ബസിലിക്ക
ബസിലിക്ക സംവിധാനം ഗ്രീക്ക് - റോമൻ പാരമ്പര്യങ്ങളിൽ നിന്നും ഉരുതിരിഞ്ഞതാണു. ഗ്രീക്കു മൂലത്തിൽ നിന്നാണ് ഈ വാക്ക് രൂപം കൊണ്ടത്. ഗ്രീസിലെ രാജാക്കന്മാരുടെ ട്രിബ്യുണൽ ചേംബർ ആയിരുന്നു ബസിലിക്ക. പുരാതന റോമിലെ ചില ടൗൺ ഹാളുകൾക്കും ഈ പേരു ലഭിച്ചു.
ഈ സംവിധാനത്തെ അനുകരിച്ചു നിർമ്മിച്ച ക്രിസ്ത്യൻ ദൈവാലയങ്ങളും ഈ പേരു സ്വീകരിക്കുകയുണ്ടായി. പിന്നീട് പുതിയ രീതിയിൽ പണിത പാശ്ചാത്യ രാജ്യങ്ങളിലെ പല പള്ളികളും ഈ പേരു സ്വീകരിച്ചു. റോമിലെ പ്രധാനപ്പെട്ട ദൈവാലയങ്ങളിൽ മിക്കതും ബസിലിക്കകളായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ വത്തിക്കാനിൽ റോമാ സിംഹസനത്തിന്റെ പരിധിയിൽ പെട്ട സെന്റ് ജോൺ ലാറ്റരൽ കത്തീഡ്രൽ, സെന്റ് പോൾസ്, സെന്റ് പീറ്റേഴ്സ്,മേരി മേജർ ദൈവാലയം എന്നീ നാലു പള്ളികൾ മാത്രം ആണ് മേജർ ബസിലിക്കകളായിട്ടുള്ളത്. മറ്റുള്ളതെല്ലാം മൈനർ ബസിലിക്കകളാണ്. വേറൊരു ഭാഷയിൽ പറഞ്ഞാൽ ശ്രേഷ്ഠ ദൈവാലയം.ഈ പദവിയിലേക്കാണ് ചമ്പക്കുളം പള്ളി ഉയർത്തപ്പെട്ടിരിക്കുന്നത്. ബസിലിക പദവിയെ കുറിച്ചു പറയുന്നതു, "സഭയുടെ പരമാധ്യക്ഷന്റെ ഹൃദയത്തുടിപ്പ് പ്രതിഫലിപ്പിക്കുന്ന ദൈവാലയം എന്നാണ്."
ചങ്ങനാശ്ശേരി അതിരൂപതയിലെ ആദ്യത്തെ ബസിലിക്കയാണ് ചമ്പക്കുളം പള്ളി. 160-ൽ പരം രൂപതകളും 10000 കണക്കിന് ഇടവകകളും ഉള്ള ഇന്ത്യയിൽ 23 ബസിലിക്കകളാണുള്ളത്. ചുരുക്കി പറഞ്ഞാൽ ഇങ്ങനെയുള്ള സ്ഥാനങ്ങൾ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉണ്ടാക്കുന്നു. ക്രിസ്തീയ ജീവിതം കൂടുതൽ തെളിമയോടെ നയിച്ചു ലോകത്തിനു സാക്ഷികളാകാനും കർമ്മനിരതകാനുമുള്ള പരിശുദ്ധമായ ഒരു ക്ഷണമാണ് ഈ പദവി നൽകൽ.
ഈ ശ്രേഷ്ട പദവി ലഭിച്ചതോടെ റോമാ സിംഹസനത്തോടും പരിശുദ്ധ മാർപ്പാപ്പയോടും ഇടവക ജനം പ്രത്യേക അടുപ്പത്തിലായിരിക്കുന്നു. കൂടാതെ ദൈവരാധനയുടെയും ഇടയ ശുശ്രൂഷയുടെയും മാതൃകാ ദൈവാലയം കൂടി ആയിത്തീരണം ബസിലിക്ക. ഇവിടെയെത്തി കുമ്പസാരിച്ചു കുർബാന സ്വീകരിച്ചു പരിശുദ്ധ പിതാവിന്റെ നിയോഗത്തിനായി പ്രാർത്ഥിക്കുന്നവർക്ക് പൂർണ ദണ്ടവിമോചനവും ലഭിക്കുന്നു.

ബസിലിക്കയുടെ സ്ഥാനിക ചിഹ്നത്തിന്റെ പടമാണ് മുകളിൽ കൊടുത്തിരിക്കുന്നതു. ഇതിൽ വിലങ്ങനെയുള്ള രണ്ടു താക്കോലുകളുണ്ട് (ക്രൊസ്ഡ് കീസ്). ഇതിലൊന്ന് സ്വർണ്ണ നിറത്തിലും മറ്റൊന്ന് വെള്ളി നിറത്തിലുമാണ്. ഈശോ പത്രോസ് ശ്ലീഹായ്ക്ക് നൽകിയ ഭൂമിയിലെയും സ്വർഗത്തിലെയും അധികാരത്തെയാണ് താക്കോലുകൾ സൂചിപ്പിക്കുന്നത്. താക്കോലുകളുടെ മുകളിലായി പരിശുദ്ധ മാർപ്പാപ്പയുടെ സ്ഥാനരോഹണ കിരീടം കാണാം. പത്രോസ് ശ്ലീഹയുടെ സിംഹാസനവുമായി ഈ ദൈവലയത്തിനുള്ള പ്രത്യേക ബന്ധത്തിന്റെ അടയാളമാണ് ഈ കിരീടം. ഈശോയുടെ പരമാധികാരത്തിന്റെ പ്രതീകമായ മൂന്നു നിലകളിലുള്ള ഈ കിരീടം പ്രതീകത്മകമായി മാർപ്പാപ്പയുടെ മൂന്നു വ്യത്യസ്ത അധികാരങ്ങളെ സൂചിപ്പിക്കുന്നു, രാജാക്കന്മാരുടെ പിതാവ്, ക്രിസ്തുവിന്റെ വികാരി , ലോകത്തിന്റെ ഭരണാധിപൻ എന്നിവയാണ് അവ. ബസിലിക്ക പദവി ലഭിക്കുന്ന പള്ളിയുടെ മുൻവശത്ത് ചുമരിന്റെ മുകളിൽ ബസിലിക്കയുടെ സ്ഥാനിക ചിഹ്‌നം പതിപ്പിക്കുന്നു.

മതമൈത്രിയുടെ കാര്യത്തിൽ മാത്രമല്ല, വിശ്വാസ ജീവിതത്തിൽ ഒരു ചാഞ്ചല്യവും കാട്ടാതെ വിശ്വാസത്തിനു വലിയ സാക്ഷ്യം നൽകി ഇന്നും നിലനിൽക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ അഭിപ്രായം ഞാനിവിടെ ഉദ്ധരിക്കാട്ടെ, "അതി പുരാതനമായ ഒരു ക്രൈസ്തവ സമൂഹമാണിവിടെയുള്ളത്. ഇവിടെ ആരംഭകാലം മുതൽ തന്നെ നിലനിന്നിരുന്ന സമൂഹം ക്രിസ്തീയ വിശ്വാസത്തിൽ അടിയുറച്ച് ഒരു ശീശ്മകൾക്കും വഴങ്ങാതെ മാർ തോമാ സമൂഹത്തിന്റെ ചൈതന്യം പുലർത്തികൊണ്ട് മുമ്പോട്ട് പോയ ഒരു സമൂഹമാണ്. രൂപതയോട് ചേർന്നു നിന്നു, രൂപതയുമായി മത്സരിക്കുകയോ തെറ്റിദ്ധാരണ പരത്തുകയോ ചെയ്യുന്ന പാരമ്പര്യം ഇല്ലാത്ത ഒരു സമൂഹം " അങ്ങിനെയുള്ള ഒരു ദൈവലയത്തിനാണ് ബസ്ലീ കാ പദവി ലഭിച്ചിരിക്കുന്നത്. പമ്പ ശാന്തമായും രൗദ്രമായും ഒഴുകുമ്പോഴും അതിന്റെ തീരത്തു തലയുയർത്തി സഹദ്രാബ്ധങ്ങളുടെ ചരിത്രം വിളിച്ചോതാൻ കഴിയുന്ന ഈ ദൈവാലയം സിറോ മലബാർ സഭയുടെ പ്രത്യേകിച്ചും കുട്ടനാട്ടുകാരുടെ പ്രത്യാശയുടെയും അഭിമാനത്തിന്റെയും സർവോപരി വിശ്വാസ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും കത്തി ജ്വലിക്കുന്ന സാക്ഷ്യമാണ്
ഓളപ്പരപ്പിലെ ബസിലിക്കയും വി യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളും ( ഭാഗം 1)
ഓളപ്പരപ്പിലെ ബസിലിക്കയും വി.യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളും( ഭാഗം -2)
ഓളപ്പരപ്പിലെ ബസിലിക്കയും വി യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളും( ഭാഗം-3)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.