അങ്കാറ: തുർക്കി സെൻട്രൽ ബാങ്ക് മേധാവിയെ പ്രസിഡന്റ് റീസെപ് ത്വയ്യിബ് എർദോഗൻ പുറത്താക്കിയതിനെത്തുടർന്ന് തുർക്കി കറൻസി മൂല്യം തിങ്കളാഴ്ച 14 ശതമാനം ഇടിഞ്ഞു. 2018 ന് ശേഷം ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ തകർച്ചയാണിത്. തിങ്കളാഴ്ച ഏഷ്യൻ വ്യാപാര സമയത്ത്, വിപണികളിൽ ലിറ ഒരു ഡോളറിന് 7.219 ൽ നിന്ന് 8.280 ആയി കൂപ്പുകുത്തി.
പണപ്പെരുപ്പത്തെ അതിജീവിക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്ന് പറഞ്ഞ് വിപണിയെ ധൈര്യപ്പെടുത്താൻ ബാങ്കിന്റെ പുതിയ ഗവർണർ സഹാപ് കാവിയോഗ്ലു ഞായറാഴ്ച ശ്രമിച്ചിട്ടും മൂല്യ തകർച്ച തടയാനായില്ല. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ഉയർന്ന പലിശനിരക്ക് നിലനിർത്താൻ പ്രസിഡന്റ് എർദോഗൻ ആഗ്രഹിക്കുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് ഉദ്യോഗസ്ഥരുടെ മാറ്റം.
സ്ഥാനമൊഴിഞ്ഞ നാസി അഗ്ബാലിന്റെ നേതൃത്വത്തിൽ എടുത്ത നടപടികൾ നിരവധി പ്രാദേശിക, വിദേശ നിക്ഷേപകർ പ്രശംസിച്ചിരുന്നു . ഒരു ഘട്ടത്തിൽ ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതിന് ശേഷം 2021 ലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിപണി കറൻസിയായി ഉയർന്നു വന്നു. ഇപ്പോൾ പ്രഖ്യാപിച്ച കുറഞ്ഞ പലിശനിരക്കുമൂലവും വേഗത്തിലുള്ള പണപ്പെരുപ്പവും പ്രതീക്ഷിച്ച് വിദേശ നിക്ഷേപകർ തുർക്കി ആസ്തികളായ ബോണ്ടുകൾ വിൽക്കാൻ സാധ്യതയുണ്ട്. ഉയർന്ന പണപ്പെരുപ്പം ഒരു കറൻസിയുടെ മത്സരശേഷിയെ ഇല്ലാതാക്കുന്നു.
കഴിഞ്ഞ വ്യാഴാഴ്ച അഗ്‌ബാൽ പലിശനിരക്ക് രണ്ട് ശതമാനം വർദ്ധിപ്പിച്ച് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചതിന്റെ ഇരട്ടിനേട്ടമാണ് ടർക്കിഷ് കറൻസി ലിറ വ്യാഴാഴ്ച നേടിയത്. 15 ശതമാനത്തിലധികം വരുന്ന പണപ്പെരുപ്പത്തെ പിടിച്ചു നിറുത്തുവാൻ കർശനമായ ധനനയം അഗ്‌ബാൽ സ്വീകരിച്ചിരുന്നു.
സഹാപ് കാവിയോഗ്ലുവിനെ ഈ സ്ഥാനത്തേയ്ക്ക് നിയമിക്കാനുള്ള പ്രസിഡന്റ് എർദോഗന്റെ തീരുമാനം ഹ്രസ്വ കാലയളവിൽ അഗ്‌ബാൽ നേടിയ നേട്ടങ്ങളെ അതിവേഗം ഇല്ലാതാക്കുമെന്ന് വ്യാപാരികളും വിശകലന വിദഗ്ധരും ആശങ്കപ്പെടുന്നു. കാവിയോഗ്ലു ബാങ്കിംഗ് പ്രൊഫസറും ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡവലപ്മെൻറ് പാർട്ടിയിലെ മുൻ നിയമനിർമ്മാതാവുമാണ്. എർദോഗന്റെ വികലമായ കാഴ്ചപ്പാടുകൾ ധനമേഖലയിൽ കാര്യമായ തിരിച്ചടികൾ നേരിടുമെന്ന് നിരീക്ഷകർ കരുതുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.