മതത്തിന്റെ പേരില്‍ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നത് ഭീകരം: ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം

മതത്തിന്റെ പേരില്‍ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നത് ഭീകരം: ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം

കോട്ടയം: ഉത്തര്‍പ്രദേശില്‍ ക്രൈസ്തവ സന്യാസിനിമാര്‍ക്കെതിരേ ഉണ്ടായ ആക്രമത്തില്‍ പ്രതികരണവുമായി ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം. ഇതോ മതസ്വാതന്ത്യം, മതേതരത്വം എന്ന തലക്കെട്ടില്‍ ദീപിക പത്രത്തില്‍ എഴുതിയ കുറിപ്പിലാണ് ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം തന്റെ ആശങ്ക പങ്കുവെച്ചത്.
സുരക്ഷിതത്വത്തിനുവേണ്ടി സന്യാസിനികള്‍ക്ക് സന്യാസ വസ്ത്രം മാറ്റി യാത്ര തുടരേണ്ടിവന്നു എന്നത്, മതത്തിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന ഭീകരമായ അന്തരീക്ഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത് എന്ന് അദ്ദേഹം പറയുന്നു.

ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടത്തിന്റെ കുറിപ്പ്:

മതസഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും പേരില്‍ വളരെ പ്രശസ്തി നേടിയ രാജ്യമാണ് ഇന്ത്യ. അതില്‍ അഭിമാനിക്കുന്നവരാണ് ഈ മൂല്യങ്ങളെ വിലമതിക്കുന്ന ഓരോ ഇന്ത്യന്‍ പൗരനും. ഒരാള്‍ക്ക് തനിക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതിനും അതനുസരിച്ച് ജീവിക്കുന്നതിനും അതു പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശവും സ്വാതന്ത്ര്യവുമാണ് മതസ്വാതന്ത്ര്യം.

രാജ്യത്തിന്റേതായി ഒരു ഔദ്യോഗിക മതം ഇല്ലെന്നും ഒരു മതത്തോടും വിവേചനം പുലര്‍ത്തുകയില്ലെന്നും എല്ലാ മതങ്ങള്‍ക്കും തുല്യനീതി ലഭിക്കണമെന്നുമുള്ള രാജ്യത്തിന്റെ ഭരണഘടനാനുസൃതമായ നയമാണു മതേതരത്വം. മതത്തിന്റെ പേരില്‍ ആര്‍ക്കും അരക്ഷിതത്വവും അനീതിയും അനുഭവിക്കേണ്ടി വരികയില്ലെന്നുള്ള രാജ്യത്തിന്റെ ഉറപ്പാണത്. അതതുകാലത്തെ ഭരണാധികാരികള്‍ക്കാണ് അതിനുള്ള ഉത്തരവാദിത്വം.

എന്നാല്‍, ഇന്ത്യയില്‍ സ്ഥിതിഗതികള്‍ അത്ര ഭദ്രമല്ല എന്നു തെളിയിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. അടുത്തകാലത്തു നടന്ന ഒരു അന്തര്‍ദേശീയ സര്‍വേ റിപ്പോര്‍ട്ടനുസരിച്ച്, മതസ്വാതന്ത്ര്യം ഏറ്റവും കുറവുള്ളതും ക്രൈസ്തവ പീഡനം ഏറ്റവും കൂടുതല്‍ നടക്കുന്നതുമായ രാജ്യങ്ങളുടെ മുന്‍നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ക്രൈസ്തവസന്യാസിനിമാര്‍ക്കെതിരേ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം ക്രൈസ്തവ പീഡന പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ്.

മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണം ഉന്നയിച്ചായിരുന്നു ആളുകളെ സംഘടിപ്പിച്ച് സന്യാസിനികള്‍ക്കെതിരേ ആക്രമണത്തിനെത്തിയത്. ആധികാരികരേഖകള്‍ കാണിച്ച് ആരോപണം അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കിയിട്ടും അതംഗീകരിക്കാന്‍ അവര്‍ തയാറായില്ല. സത്യം അറിഞ്ഞു നീതി നിര്‍വഹിക്കേണ്ട പോലീസും അക്രമികളെ പിന്തുണയ്ക്കുകയാണു ചെയ്തതെന്നത് ശരിയെങ്കില്‍ അത് ഗുരുതരമായ അവസ്ഥയാണ്.
സുരക്ഷിതത്വത്തിനുവേണ്ടി സന്യാസിനികള്‍ സന്യാസ വസ്ത്രം മാറ്റി യാത്ര തുടരേണ്ടിവന്നു എന്നത്, മതത്തിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന ഭീകരമായ അന്തരീക്ഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അഥവാ, സ്വന്തം ജീവിത വ്യവസ്ഥയ്ക്കു ചേര്‍ന്ന സന്യാസവസ്ത്രം പോലും ധരിക്കാന്‍ ഭയപ്പെടുന്ന ഒരു ക്രൈസ്തവവിരുദ്ധ സാഹചര്യം സൃഷ്ടിക്കപ്പെടുകയാണോ? ഇതാണോ മതസ്വാതന്ത്ര്യം? ഇന്ത്യയുടെ മതേതരത്വം!
ഇപ്രകാരമുള്ള നിരവധി ദുരാരോപണങ്ങളും ആക്രമണങ്ങളും ക്രൈസ്തവര്‍ക്കെതിരേ ഉണ്ടാകുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ ഭരണഘടനയെ മാനിക്കുന്ന ഭരണാധികാരികള്‍ക്കാകുമോ? അല്ലെങ്കില്‍ ചിലരുടെയെങ്കിലും നിഗൂഢ പിന്തുണ ഈ മതതീവ്രവാദികള്‍ക്കു ലഭിക്കുന്നുണ്ടോ? എന്തായാലും ഇന്ത്യന്‍ മതേതരത്വത്തിനുമേല്‍ കരിനിഴല്‍ വീഴുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.