ന്യൂ സൗത്ത് വെയില്‍സില്‍ പ്രളയക്കെടുതി തുടരുന്നു; ഡാമുകള്‍ കരകവിഞ്ഞൊഴുകി

ന്യൂ സൗത്ത് വെയില്‍സില്‍ പ്രളയക്കെടുതി തുടരുന്നു; ഡാമുകള്‍ കരകവിഞ്ഞൊഴുകി

സിഡ്നി: കനത്ത മഴയില്‍ സിഡ്‌നിയിലെ ഏറ്റവും വലിയ ജലസംഭരണിയായ വാറഗാംബ ഡാം കരകവിഞ്ഞൊഴുകിയതോടെ സമീപപ്രദേശങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനത്തേക്കു മാറിത്താമസിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സെന്‍ട്രല്‍ സിഡ്‌നിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള വാറഗാംബ ഡാം ഇന്ന് ഉച്ചയോടെയാണ് കരകവിഞ്ഞൊഴുകിയത്.

ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്താകെ 48 മണിക്കൂറുകളായി പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. നിരവധി നഗരങ്ങള്‍ വെള്ളത്തിനടിയിലാണ്. പലയിടത്തും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മഴ ആരംഭിച്ചതുമുതല്‍ സഹായത്തിനായി 3200 ലധികം കോളുകളാണ്് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിസ് ലഭിച്ചത്്. പ്രളയത്തില്‍ ഒറ്റപ്പെട്ട 335 പേരെ കഴിഞ്ഞ രാത്രിയില്‍ രക്ഷപ്പെടുത്തി. പലരും വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ മൃഗങ്ങള്‍ ഒറ്റപ്പെട്ടു. കാറുകളിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.



ഒരു ദശാബ്ദത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പലയിടങ്ങളിലും 300 മില്ലിമീറ്ററിലധികം മഴ ലഭിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ മൂലം റോഡ് ഗതാഗതം താറുമാറായതോടെ ജനജീവിതം ദുഃസഹമായി. ഡാമുകളായ നേപ്പിയന്‍, കാറ്ററാക്ട്, കോര്‍ഡക്സ്, അവോണ്‍ എന്നിവയും പൂര്‍ണ സംഭരണശേഷിയിലെത്തി ശനിയാഴ്ച ഉച്ചയോടെ കരകവിഞ്ഞൊഴുകി. ന്യൂ സൗത്ത് വെയില്‍സ് വടക്കന്‍ തീരത്ത് പ്രക്ഷുബ്ധമായ ടാസ്മാന്‍ കടല്‍ കരയിലേക്ക് ആഞ്ഞടിക്കുകയാണ്. ഹേസ്റ്റിംഗ്സ്, കാംഡന്‍ ഹേവന്‍ നദികള്‍ റെക്കോര്‍ഡ് നിലയിലെത്തി. കനത്ത മഴ വ്യാഴാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഓസ്‌ട്രേലിയയുടെ കിഴക്കു പടിഞ്ഞാറു ദിശകളില്‍ രണ്ട് കൊടുങ്കാറ്റുകള്‍ രൂപപ്പെടുന്നതിനാല്‍ എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായി മഴ പെയ്യും.

താഴ്ന്ന പ്രദേശങ്ങളായ താരി, ഡുമറെസ്‌ക് ദ്വീപ്, കണ്ട്ടൗണ്‍, സെന്‍ട്രല്‍ വിംഗ്ഹാം, വിംഗ്ഹാം പെനിന്‍സുലര്‍ എന്നിവിടങ്ങളില്‍ ജനങ്ങളെ ഇന്നു രാവിലെ ഒഴിപ്പിച്ചു. കെംപ്‌സി, പോര്‍ട്ട് മക്വാരി, നോര്‍ത്ത് ഹാവന്‍, ഡണ്‍ബോഗന്‍, കാംഡെന്‍ ഹെഡ്, ലോറിറ്റണ്‍ എന്നിവിടങ്ങളിലും ഒഴിയാനുള്ള ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. പോര്‍ട്ട് മക്വാരിക്ക് സമീപം ഹേസ്റ്റിംഗ്സ് നദി 12.1 മീറ്റര്‍ ഉയര്‍ന്നു. എട്ടുവര്‍ഷത്തിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.