പോരാട്ട ചിത്രം തെളിഞ്ഞു; അങ്കക്കളരിയില്‍ 957 പേര്‍: ബാലറ്റു പേപ്പര്‍ അച്ചടി നടപടികള്‍ക്ക് ഇന്ന് തുടക്കമാകും

പോരാട്ട ചിത്രം തെളിഞ്ഞു; അങ്കക്കളരിയില്‍ 957 പേര്‍:   ബാലറ്റു പേപ്പര്‍ അച്ചടി നടപടികള്‍ക്ക് ഇന്ന് തുടക്കമാകും

തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്നലെ കഴിഞ്ഞതോടെ പോരാട്ടച്ചിത്രം തെളിഞ്ഞു. 140 മണ്ഡലത്തിലായി 957 പേരാണ് മത്സരരംഗത്തുള്ളത്. ഇന്നലെ 104 പേരാണ് പത്രിക പിന്‍വലിച്ചത്.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് മലപ്പുറം ജില്ലയിലാണ്, 111 പേര്‍. കുറവ് വയനാട്ടില്‍ 18 പേര്‍. ജില്ലകളില്‍നിന്ന് സ്ഥാനാര്‍ഥിപ്പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇ-മെയിലായും രേഖാമൂലവും എത്തിക്കും. ബാലറ്റുപേപ്പര്‍ അച്ചടിക്കുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും.

കാസര്‍കോട് 38, കണ്ണൂര്‍ 75, കോഴിക്കോട് 96, പാലക്കാട് 73, തൃശൂര്‍ 77, എറണാകുളം 99, ഇടുക്കി 27, കോട്ടയം 66, പത്തനംതിട്ട 39, ആലപ്പുഴ 60, കൊല്ലം 79, തിരുവനന്തപുരം 99 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ ജനവിധി തേടുന്നവരുടെ എണ്ണം. ഇടുക്കിയിലെ ദേവികുളം മണ്ഡലത്തില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ മാത്രമാണുള്ളത്.തിരൂരിലും കൊടുവള്ളിയിലുമാണ് ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പിക്കപ്പെട്ടത് - 25 വീതം. എട്ട് പത്രിക സമര്‍പ്പിക്കപ്പെട്ട കൊല്ലത്തായിരുന്നു ഏറ്റവും കുറവ്.

സംസ്ഥാനത്തെ ഏഴ് മണ്ഡലത്തില്‍ 11 സ്ഥാനാര്‍ഥികള്‍ വീതമുണ്ട്. കാഞ്ഞങ്ങാട്, പേരാവൂര്‍, മണ്ണാര്‍ക്കാട്, തൃത്താല, കൊടുവള്ളി, പാലാ, നേമം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ജനവിധി തേടുന്നത്. ആകെ ലഭിച്ചത് 2180 പത്രികയാണ്. ശനിയാഴ്ച സൂക്ഷ്മപരിശോധനയ്ക്കുശേഷം 1061 സ്ഥാനാര്‍ഥികളായി കുറഞ്ഞിരുന്നു. ചില മണ്ഡലങ്ങളില്‍ മുന്നണികള്‍ വിമത ഭീഷണി നേരിടുന്നുണ്ട്. മിക്ക മണ്ഡലങ്ങളിലും പ്രധാനപ്പെട്ട മുന്നണികള്‍ക്ക് പുറമെ മൂന്നും നാലും സ്ഥാനാര്‍ത്ഥികള്‍ അധികമായുണ്ട്.

തലശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. 1,41,62,025 സ്ത്രീകളും 1,32,83,724 പുരുഷന്മാരും 290 ട്രാന്‍സ്ജെന്‍ഡര്‍മാരുമടക്കം 2,74,46,039 വോട്ടര്‍മാരാണ് ഏപ്രില്‍ ആറിന് പോളിങ് ബൂത്തിലെത്തുക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.