സ്വകാര്യതയെ അല്‍പം ഗൗരവമായി കാണുന്നവരാണ് നമ്മള്‍ മലയാളികള്‍. പ്രത്യേകിച്ച് വീട്ടില്‍. അതുകൊണ്ടാണല്ലോ വീട്ടിലെ ജനാലകള്‍ പോലും കര്‍ട്ടന്‍ ഉപയോഗിച്ച് നാം മറയ്ക്കുന്നത്. ചിലരാകട്ടെ വീടു പോലും കാണാത്ത വിധത്തിലുള്ള അത്രേയും ഉയരത്തില്‍ ചുറ്റും മതിലുകള്‍ പോലും കെട്ടാറുണ്ട്. എന്നാല്‍ ജനാലകള്‍ പോലും കര്‍ട്ടനുകള്‍ ഉപയോഗിച്ച് മറയ്ക്കാത്ത പല വീടുകള്‍ കാണാം. എവിടെയാണെന്നല്ലേ... അങ്ങ് നെതര്‍ലാന്‍ഡില്‍.
നെതര്‍ലാന്‍ഡിലെ തെരുവോരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ പലര്‍ക്കും അതിശയവും കൗതുകവും ഒക്കെ തോന്നും. കാരണം അവിടുത്തെ മിക്ക വീടുകളുടേയും ഉള്‍വശം പുറമെ നിന്നും നോക്കിയാല്‍ കാണാം. തിരശ്ശീലകളോ മറകളോ ഇല്ലാത്തതാണ് ഡച്ചുകാരുടെ വീടുകളില്‍ ഏറെയും.
എന്നാല്‍ ഇങ്ങനെ തുറന്നിട്ട ജാലകങ്ങള്‍ ആ രാജ്യത്തിന്റെ സംസ്‌കാരത്തേയാണ് പ്രതിഫലിപ്പിക്കുന്നത്. വീടിനുള്ളിലേക്കും അകക്കാഴ്ചകളിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്ന സംസ്‌കാരമാണ് അവിടുത്തുകാര്‍ക്ക്. ഇത് ഇന്നും ഇന്നലേയും തുടങ്ങിയ ശീലവുമല്ല. പരമ്പരാഗതമായി നൂറ്റാണ്ടുകളായി തുടരുന്ന ശീലമാണ്.
ഡച്ചുകാര്‍ പൊതുവെ പുറം കാഴ്ചകള്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവര്‍ക്കിടയിലെ ഈ ശീലവും തുറന്ന സംസ്‌കാരത്തിന്റെ ഉദാഹരണങ്ങളായി കണക്കാക്കപ്പെടുന്നു. എന്നാല്‍ വീടിനുള്ളിലെ ആഡംബരം മറ്റുള്ളവരെ കാണിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ ജാലകങ്ങള്‍ മറയ്ക്കാത്തത് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ നിലനിന്നിരുന്ന ശീലമാണെങ്കിലും പുതുയുഗത്തില്‍ ചിലരെല്ലാം ഈ ശീലത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നുണ്ട്.
അതേസമയം പണ്ടുകാലങ്ങളില്‍ ഒരു ബിസിനസ് തന്ത്രമായിരുന്നു ഈ തുറന്ന സംസ്‌കാരം എന്നും ചിലര്‍ വാദിക്കുന്നു. വീടിന്റെ ജനാലകള്‍ എപ്പോഴും തുറന്നിടുന്നതുവഴി തങ്ങള്‍ വിശ്വസ്തരാണെന്ന് വ്യാപാരികളെ ബോധ്യപ്പെടുത്താനാണ് പലരും ശ്രമിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത്.
മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുന്നവരാണ് ഡച്ചുകാര്‍ എന്ന് പൊതുവേ പറയാറുണ്ട്. മറയില്ലാതെ കിടക്കുന്ന ജനാലയിലൂടെ ഒളിഞ്ഞുനോക്കുന്നവരായി അവിടെ ആരുംതന്നെയില്ല എന്നാണ് അവര്‍ പറയുന്നത്. ഇതൊക്കെതന്നെയാകാം ഒരു തുറന്ന സംസ്‌കാരത്തിലേക്ക് അവരെ നയിക്കുന്നതും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.