ഇറാന്‍ അതിര്‍ത്തിക്ക് സമീപം ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ പരിശീലന അഭ്യാസം നടത്തിയതായി യുഎസ് മാധ്യമം.
യുദ്ധത്തിന്റെ ഭാഗമായി അമേരിക്കന്‍ പൗരന്മാര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെങ്കിലും ഇറാനെ ആണവായുധ ശേഷി കൈവരിക്കാന്‍ അനുവദിക്കില്ലെന്ന് ട്രംപ്.
അമേരിക്ക വീണ്ടും ആക്രമണം നടത്തിയാല്‍ ആണവായുധം ഉപയോഗിക്കാന്‍ ഭരണകൂടം അനുമതി നല്‍കണമെന്ന് ഇറാന്‍ പാര്‍ലമെന്റിന്റെ ഭരണകാര്യ സമിതി തലവന്‍.
വാഷിങ്ടണ്‍: ഇറാനെതിരെ ഇസ്രയേലുമായി സഹകരിച്ച് കനത്ത ആക്രമണം പുനരാരംഭിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ഇസ്രയേല്‍ പ്രതിരോധ സേനയും യുഎസ് സൈന്യവും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയാല്‍ ആക്രമണം പുനരാരംഭിക്കും. ഇറാനെതിരെ ആക്രമണത്തിന് വൈകേണ്ടതില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ സംയുക്ത ആക്രമണങ്ങള്‍ എന്ന് പുനരാരംഭിക്കണമെന്ന തീരുമാനം ട്രംപിന്റേതാണ്.
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ യുദ്ധം സ്വാധീനം ചെലുത്തുമോയെന്ന ചോദ്യത്തിന്, വോട്ടര്‍മാര്‍ യുദ്ധത്തെ ഇഷ്ടപ്പെടുമെന്നായിരുന്നു ട്രംപിന്റെ മറുപടി. യുദ്ധത്തിന്റെ ഭാഗമായി അമേരിക്കന്‍ പൗരന്മാര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് അറിയാമെന്നും ട്രംപ് പറഞ്ഞു. ഇറാനെ ആണവായുധശേഷി കൈവരിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
എന്നാല്‍ നവംബര്‍ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് യുഎസ് ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ പുനരാരംഭിക്കില്ലെന്ന് വൈറ്റ് ഹൗസ് വ്യാഴാഴ്ച വ്യക്തമാക്കി.
അതേസമയം, അമേരിക്ക വീണ്ടും ആക്രമണം നടത്തിയാല്‍ ആണവായുധം ഉപയോഗിക്കാന്‍ ഭരണകൂടം അനുമതി നല്‍കണമെന്ന് ഇറാന്‍ പാര്‍ലമെന്റിന്റെ ഭരണകാര്യ സമിതി തലവന്‍ ആവശ്യപ്പെട്ടു. ഇനി അക്രമണം ഉണ്ടായാല്‍ തിരിച്ചടിക്ക് പരിധിയുണ്ടാവില്ലെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ഇറാനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ട്രംപ് നേരത്തെ തള്ളിയിരുന്നു. ഖത്തര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ വഴി അമേരിക്കയുമായി പരോക്ഷ ചര്‍ച്ചകള്‍ തുടരുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.
അതിനിടെ, ഇറാന്‍ അതിര്‍ത്തിക്ക് സമീപം ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ച പരിശീലന അഭ്യാസം നടത്തിയതായി അമേരിക്കന്‍ മാധ്യമമായ ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 27 ന് ഇസ്രയേലില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ സൈനിക നീക്കങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.