'ന്യായ്' വഴി 72,000 രൂപ, സൗജന്യ കിറ്റ്, അരി, ക്ഷേമ പെന്‍ഷന്‍ 3000: നിരവധി വാഗ്ദാനങ്ങളുമായി യുഡിഫ് പ്രകടന പത്രിക

'ന്യായ്' വഴി 72,000 രൂപ, സൗജന്യ കിറ്റ്, അരി, ക്ഷേമ പെന്‍ഷന്‍ 3000: നിരവധി വാഗ്ദാനങ്ങളുമായി യുഡിഫ് പ്രകടന പത്രിക

തിരുവനന്തപുരം: സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72000 രൂപ ഉറപ്പാക്കുമെന്ന് യുഡിഎഫ് പ്രകടന പത്രിക. ഈ പദ്ധയില്‍ ഉള്‍പ്പെടാത്ത വീട്ടമ്മമാര്‍ക്ക് മാസം രണ്ടായിരം രൂപ പെന്‍ഷന്‍ നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച ന്യായ് പദ്ധതിയാണ് പ്രകടന പത്രികയുടെ കാതലെന്ന് കമ്മിറ്റി കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. ഈ പദ്ധതി പ്രകാരമാണ് പാവപ്പെട്ടവര്‍ക്ക് 72,000 രൂപ നല്‍കുക. പ്രതിമാസം ആറായിരം രൂപയാണ് അക്കൗണ്ടില്‍ എത്തിക്കും.

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപയാക്കും. ശമ്പള പെന്‍ഷന്‍ മാതൃകയില്‍ ക്ഷേമ പെന്‍ഷന്‍ രൂപീകരിക്കും. വെള്ള റേഷന്‍ കാര്‍ഡുള്ള എല്ലാവര്‍ക്കും അഞ്ചു കിലോ അരി നല്‍കും. 40 മുതല്‍ 60 വയസുവരെയുള്ള പ്രായമുള്ള, ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത വീട്ടമ്മമാര്‍ക്ക് മാസം രണ്ടായിരം രൂപ നല്‍കും.

ലൈഫ് പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ച് നടപ്പാക്കും. അര്‍ഹരായ അഞ്ചു ലക്ഷം പേര്‍ക്കു വീടു വച്ചു നല്‍കും. കോവിഡ് ദുരിത നിവാരണത്തിന് കമ്മിഷന്‍ കൊണ്ടുവരും. റബറിന് 250 രൂപയും നെല്ലിന് 30 രൂപയും തേങ്ങയ്ക്ക് 40 രൂപയും താങ്ങുവില നിശ്ചയിക്കും
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും, 700 രൂപ മിനിമം കൂലിയാക്കും.

പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും. രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും. കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പാക്കും. മത്സ്യത്തൊഴിലാളി ബോട്ടുകള്‍ക്ക് ഇന്ധന സബ്‌സിഡി നല്‍കും. ഓട്ടോ, ടാക്സികള്‍ക്കും ഇന്ധന സബ്്സിഡി നല്‍കും.
എല്ലാ ഉപഭോക്താക്കള്‍ക്കും നൂറു യൂണിറ്റ് വൈദ്യുതി സൗജന്യമാക്കും. കാരുണ്യ പദ്ധതി പുനസ്ഥാപിക്കും. സംസ്ഥാനത്താകെ ബില്‍ രഹിത ആശുപത്രി സംവിധാനം കൊണ്ടുവരും. പിഎസ്സിയില്‍ ഒഴിവു കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കും. ശബരിമല ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.