ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ലോക റെക്കോർഡ് കരസ്ഥമാക്കി സഞ്ജു സാംസൺ
അഹമ്മദാബാദ്: കരുത്തരായ കീവീസ് നിരയെ കീഴടക്കി ടി20 ലോകകപ്പിൽ ചരിത്രമെഴുതി ടീം ഇന്ത്യ. ടി20 ഫോർമാറ്റിൻ്റെ ചരിത്രത്തിലാദ്യമായാണ് ഒരു ടീം മൂന്ന് ലോകകപ്പുകൾ നേടുന്നത്. 2024 ൽ രോഹിത് ശർമയ്ക്ക് കീഴിൽ നേടിയ ലോക കിരീടം 2026 ലും നിലനിർത്താൻ സൂര്യകുമാർ യാദവിനും കൂട്ടർക്കുമായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മലയാളിയായ സഞ്ജു സാംസണിൻ്റെ ചിറകിലേറി കൂറ്റൻ സ്കോറിലേക്ക് കുതിച്ചിരുന്നു. കീവീസിന് 256 റൺസ് വിജയ ലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. ടി20 ലോകകപ്പ് ഫൈനലിലെ മൂന്നാമത്തെ ഉയർന്ന സ്കോറാണ് ഇന്ത്യ ഇന്ന് അടിച്ചെടുത്തത്. സ്കോർ - ഇന്ത്യ 255/ 5 (20 ഓവർ), ന്യൂസിലൻഡ് 159/10 (19 ഓവർ).
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. കലാശപ്പോരിൽ ഇന്ത്യൻ ബൗളർമാരിൽ നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റെടുത്ത അക്സർ പട്ടേലും തിളങ്ങി. അർധസെഞ്ച്വറി നേടി പുറത്തായ ഓപ്പണർ ടിം സൈഫർട്ട് (26 പന്തിൽ 52), ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നർ (43) എന്നിവർ മാത്രമേ കീവീസ് ബാറ്റിങ് നിരയിൽ തിളങ്ങാനായുള്ളൂ.
സഞ്ജു സാംസണും (46 പന്തിൽ 89) അഭിഷേക് ശർമയും (21 പന്തിൽ 52) ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. ഇഷാൻ കിഷൻ (25 പന്തിൽ 54), ശിവം ദുബെ (8 പന്തിൽ 26), ഹാർദിക് പാണ്ഡ്യ (13 പന്തിൽ 18) എന്നിവർ ഇന്ത്യക്കായി തിളങ്ങി. ന്യൂസിലൻഡ് ബൗളർമാരിൽ ജെയിംസ് നീഷാം മൂന്ന് വിക്കറ്റുമായി തിളങ്ങി. മാറ്റ് ഹെൻറിയും രചിൻ രവീന്ദ്രയും ഓരോ വിക്കറ്റുമെടുത്തു.
ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ലോക റെക്കോർഡുമായി സഞ്ജു സാംസൺ തകർത്തടിച്ച മത്സരത്തിൽ ഇന്ത്യ അനായാസം റൺമല കയറി. 15.1 ഓവറിൽ ഇന്ത്യൻ സ്കോർ 203ൽ വച്ചാണ് മലയാളി സൂപ്പർ താരം മടങ്ങിയത്.
ജെയിംസ് നീഷാമിൻ്റെ പന്തിൽ കോൾ മക്കോഞ്ചിയാണ് സഞ്ജുവിനെ ബൗണ്ടറി ലൈനിൽ വച്ച് ക്യാച്ചെടുത്ത് പുറത്താക്കിയത്. 193.48 സ്ട്രൈക്ക് റേറ്റിൽ എട്ട് സിക്സറുകളും അഞ്ച് ഫോറുകളും പറത്തിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.