'ജനിച്ച നാടിനെ വര്‍ഗീയതയിലേക്ക് തള്ളിവിടുന്നില്ല'; ഈരാറ്റുപേട്ടയിലെ പ്രചരണം അവസാനിപ്പിക്കുകയാണെന്ന് പി.സി ജോര്‍ജ്

'ജനിച്ച നാടിനെ വര്‍ഗീയതയിലേക്ക് തള്ളിവിടുന്നില്ല'; ഈരാറ്റുപേട്ടയിലെ പ്രചരണം അവസാനിപ്പിക്കുകയാണെന്ന് പി.സി ജോര്‍ജ്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ പ്രചരണത്തിനെത്തിയ പി.സി. ജോര്‍ജും ഒരു കൂട്ടം ആളുകളും തമ്മില്‍ വാക്കേറ്റമുണ്ടായതിന് പിന്നാലെ ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി പരിധിയിലെ പ്രചരണം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി പി.സി ജോര്‍ജ് എം.എല്‍.എ. ഭയന്നിട്ടല്ല പ്രചരണം അവസാനിപ്പിക്കുന്നതെന്നും ജനിച്ച് വളര്‍ന്ന നാടിനെ വര്‍ഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും പി.സി ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഈരാറ്റുപേട്ടയില്‍ വോട്ട് അഭ്യര്‍ത്ഥിക്കവെ കാണികളായെത്തിയ ചിലര്‍ കൂവിയതോടെ പിസി ജോര്‍ജ് ക്ഷുഭിതനായിരുന്നു. ഈരാറ്റുപേട്ട തേവരുപാറയില്‍ വാഹന പ്രചരണവുമായി എത്തിയപ്പോഴാണ് പിസി ജോര്‍ജ് ചിലരുമായി വാക്കുതര്‍ക്കമുണ്ടായത്. പി.സി ജോര്‍ജ് വോട്ട് അഭ്യര്‍ത്ഥിച്ചു തുടങ്ങിയപ്പോള്‍ തന്നെ ചിലര്‍ കൂവാന്‍ തുടങ്ങുകയായിരുന്നു. ഇതോടെ പ്രകോപിതനായ പി.സി. ജോര്‍ജ് പ്രചരണ വാഹനത്തില്‍നിന്ന് മൈക്കിലൂടെ തന്നെ മറുപടി നല്‍കുകയും ചെയ്തു.
പി.സി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:


എന്റെ നാടായ ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി പരിധിയില്‍ പ്രചരണം ഞാന്‍ അവസാനിപ്പിക്കുകയാണ്
ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്.ഞാന്‍ ജനിച്ച് വളര്‍ന്ന എന്റെ നാടിനെ വര്‍ഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ്.
ഒരുപറ്റം ആളുകള്‍ വോട്ട് ചോദിക്കാനുള്ള എന്റെ അവകാശത്തെ നിഷേധിച്ച് കൊണ്ട് നിലകൊള്ളുമ്പോള്‍ അവര്‍ ലക്ഷ്യം വെക്കുന്ന വര്‍ഗ്ഗീയ ലഹളയിലേക്ക്, എന്റെ നാടിനെ തള്ളിവിടാന്‍ എനിക്കാകില്ല.

എന്നെ അറിയുന്ന, എന്നെ സ്‌നേഹിക്കുന്ന ഈ വര്‍ഗീയത തലക്ക് പിടിക്കാത്ത ധാരാളം സഹോദരങ്ങള്‍ ഈരാറ്റുപേട്ടയില്‍ ഉണ്ട്. പക്ഷെ അവര്‍ക്ക് പോലും കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഭീഷണികള്‍ മൂലം സാധിക്കുന്നില്ല. എന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ഈരാറ്റുപേട്ടയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ തല്ലുമെന്നും, കൊല്ലുമെന്നും പരസ്യമായി ഭീഷണി പെടുത്തുന്നു. ഇതിനെ കുറിച്ച് വിശദമായി ഈരാറ്റുപേട്ടയില്‍ ഞാന്‍ പ്രസംഗിച്ചിട്ടുള്ളതുമാണ്.
എനിക്കൊപ്പം പൊതുപ്രവര്‍ത്തന രംഗത്തുള്ള ഈരാറ്റുപേട്ടയിലെ ഓരോ വ്യക്തികളുടെയും സുരക്ഷയെ കരുതി ഈരാറ്റുപേട്ടയില്‍ എന്റെ പ്രചരണ പരിപാടികള്‍ ഞാന്‍ അവസാനിപ്പിക്കുകയാണ്.

ഞാന്‍ അറിയുന്ന എന്നെ സ്‌നേഹിക്കുന്ന ഇത്തരം വര്‍ഗ്ഗീയ ചിന്താഗതിയില്ലാതെ ഈ നാട്ടില്‍ മതേതരത്വം പുലരണമെന്നാഗ്രഹിക്കുന്ന ഈരാറ്റുപേട്ടക്കാര്‍ എന്നെ പിന്തുണക്കുമെന്ന് ഉറച്ച ബോദ്ധ്യമെനിക്കുണ്ട്.
എന്ന് നിങ്ങളുടെ സ്വന്തംപി.സി. ജോര്‍ജ്ജ്പ്ലാത്തോട്ടം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.