രക്ഷയില്ലാതെ രാജസ്ഥാന്‍, ഒന്നാം നമ്പറായി ഡെല്‍ഹി

രക്ഷയില്ലാതെ രാജസ്ഥാന്‍, ഒന്നാം നമ്പറായി ഡെല്‍ഹി

ക്രിക്കറ്റില്‍ ഭാഗ്യ ഗ്രൗണ്ട് കൊണ്ട് മാത്രം എന്തെങ്കിലും നേട്ടമുണ്ടാക്കാനാകുമോയെന്ന് സംശയമാണ്. രാജസ്ഥാന്‍ ആദ്യരണ്ട് മത്സരങ്ങളും ഷാർജയില്‍ ജയിച്ചു. റെക്കോ‍ർ‍ഡ് ചേസ് ഉള്‍പ്പടെ രണ്ടും നല്ല വിജയങ്ങളുമായിരുന്നു. ഒരു വേള തോറ്റുനില്‍ക്കുന്ന സമയത്താണ് രാഹുല്‍ തെവാത്തിയുടെ മികച്ച പ്രകടനം കൊണ്ട് രണ്ടാമത്തെ മത്സരം ജയിച്ചത്.അത്തരത്തിലുളള നിർണായക മത്സരങ്ങളില്‍ ജയിച്ച് വരുന്ന ടീമുകള്‍ക്ക് പിന്നീട് ഫോം കണ്ടെത്താന്‍ സാധിക്കുന്നതാണ് പലപ്പോഴും കണ്ടിട്ടുളളത്.പക്ഷെ അത്തരത്തിലുളള ഒരു ജയത്തില്‍ നിന്ന് തുടർച്ചയായ നാല് പരാജയങ്ങളിലേക്കാണ് രാജസ്ഥാന്‍ റോയല്‍സ് വരുന്നത്. സ്ഥിരതയുള്ളൊരു ടീമിനെ നിലനിർത്താന്‍ സാധിക്കാത്തതാണ് പരാജയങ്ങളുടെ പ്രധാന കാരണം. വിശ്വസിച്ച് ഏല്‍പിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ ടീം അംഗങ്ങള്‍ക്ക് കഴിയുന്നില്ലെന്നുളളതാണ് പ്രധാനം. പല തരത്തിലുളള മാറ്റങ്ങള്‍ ടീമില്‍ കൊണ്ടുവരുന്നുണ്ട്. ബൗളേഴ്സിനെ മാറി മാറി പരീക്ഷിക്കുന്നു. ഇത്തവണ ആന്‍ട്രൂ ടൈ എന്ന താരത്തെ കൊണ്ടുവന്നു. വരുണ്‍ ആരോണിനേയും. പക്ഷെ രണ്ടുപേരും തീർത്തും നിരാശപ്പെടുത്തി. ടോപ് ഓർഡറില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നു.

കഴിഞ്ഞ തവണ നല്ല പ്രകടനം കാഴ്ചവച്ച ജോസ് ബട്ല‍‍ർക്ക് നേരെ രവിചന്ദ്ര അശ്വിനെ കൊണ്ടുവരുന്നു. അതില്‍ അദ്ദേഹം പുറത്താവുകയും ചെയ്യുന്നു. തുടക്കത്തില്‍ ജോസ് ബട്ലറോ, സ്റ്റീവന്‍ സ്മിത്തോ, സജ്ഞു സാംസണോ നല്ല ഒരിന്നിംഗ്സ് കളിക്കുകയെന്നുളളതായിരുന്നു ജയസാധ്യതയുടെ അടിത്തറ. അതുണ്ടായില്ല. പക്ഷെ ഇത്തവണ തൊടുന്നതെല്ലാം പൊന്നാക്കിയത് ഡെല്‍ഹി ക്യാപിറ്റില്‍സാണ്. ടീം തെരഞ്ഞെടുപ്പിലെ സ്ഥിരിത നിലനിർത്താന്‍ രാജസ്ഥാന്‍ റോയല്‍സിന് കഴിയുന്നില്ല. പക്ഷെ അവരുടെ സാധ്യത ഇനിയുമുണ്ടോയെന്ന് ചോദിച്ചാല്‍, ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ‍റായ ബെന്‍സ്റ്റോക്സ് രാജസ്ഥാനിലേക്ക് എത്തുകയാണ്. മൂന്ന് തരത്തിലും ഒരു മത്സരത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന, ഒരു മത്സരം ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ കഴിയുന്ന, ബെന്‍സ്റ്റോക്സിന്‍റെ വരവ് രാജസ്ഥാന് പ്രതീക്ഷ നല്കുന്നതാണ്. അദ്ദേഹം എത്രത്തോളം മാച്ച് ഫിറ്റാണെന്നുളളത് മാറ്റിനിർത്തിയാല്‍ പോലും അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം സജ്ഞുവിനെ പോല്ലുളള പുതിയ താരങ്ങള്‍ക്ക് അവരുടെ പ്രകടത്തിന്‍റെ നിലവാരം ഉയ‍ർത്താന്‍ സഹായിച്ചേക്കും.അതു പറയുമ്പോള്‍ തന്നെ സ്റ്റീവന്‍ സ്മിത്തിന് ഫോമിലേക്കുവരാന്‍ സാധിക്കുന്നില്ലയെന്നുളളതും ടീമിന് പ്രചോദനമാകാന്‍ സാധിക്കുന്നില്ലയെന്നുളളതും നിർണായകമാണ്. രാജസ്ഥാന്‍ റോയല്‍സിന്‍റെ തുടർ പരാജയങ്ങളുടെ ഒരു കാരണം അതാണ്. മറുവശത്ത്, ടീമിന്‍റെ ലേലം കഴിഞ്ഞ സമയത്ത് തന്നെ നല്ല ടീമായി വരുമെന്ന് വിലയിരുത്തിയ ഡെല്‍ഹി ക്യാപിറ്റല്‍സ്. അജിക്യ രഹാനെയ്ക്ക് പോലും ആദ്യ ഇലവനില്‍ സ്ഥാനം കിട്ടാത്ത അത്രയും ശക്തരായ ബാറ്റിംഗ് ലൈനപ്പ്.

ശിഖർ ധവാന്‍റെ ഫോം മാത്രമാണ് അല്‍പമെങ്കിലും സംശയത്തിനിട നല്‍കുന്നത്.അവരുടെ ദു‍ർബല അംഗമാകുമെന്ന് പ്രതീക്ഷിച്ചിരുന്നത് ഷിമ്രോണ്‍ ഹെറ്റ് മെയ‍റാണ്. എന്നാല്‍ ആവശ്യമുളള സമയത്ത് പ്രതീക്ഷിക്കാത്ത രീതിയിലൊരു പ്രകടനം വരികയെന്നുളളത് ചാമ്പ്യന്‍സ് ടീമുകളില്‍ കാണുന്നതാണ്. ആദ്യ ആറ് ഓവറുകളില്‍ തുടർച്ചായി മൂന്ന് വിക്കറ്റ് നഷ്ടമായി. സ്ഥിരതയാർന്ന പ്രകടനം കാഴ്ച വച്ച് എല്ലാവരും പുറത്തുപോകുന്നു. ഋഷഭ് പന്തുകൂടി പുറത്തായതിന് ശേഷം സ്റ്റോയിനിസും ഹെറ്റ്മേയറും ക്രീസിലെത്തുന്നു.വിക്കറ്റ് പോയി അടുത്ത പന്തില്‍ സിക്സ‍ർ നേടാന്‍ സ്റ്റോയിനിസ് കാണിച്ച ആത്മവിശ്വാസം-മികച്ച പിന്തുണ നല്കി ഹെറ്റ് മെയർ- അതില്‍ തന്നെ ടീം പൂർണമായി. ഫീല്‍ഡിംഗും ഗംഭീരമായിരുന്നു. ഹെറ്റ് മെയറും റവാഡെയുമെടുത്ത ക്യാച്ചുകള്‍ എല്ലാം തന്നെ നല്ല നിലവാരം പുലർത്തി. ജോസ് ബട്ലറെന്ന താരം ബാറ്റ് ചെയ്യാനെത്തുമ്പോള്‍ രവിചന്ദ്രന്‍ അശ്വിനെ കൊണ്ടുവരണമെന്നുളള തീരുമാനം എടുത്തുപറേയണ്ടതാണ്. ശ്രേയസ് അയ്യരെന്ന യുവ ക്യാപ്റ്റന്‍റെ പ്രതിഭയെ കാണിക്കുന്നതായി ആ തീരുമാനം.

ആദ്യ മത്സരത്തില്‍ ഒരു റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ശേഷം അശ്വിന്‍ പരുക്കുമൂലം മറ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നസമയത്താണ് അമിത് മിശ്ര എത്തുന്നത്. പിന്നീട് അമിത് മിശ്രയ്ക്ക് പരുക്കേല്‍ക്കുന്നു.വീണ്ടും രവിചന്ദ്രന്‍ അശ്വിന്‍ വരുന്നു. മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നു. പറഞ്ഞുവന്നത് ടീമിന് ആവശ്യമുളളപ്പോള്‍ ഫോമിലേക്ക് എത്താനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും താരങ്ങള്‍ക്ക് കഴിയുന്നുവെന്നുളളതാണ് ഡെല്‍ഹിയുടെ ഗുണം. ഇശാന്ത് ശർമ്മക്ക് പകരം ഹർഷല്‍ പട്ടേലിനെ ഇറക്കാനെടുത്ത തീരുമാനവും പ്രധാനമായി. രാജസ്ഥാന്‍ റോയല്‍സ് ഡെല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ നിർണായകമായത് സ്റ്റീവന്‍സ്മിത്തിന്‍റെ പുറത്താകലാണ്. ജോസ് ബട്ല‍ർ പുറത്തായതിന് ശേഷം ബാറ്റിംഗ് ലൈനപ്പില്‍ നയിക്കാന്‍ പ്രാപ്തരായ ആളുകളില്ലെന്നുളളത് രാജസ്ഥാന്‍റെ കോട്ടമാണ്. അതുതന്നെയാണ് പരാജയത്തിലേക്ക് എത്തിച്ചതും.

സ്കോർ DC 184/8 (20)RR 138 (19.4)

സോണി ചെറുവത്തൂർ

(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.