സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അതിശക്തമായ ചുഴലിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അതിശക്തമായ ചുഴലിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദ്ദം തീവ്ര ന്യൂന മര്‍ദ്ദമായി മാറിയതായും അതിശക്തമായ ചുഴക്കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തീവ്ര ന്യൂന മര്‍ദ്ദം അതിശക്തമായ ചുഴലിക്കാറ്റായി മാറി ബുധനാഴ്ച രാവിലെയോടെ ആന്ധ്രാപ്രദേശ്-യാനം തീരങ്ങള്‍ക്കിടയിലൂടെ വിശാഖ പട്ടണത്തിനും ബാപട്ലയ്ക്കും ഇടയില്‍ മണിക്കൂറില്‍ 140 കിലോ മീറ്റര്‍ വരെ വേഗതയില്‍ കര തൊടാന്‍ സാധ്യയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വിവിധ ജില്ലകളില്‍ ശക്തമായ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍ അറബിക്കടലില്‍ കേരള തീരത്തോട് ചേര്‍ന്നുള്ള ന്യൂന മര്‍ദവും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദ്ദവുമാണ് മഴ കനക്കാന്‍ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നഗരത്തിലടക്കം കനത്ത മഴ തുടരുകയാണ്. ശക്തമായ മഴക്ക് പിന്നാലെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ മിക്കയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. തിങ്കളാഴ്ച പാലക്കാടും ഇടുക്കിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ വിനോദ സഞ്ചാരം പൂര്‍ണമായും നിരോധിച്ചു. ദുരന്ത സാധ്യത പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.