പനജി: ഇന്ത്യന്‍ നാവിക സേനയുടെ കരുത്ത് തെളിയിക്കുന്ന നിര്‍ണായക നാഴികക്കല്ലായി തദേശീയ വിമാന വാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്തില്‍ ഫ്രഞ്ച് നിര്‍മ്മിത റഫാല്‍ മറൈന്‍ പോര്‍ വിമാനം വിജയകരമായി ലാന്‍ഡ് ചെയ്തു. ഒക്ടോബര്‍ 29 ന് ഗോവ തീരത്തിന് സമീപം നടന്ന ആദ്യ ഘട്ട പരീക്ഷണപ്പറക്കലിലാണ് ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഈ നേട്ടം കൈവരിച്ചത്. റഫാല്‍ മറൈന്‍ വിമാനങ്ങളെ നാവികസേനയില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തുന്നതിന് മുന്നോടിയായി, കപ്പലിലെ പ്രവര്‍ത്തന സംവിധാനങ്ങളുമായി ഇവയെ എത്രത്തോളം സംയോജിപ്പിക്കാന്‍ സാധിക്കുമെന്ന് വിലയിരുത്തുന്നതിനാണ് ഈ പരീക്ഷണം നടത്തിയത്. വിക്രാന്തുമായുള്ള സഹകരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഈ വിലയിരുത്തലുകള്‍ സഹായിക്കും.
ഈ അത്യാധുനിക പോര്‍ വിമാനങ്ങള്‍ സ്വന്തമാക്കുന്നതിനായി 63,000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യ ഫ്രാന്‍സുമായി ഒപ്പുവെച്ചിരിക്കുന്നത്. 2025 ഏപ്രില്‍ 28 ന് നിലവില്‍ വന്ന ഈ കരാര്‍ പ്രകാരം 22 സിംഗിള്‍ സീറ്റര്‍ പോര്‍ വിമാനങ്ങളും 4 ട്വിന്‍ സീറ്റര്‍ പരിശീലന വിമാനങ്ങളും അടക്കം 26 റഫാല്‍ മറൈന്‍ വിമാനങ്ങളാണ് നാവിക സേനയുടെ ഭാഗമാകുന്നത്. 2030 ഓടെ വിമാനങ്ങളുടെ വിതരണം പൂര്‍ണമായും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സംയുക്ത പരിശീലനം നിലവില്‍ നല്‍കിവരുന്നുണ്ട്.
വെറുമൊരു വിമാനം വാങ്ങല്‍ കരാറിനപ്പുറം ഇന്ത്യയുടെ പ്രതിരോധ നിര്‍മ്മാണ മേഖലയ്ക്കും ഈ കരാര്‍ വലിയ ഊര്‍ജ്ജം നല്‍കും. ഇന്ത്യയില്‍ നിര്‍മ്മിച്ച തദ്ദേശീയ ആയുധങ്ങള്‍ ഈ വിമാനങ്ങളില്‍ ഘടിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യാ കൈമാറ്റവും കരാറിന്റെ ഭാഗമാണ്. കൂടാതെ, റഫാല്‍ വിമാനങ്ങളുടെ ഫ്യൂസ്ലേജ് നിര്‍മ്മാണ കേന്ദ്രങ്ങളും, ഇവയുടെ എഞ്ചിന്‍, സെന്‍സറുകള്‍, ആയുധങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കായുള്ള അത്യാധുനിക സൗകര്യങ്ങളും ഇന്ത്യയില്‍ തന്നെ സ്ഥാപിക്കും.
നിലവില്‍ ഫ്രഞ്ച് നാവികസേന മാത്രം ഉപയോഗിക്കുന്ന റഫാല്‍ മറൈന്‍ വിമാനങ്ങള്‍ കടലിലും കരയിലുമുള്ള ആക്രമണങ്ങള്‍ക്കും ഒപ്പം ശക്തമായ വ്യോമപ്രതിരോധത്തിനും ഒരുപോലെ പ്രാപ്തമാണ്. ഈ പോര്‍വിമാനങ്ങളുടെ ആഗമനം ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നാവികസേനയുടെ ആക്രമണശേഷിയും നിരീക്ഷണ കരുത്തും വര്‍ദ്ധിപ്പിക്കുകയും തന്ത്രപ്രധാനമായ മേധാവിത്വം ഉറപ്പാക്കാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.