ഇടത് വച്ച് വലതു മാറി ഫ്രാന്‍സിസ് ജോര്‍ജ്; വലത് ചവിട്ടി ഇടത് മാറി റോഷി അഗസ്റ്റിന്‍: ഏതെടുത്താലും കേരള കോണ്‍ഗ്രസ്

ഇടത് വച്ച് വലതു മാറി ഫ്രാന്‍സിസ് ജോര്‍ജ്; വലത് ചവിട്ടി ഇടത് മാറി റോഷി അഗസ്റ്റിന്‍: ഏതെടുത്താലും കേരള കോണ്‍ഗ്രസ്

കട്ടപ്പന: കഴിഞ്ഞ പ്രാവശ്യത്തെ സ്ഥാനാര്‍ത്ഥികള്‍ തന്നെ മുന്നണി മാറി മത്സരിക്കുന്ന സംസ്ഥാനത്തെ ഏക നിയമസഭാ മണ്ഡലമാണ് ഇടുക്കി. കേരള കോണ്‍ഗ്രസ് തമ്മിലാണ് കഴിഞ്ഞ തവണ നേര്‍ക്കുനേര്‍ പോരാട്ടം നടന്നത്. ഇത്തവണയും ഏറ്റു മുട്ടുന്നത് കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍. സ്ഥാനാര്‍ത്ഥികള്‍ക്കും മാറ്റമില്ല. പക്ഷേ, മുന്നണി മാറിപ്പോയി. ഇടതന്‍ വലതനായി... വലതന്‍ ഇടതനായി.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിന്‍ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫിനൊപ്പം നിന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജ് ഇത്തവണ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്.

പൊതുവേ ഐക്യ ജനാധിപത്യ മുന്നണിക്ക് വേരോട്ടമുള്ള മണ്ണാണ്ഇടുക്കി.പരമ്പരാഗതമായികേരളാ കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും ഒപ്പം നില്‍ക്കുന്ന മണ്ഡലം ഈ തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പമാകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

ജോസ് കെ മാണിയുടെ നയങ്ങളിലുള്ള എതിര്‍പ്പില്‍ കേരള കോണ്‍ഗ്രസ് എം വിട്ട ഫ്രാന്‍സിസ് ജോര്‍ജ്ജ് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചായിരുന്നു കഴിഞ്ഞ തവണ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് മത്സരിച്ചത്. ഇത്തവണ അതേ ജോസ് കെ മാണി വിഭാഗത്തിനെതിരെ ഫ്രാന്‍സിസ് ജോര്‍ജ് എത്തുന്നത് കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ്.

കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെഎം ജോര്‍ജിന്റെ മകനായ ഫ്രാന്‍സിസ് ജോര്‍ജ് സൗമ്യനായഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ മണ്ഡലത്തില്‍ സുപരിചിതനാണ്. എംപി എന്ന നിലയില്‍ അദ്ദേഹം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ഇതിനോടകം തന്നെ പ്രചരണം സജീവമാക്കിയ ഫ്രാന്‍സിസ് ജോര്‍ജ് മണ്ഡലത്തില്‍ ജയിക്കാമെന്ന ശുഭ പ്രതീക്ഷയില്‍ തന്നെയാണ്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ ഇടുക്കി ജില്ലയില്‍ ഇടതുപക്ഷം നേടിയ മേല്‍ക്കൈ ഇല്ലാതാക്കി നഷ്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് ക്യാമ്പ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ വന്‍ വിജയം നേടാനായതും യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം വളര്‍ത്തുന്നു. 1999 മുതല്‍ പത്ത് കൊല്ലം ഇടുക്കി മണ്ഡലത്തെ ലോക്സഭയില്‍ പ്രതിനിധികരിച്ച ഫ്രാന്‍സിസ് ജോര്‍ജിന് നിയമ സഭയിലേക്ക് ആ നേട്ടം ആവര്‍ത്തിക്കാനാകുമോയെന്ന് കാത്തിരുന്ന കാണണം.

കേരളാ കോണ്‍ഗ്രസിന്റെ ഏറ്റവും പുതിയ പിളര്‍പ്പില്‍ ജോസ് കെ മാണിക്കൊപ്പം അടിയുറച്ച് നിന്ന നേതാവാണ് റോഷി അഗസ്റ്റിന്‍. അത് കൊണ്ട് തന്നെ എന്ത് വിലകൊടുത്തും റോഷിയെ ജയിപ്പിക്കാന്‍ ജോസ് കെ മാണിയും ഇടത് പക്ഷവും പരിശ്രമിക്കുന്നുണ്ട്. 2001 മുതല്‍ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്ന നിലയില്‍ ഇടുക്കിക്കാര്‍ക്ക് സുപരിചിതമാണ്. ജനകീയ അടിത്തറയുള്ള റോഷി അഗസ്റ്റിന്‍ അനായാസം വിജയിക്കും എന്ന് തന്നെയാണ് ഇടത് പക്ഷത്തിന്റെപ്രതീക്ഷ.

കെ.എം മാണിയുടെ മരണശേഷം മറ്റൊരു പിളര്‍പ്പും ലയനവും കഴിഞ്ഞാണ് കേരള കോണ്‍ഗ്രസുകള്‍ ഇക്കുറി നേര്‍ക്കുന്നേര്‍ എത്തുന്നത്. ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്നും ജോസഫ് പക്ഷത്തിലേക്ക് ഫ്രാന്‍സിസ് ജോര്‍ജ് എത്തി. ജോസഫ് പക്ഷം തോമസ് വിഭാഗവുമായി ലയിച്ചു. മാണിയുടെ കേരള കോണ്‍ഗ്രസ് ജോസ് പക്ഷം മാത്രമായി. കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പ് പോലെ തന്നെ ചര്‍ച്ചാ വിഷയമാണ് പഴയ പോരാളികള്‍ മുന്നണി മാറി ഏറ്റുമുട്ടുന്ന ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പോരാട്ടവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.