ടെല്‍അവീവ്: ഇസ്രയേലിന്റെ 78 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ പൊതുതിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനും തുടര്‍ന്ന് ഗാസയില്‍ ഉടലെടുത്ത ദീര്‍ഘകാല യുദ്ധത്തിനും ശേഷമുള്ള ആദ്യ ജനവിധിയാണിത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന ജനഹിതപരിശോധന കൂടിയാണ് ഈ തിരഞ്ഞെടുപ്പ്.
വോട്ടെടുപ്പ് പൂര്‍ത്തിയായാലും ഒരു പുതിയ സര്‍ക്കാരുണ്ടാകാന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. ഇസ്രയേലിലെ സങ്കീര്‍ണമായ പാര്‍ലമെന്ററി മുന്നണി സംവിധാനമാണ് ഇതിന് കാരണം. ഭരണകക്ഷിയായ ലികുഡ് പാര്‍ട്ടിയെയും തീവ്ര വലതുപക്ഷ സഖ്യങ്ങളെയും നയിക്കുന്ന നെതന്യാഹുവിന് ഇത്തവണ ശക്തമായ വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്. മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ട് നയിക്കുന്ന യഷാര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമാണ് പ്രധാന എതിരാളികള്‍. മൂന്ന് വര്‍ഷം നീണ്ട യുദ്ധക്കെടുതികളില്‍ തളര്‍ന്ന ജനങ്ങള്‍ക്കിടയില്‍ ഐസന്‍കോട്ടിന്റെ സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട്. അവസാന നിമിഷങ്ങളിലെ അഭിപ്രായ സര്‍വേകളില്‍ ഐസന്‍കോട്ടിനാണ് നേരിയ മുന്‍തൂക്ഷം പ്രവചിക്കുന്നത്.
തിരഞ്ഞെടുപ്പ് ദിനം രാജ്യത്ത് പൊതു അവധിയായിരിക്കും. സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. ഭൂരിഭാഗം സ്ഥലങ്ങളിലും പ്രാദേശിക സമയം രാവിലെ ഏഴ് രാത്രി 10 വരെയാണ് വോട്ടെടുപ്പ്. 18 വയസ് പൂര്‍ത്തിയായ പൗരന്മാര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. വിദേശത്തുള്ള പൗരന്മാര്‍ക്ക് ഇത്തവണ വോട്ടവകാശമില്ല. രാജ്യത്തെ 20 ശതമാനത്തോളം വരുന്ന അറബ് പൗരന്മാരുടെ പോളിങ് ശതമാനം ഇത്തവണത്തെ ഫലത്തില്‍ വലിയ സ്വാധീനം ചെലുത്തും.
120 സീറ്റുകളുള്ള ഇസ്രയേല്‍ പാര്‍ലമെന്റായ നെസ്‌സറ്റിലേക്ക് ആനുപാതിക പ്രാതിനിധ്യ രീതിയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ഥികള്‍ക്കല്ല മറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നത്. പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ ഒരു പാര്‍ട്ടിക്ക് കുറഞ്ഞത് 3.25 ശതമാനം വോട്ടുകള്‍ ലഭിക്കണം. തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം നവംബര്‍ നാലോടെയേ പുറത്തുവരൂ. ഇസ്രയേലില്‍ ഒരു പാര്‍ട്ടിക്ക് മാത്രമായി ഒരിക്കലും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 61 സീറ്റുകളുടെ ഭൂരിപക്ഷം ആവശ്യമാണ്.
ഫലം വന്ന് ഏഴ് ദിവസത്തിനകം ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തും. മുന്നണി ഉണ്ടാക്കാന്‍ സാധ്യതയുള്ള നേതാവിനെ 28 ദിവസത്തെ സമയപരിധിയോടെ ക്ഷണിക്കും. ഇത് പരാജയപ്പെട്ടാല്‍ മറ്റ് നേതാക്കള്‍ക്ക് അവസരം നല്‍കും. ഒരു കക്ഷിക്കും ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ രാജ്യം വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. സാധാരണയായി 20 മുതല്‍ 100 ദിവസം വരെ സര്‍ക്കാര്‍ രൂപീകരണത്തിന് എടുക്കാറുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.