ഹവാല, സ്വര്‍ണക്കടത്ത്, ഫെമ; സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇ.ഡിയുടെ വ്യാപക റെയ്ഡ്

ഹവാല, സ്വര്‍ണക്കടത്ത്, ഫെമ; സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇ.ഡിയുടെ വ്യാപക റെയ്ഡ്

കോഴിക്കോട്: ഹവാല, സ്വര്‍ണക്കടത്ത് ഇടപാടുകള്‍, വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) എന്നിവയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വ്യാപക പരിശോധന നടത്തുന്നു.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ പത്തിടങ്ങളിലാണ് ഇന്ന് രാവിലെ മുതല്‍ ഇ.ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്.വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിലവിലെ പരിശോധന.

സംസ്ഥാനത്തു നിന്ന് അനധികൃതമായി ഹവാല വഴി പണം കടത്തുന്ന പ്രധാന ഓപ്പറേറ്റര്‍മാരെയും സ്വര്‍ണക്കടത്തിന് സാമ്പത്തിക സഹായം നല്‍കുന്നവരെയും കേന്ദ്രീകരിച്ചാണ് ഇ.ഡിയുടെ നീക്കം. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും അനുബന്ധ കേന്ദ്രങ്ങളിലും ഒരേസമയം പരിശോധന നടക്കുന്നുണ്ട്.

സമീപകാലത്ത് സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്വര്‍ണക്കടത്ത് കേസുകളുടെയും വിദേശത്തുനിന്ന് ഹവാല വഴി കള്ളപ്പണം എത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ ഈ നിര്‍ണായക നടപടി.

കാസര്‍കോട് ജില്ലയില്‍ രണ്ടിടങ്ങളിലാണ് പരിശോധന. തളങ്കര ബാങ്കോടുള്ള അഹമ്മദ് സമീര്‍ അബൂബക്കറിന്റെ 'സൈനബ മന്‍സില്‍' എന്ന വീട്ടിലും ചെമ്പിരിക്ക ചന്ദ്രഗിരിയിലുള്ള ഷാഫി ചെമ്പിരിക്കയുടെ 'ചാപ്പ ഹൗസിലുമാണ്' ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.

കണ്ണൂര്‍ ഇരിവേരിയിലെ മുഹമ്മദ് വലീദ് പാലപ്പെട്ടിയുടെ വട്ടക്കണ്ടി ഹൗസ്, കോഴിക്കോട് കുന്നമംഗലത്തുള്ള മുഹമ്മദ് ജൗഹര്‍ എം.കെയുടെ വീട്, കൊയിലാണ്ടി മടക്കരയിലെ നൗഷാദ് വളപ്പിലിന്റെ വീട്. മലപ്പുറം വേങ്ങര ചേരൂരിലുള്ള മുഹമ്മദ് ആഷിഖ് കല്ലുപറമ്പന്റെ വീട്, താനൂര്‍ കെ. പുരത്തുള്ള യൂനസിന്റെ പാലക്കാവളപ്പില്‍ ഹൗസ്, പാലക്കാട് കുമരനല്ലൂരിലുള്ള അബ്ദുള്‍ റൗഫിന്റെ കാകിടി ഹൗസ് എന്നിവിടങ്ങളിലാണ് പരിശോധന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.