പാര്‍ട്ട് ടൈം ജോബ് തട്ടിപ്പുകള്‍ വ്യാപകം; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

 പാര്‍ട്ട് ടൈം ജോബ് തട്ടിപ്പുകള്‍ വ്യാപകം; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ദുബായ്: പാര്‍ട്ട് ടൈം ജോലികള്‍ വാഗ്ദാനം ചെയ്ത് ബാങ്കിങ് വിവരങ്ങള്‍ ചോര്‍ത്തുന്ന തട്ടിപ്പുകള്‍ വ്യാപകമായിരിക്കെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലെ ആന്റി ഫ്രോഡ് സെന്ററാണ് വ്യാജ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയത്.

ഒക്ടോബര്‍ സൈബര്‍ സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന 'എ സേഫ് യുഎഇ സ്റ്റാര്‍ട്ട്‌സ് വിത്ത് യുവര്‍ ഡിജിറ്റല്‍ അവെയര്‍നസ്' പ്രചാരണത്തിന്റെ ഭാഗമായാണ് നടപടി.

കൂടുതല്‍ വരുമാനം ആഗ്രഹിക്കുന്നവരാണ് തട്ടിപ്പുകാരുടെ മുഖ്യ ഇരകള്‍. ഇത്തരക്കാരെ ലക്ഷ്യമിട്ട് ആകര്‍ഷകമായ പാര്‍ട്ട് ടൈം ജോലികള്‍ നല്‍കാം എന്ന പേരിലാണ് തട്ടിപ്പുകാര്‍ പരസ്യങ്ങള്‍ നല്‍കുന്നത്.

വ്യക്തിഗത ബാങ്കിങ് വിവരങ്ങള്‍ കൈക്കലാക്കുക, അല്ലെങ്കില്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പണമിടപാടുകള്‍ നടത്താന്‍ ഉദ്യോഗാര്‍ത്ഥികളെ ഉപയോഗിക്കുക എന്നിവയാണ് ഇവരുടെ പ്രധാന ലക്ഷ്യം.

സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് പണം സ്വീകരിച്ച് കമ്മീഷന്‍ വ്യവസ്ഥയില്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുന്നത് ഗുരുതരമായ തട്ടിപ്പിന്റെ ലക്ഷണമാണ്. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നവരുമായുള്ള ആശയ വിനിമയം ഉടന്‍ അവസാനിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് പൊലീസ് നല്‍കുന്നത്.

ജോലിയില്‍ പ്രവേശിക്കുന്നതിനോ വിവരങ്ങള്‍ കൈമാറുന്നതിനോ മുമ്പ് സ്ഥാപനത്തിന് നിയമപരമായ അംഗീകാരമുണ്ടെന്ന് ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ ഉറപ്പുവരുത്തണം. ഒരു ജോലിക്കായി ഉദ്യോഗാര്‍ഥികളില്‍ നിന്ന് സ്ഥാപനങ്ങള്‍ പണം ആവശ്യപ്പെടാറില്ല. ജോലി വാഗ്ദാനം ചെയ്യുന്നവരുമായി ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഒ.ടി.പി സന്ദേശങ്ങളോ യാതൊരു കാരണവശാലും പങ്കുവെക്കരുത്.

സോഷ്യല്‍ മീഡിയ വഴിയോ മെസേജിങ് ആപ്പുകള്‍ വഴിയോ വരുന്ന അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും അധികൃതര്‍ ആവര്‍ത്തിച്ചു. സംശയാസ്പദമായ തൊഴില്‍ പരസ്യങ്ങളോ ലിങ്കുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബായ് പൊലീസിന്റെ eCrime പ്ലാറ്റ്ഫോം വഴിയോ 901 എന്ന നമ്പറില്‍ വിളിച്ചോ ഉടന്‍ വിവരമറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.