അമിത് ഷായ്ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം: രാഹുല്‍ ഗാന്ധിയെ കുറ്റവിമുക്തനാക്കി കോടതി

അമിത് ഷായ്ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം: രാഹുല്‍ ഗാന്ധിയെ കുറ്റവിമുക്തനാക്കി കോടതി

ലക്നൗ: മാനനഷ്ടക്കേസില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ പ്രത്യേക കോടതിയുടേതാണ് വിധി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച് അപകീര്‍ത്തിപ്പെടുത്തിയ കേസിലാണ് രാഹുല്‍ കുറ്റവിമുക്തനായത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അപകീര്‍ത്തിപരമായ ഒന്നും ഇല്ലെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ശുഭം വര്‍മ വ്യക്തമാക്കി.

വിധി കേള്‍ക്കാനായി രാഹുല്‍ ഗാന്ധി സുല്‍ത്താന്‍പൂര്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കോടതി വിധിയെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ് 'സത്യമേവ ജയതേ' എന്ന് ട്വീറ്റ് ചെയ്തു.

2018 ലാണ് കേസിനാസ്പദമായ വിവാദ പരാമര്‍ശം ഉണ്ടായത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗളൂരൂവില്‍ നടന്ന പ്രചാരണത്തിനിടെയാണ് അമിത് ഷായ്ക്കെതിരെ രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ബിജെപി നേതാവായ വിജയ് മിശ്രയാണ് സുല്‍ത്താന്‍പൂര്‍ കോടതിയെ സമീപിച്ചത്.

'ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ഒരു കൊലക്കേസ് പ്രതിയാണെന്ന കാര്യം ഇന്ത്യയിലെ ജനങ്ങള്‍ മറന്നു പോകുന്നു. അതാണ് സത്യം. സത്യസന്ധതയെക്കുറിച്ചും മാന്യതയെക്കുറിച്ചും വാചാലരാകുന്ന പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തിരിക്കുന്നത് കൊലക്കുറ്റം ആരോപിക്കപ്പെട്ട ഒരാളാണ്' എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിനെ കുറിച്ച് പരാമര്‍ശിക്കവേയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

കേസില്‍ ഒക്ടോബര്‍ 13 ന് വിധി പ്രസ്താവിക്കുമെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് തിയതി മാറ്റുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.എസ് ചീമയുടെ നേതൃത്വത്തില്‍ അഭിഭാഷകരായ കാശി ശുക്ല, തരന്നും ചീമ, പ്രസന്ന എസ്, ആകാശ് സിംഗ് എന്നിവരാണ് രാഹുല്‍ ഗാന്ധിക്കായി കോടതിയില്‍ ഹാജരായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.