ദുബായ്: ലോകത്തുളള എല്ലാ അമ്മമാർക്കും ആദരമർപ്പിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
അമ്മയായ ഷെയ്ഖ് ലത്തീഫ ബിന്‍ത് ഹംദാന്‍ ബിന്‍ സയ്യീദ് അല്‍ നഹ്യാനുമായി എത്രത്തോളം അടുപ്പമുണ്ടായിരുന്നുവെന്ന് പറയുന്ന വീഡിയോ അദ്ദേഹം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. അമ്മയുമായി തനിക്കേറെ അടുപ്പമുണ്ടായിരുന്നു. അമ്മയുടെ സ്നേഹം പോലെ അമൃതുപോലെ, അതിലും പരിശുദ്ധമായ സ്നേഹം പിന്നീട് അനുഭവിച്ചിട്ടില്ല. അമ്മയുടെ വാക്കുകള്‍ ഞാനെപ്പോഴുമോർക്കുന്നു. ആളുകള്‍ അമ്മയെ വന്ന് കാണാറുണ്ടായിരുന്നു. ശക്തയായ വനിതയായിരുന്നു അമ്മ. എല്ലാവരും അവരെ ഇഷ്ടപ്പെട്ടു. ഷെയ്ഖ് മുഹമ്മദ് ഓർമ്മിക്കുന്നു.
അമ്മയുമായി ഏറെ അടുപ്പമുണ്ടായിരുന്നു ദുബായ് ഭരണാധികാരിക്ക്. ആത്മകഥാംശമുളള പുസ്തകമായ ഖിസാത്തിയില്‍ അമ്മയുമായുണ്ടായിരുന്ന അടുപ്പത്തെ ഷെയ്ഖ് മുഹമ്മദ് ഓർത്തെടുക്കുന്നുണ്ട്. അമ്മയുടെ വേർപാടിനെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു- 1983 മെയ് മാസത്തിലാണ് അമ്മയെ തനിക്ക് നഷ്ടമായത്. ഞാനിപ്പോഴുമോർക്കുന്നു. ആയിരങ്ങളാണ് അമ്മയുടെ വേർപാടറിഞ്ഞ് കണ്ണീരോടെയെത്തിയത്. അമ്മയ്ക്ക് ഞാന്‍ അവസാനയാത്രമൊഴിനല്‍കി, നിർത്താതെ പെയ്യുന്ന കണ്ണീർ മഴയിലൂടെ..
മാതൃദിനത്തോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ലോകത്തെ എല്ലാ അമ്മമാർക്കുമായാണ് സമർപ്പിച്ചിരിക്കുന്നത്. അമ്മമാരെ, നിങ്ങളെപ്പോലെ ആരുണ്ട്, നിങ്ങളാണ് ജീവിതം, ഈ പ്രപഞ്ചത്തിന്റെ കാവല്‍ നിങ്ങളുടെ സ്നേഹമാണ്. ദൈവം അനുഗ്രഹിക്കട്ടെ, ട്വിറ്ററില്‍ ഷെയ്ഖ് മുഹമ്മദ് കുറിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.