ്യക്തമാക്കി.

സ്ഥിരീകരണത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

കഴിഞ്ഞ ജൂലൈ മാസം മുതല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള തന്ത്രപ്രധാനമായ ടാക്‌സിംഗ് മേഖലയില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സുരക്ഷാ സേനയുടെ പട്രോളിംഗ് തടസപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍ വരുന്ന സാഹചര്യമുണ്ടായതെന്നും ഇപ്പോഴും സംഘര്‍ഷം തുടരുകയാണെന്നും ഐടിബിപി ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പങ്കെടുത്ത ബ്രിക്‌സ് ഉച്ചകോടിയുടെ സമയത്തും അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ചൈനയുമായുള്ള അതിര്‍ത്തിയാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞതെന്നും നിലവിലെ സാഹചര്യങ്ങളെ നേരിടാന്‍ പ്രത്യേക കോംബാറ്റ് ട്രെയിനിംഗ് പ്രോഗ്രാമും അതിര്‍ത്തി യൂണിറ്റുകളില്‍ ഡ്രോണ്‍ പ്ലാറ്റൂണുകളും സജ്ജമാക്കിയിട്ടുണ്ടെന്നും ശത്രുജീത് കപൂര്‍ പറഞ്ഞു.

ഐടിബിപി മേധാവിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മൗനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി.

സ്വയം പ്രഖ്യാപിത വിശ്വഗുരു ചൈനയ്ക്ക് മുന്നില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയും സര്‍ക്കാരും മൗനം പാലിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അരുണാചലിലെ ഗ്രാമങ്ങളുടെ പേര് മാറ്റുന്നതിനൊപ്പം അതിര്‍ത്തിയില്‍ ചൈന വലിയ അണക്കെട്ട് നിര്‍മിച്ച് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.