പ്രക്ഷോഭം മുതലെടുത്ത് ചോരപ്പുഴയൊഴുക്കാന്‍ ഭീകര സംഘടനകളുടെ നീക്കം; അതീവ ജാഗ്രതയില്‍ യൂറോപ്പ്

പ്രക്ഷോഭം മുതലെടുത്ത് ചോരപ്പുഴയൊഴുക്കാന്‍  ഭീകര സംഘടനകളുടെ നീക്കം; അതീവ ജാഗ്രതയില്‍ യൂറോപ്പ്

പ്രക്ഷോഭകര്‍ക്കും പൊലീസുകാര്‍ക്കും നേരെ ചാവേര്‍ ബോംബാക്രമണങ്ങള്‍ നടത്താനും വാഹനം ഇടിച്ചു കയറ്റാനുമാണ് ചില ഇസ്ലാമിക ഭീകര ഗ്രൂപ്പുകളുടെ ആഹ്വാനം.

പാരീസ്: ഫ്രാന്‍സിലും ഇറ്റലിയിലുമടക്കം യൂറോപ്യന്‍ രാജ്യങ്ങളില്‍ തുടരുന്ന പ്രക്ഷോഭങ്ങള്‍ അവസരമാക്കാന്‍ ഭീകര സംഘടനകള്‍ പദ്ധതിയിടുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയില്‍.

പ്രക്ഷോഭകര്‍ക്കും പൊലീസുകാര്‍ക്കും നേരെ ചാവേര്‍ ബോംബാക്രമണങ്ങള്‍ നടത്താനും വാഹനം ഇടിച്ചു കയറ്റാനുമാണ് ചില ഇസ്ലാമിക ഭീകര ഗ്രൂപ്പുകളുടെ ആഹ്വാനം. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള പ്ലാറ്റ്‌ഫോമുകളില്‍ പ്രസിദ്ധീകരിച്ച ആഭ്യന്തര സന്ദേശങ്ങള്‍ സ്പാനിഷ് അധികൃതര്‍ കണ്ടെത്തിയതോടെയാണ് വിവരം പുറത്തായത്.

ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ അപകട സാധ്യതയേറിയ മേഖലകള്‍ അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രാദേശിക പങ്കാളികളുടെ സഹകരണത്തോടെ ഭീഷണി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് പോര്‍ച്ചുഗലിലെ സുരക്ഷാ ഏജന്‍സിയായ ഇന്റേണല്‍ സെക്യൂരിറ്റി സിസ്റ്റം (എസ്.എസ്.ഐ) സ്ഥിരീകരിച്ചു.

ലക്ഷക്കണക്കിന് പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്, പ്രത്യേകിച്ച് ഫ്രാന്‍സില്‍ ഭീകര സംഘടനകള്‍ക്ക് അവരുടെ അജണ്ടകള്‍ നടപ്പാക്കാനുള്ള അപൂര്‍വ്വ അവസരം നല്‍കുമെന്ന് സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേഷന്‍ ഓഫീസിന്റെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായി സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി തുടങ്ങിയവ ഉന്നയിച്ചാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. അതിനിടെ ഫ്രാന്‍സില്‍ ശനിയാഴ്ചത്തെ ദേശീയ പ്രക്ഷോഭത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 1,300 കടന്നു. പ്രക്ഷോഭം വലിയ കലാപമായി മാറാതെ നിയന്ത്രിക്കാന്‍ പൊലീസിനായി. അനധികൃത സംഘടനകളുടെ സമരം വിലക്കിയതും പാരീസ്, ലിയോണ്‍, മാര്‍സേയ് നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതും ഗുണം ചെയ്തു

പ്രക്ഷോഭകാരികള്‍ പ്രകോപനം സൃഷ്ടിച്ചത് പൊലീസുമായുള്ള ഏറ്റുമുട്ടലിന് ഇടയാക്കി. നിരവധി പേര്‍ക്ക് പരിക്കേറ്റു, 75 തീവയ്പ്പുകളും കടകള്‍ കൊള്ളയടിച്ച 24 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ പാലസ്തീന്‍ പതാകയേന്തിയ പ്രക്ഷോഭകര്‍ റോമിലെ ചരിത്ര പ്രസിദ്ധമായ കൊളോസിയത്തില്‍ അതിക്രമിച്ചു കയറി അക്രമം അഴിച്ചു വിട്ടു. പൊലീസും സൈന്യവും ചേര്‍ന്ന് പ്രക്ഷോഭകാരികളെ തുരത്തി

മറ്റുചില യൂറോപ്യന്‍ രാജ്യങ്ങളിലും പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ 120 ലേറെ പേര്‍ അറസ്റ്റിലായി. അല്‍ബേനിയയിലെ ടിരാനയിലും ബെല്‍ജിയത്തിലെ ബ്രസല്‍സിലും യുവാക്കള്‍ പൊലീസുമായി ഏറ്റുമുട്ടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.