തിരുവനന്തപുരം: നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ വര്‍ധിപ്പിച്ചത് പ്രവാസികള്‍ക്ക് തിരിച്ചടിയായി. മുന്നറിയിപ്പില്ലാതെ പ്രീമിയം വര്‍ധിപ്പിച്ചെന്നാണ് ഉപയോക്താക്കളുടെ പരാതി.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലോകകേരള സഭയില്‍ ഉയര്‍ന്ന ആശയങ്ങളിലൊന്നാണ് നോര്‍ക്ക കെയര്‍ പദ്ധതിയായി മാറിയത്. മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികളെ അപേക്ഷിച്ച് ലളിതമായ നടപടിക്രമങ്ങളും കുറഞ്ഞ പ്രീമിയവുമായിരുന്നു പദ്ധതിയുടെ പ്രധാന ആകര്‍ഷണം.
നാലംഗ കുടുംബത്തിന് 13,411 രൂപയായിരുന്നു നേരത്തേ വാര്‍ഷിക പ്രീമിയം. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ഇന്‍ഷുറന്‍സ് പുതുക്കാന്‍ ശ്രമിച്ചപ്പോഴാണ് തുക വര്‍ധിച്ച വിവരം പലരും അറിഞ്ഞത്. പ്രീമിയം വര്‍ധന സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി.
പുതിയ നിരക്കുകള്‍ പ്രകാരം 60 വയസിന് താഴെയുള്ള നാലംഗ കുടുംബത്തിന് 21,000 രൂപയിലധികം നല്‍കേണ്ടി വരും. 60 വയസിന് മുകളിലുള്ള അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് ചെലവ് ഇനിയും ഉയര്‍ന്നേക്കും.
അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ള പ്രായാധിഷ്ഠിത പ്രീമിയം നിരക്കുകളിലും വലിയ വ്യത്യാസമുണ്ട്. 18 മുതല്‍ 30 വയസുവരെയുള്ളവര്‍ക്ക് 13,036 രൂപയും 31 മുതല്‍ 40 വയസുവരെയുള്ളവര്‍ക്ക് 15,869 രൂപയുമാണ് വാര്‍ഷിക പ്രീമിയം.
41 മുതല്‍ 50 വയസുവരെയുള്ളവര്‍ക്ക് 21,964 രൂപയും 51 മുതല്‍ 60 വയസുവരെയുള്ളവര്‍ക്ക് 35,664 രൂപയും നല്‍കണം. പ്രായം കൂടുന്നതിനനുസരിച്ച് പ്രീമിയം തുക ഉയരുന്നത് പ്രവാസി കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
പണമടച്ച ഉടന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നതും നിലവിലുള്ള അസുഖങ്ങള്‍ക്കുള്ള ചികിത്സയും നിശ്ചിത പരിധിക്കുള്ളില്‍ ഉള്‍പ്പെടുമെന്നതും പ്രായപരിധിയില്ലെന്നതുമായിരുന്നു പദ്ധതിയുടെ പ്രധാന ആകര്‍ഷണങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉപേക്ഷിച്ച് നോര്‍ക്ക കെയറിലേക്ക് മാറിയവരുമുണ്ട്. എന്നാല്‍ പുതുക്കല്‍ സമയത്തെ പ്രീമിയം വര്‍ധന ഇവര്‍ക്ക് അധിക സാമ്പത്തിക ഭാരമാകുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.