തുടര്‍ ഭരണമുണ്ടായാല്‍ പോളിറ്റ് ബ്യൂറോയ്ക്ക് പോലും പിണറായിയെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന് എ.കെ ആന്റണി

 തുടര്‍ ഭരണമുണ്ടായാല്‍ പോളിറ്റ് ബ്യൂറോയ്ക്ക് പോലും പിണറായിയെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: കേരളത്തില്‍ ഇടത് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ അത് സര്‍വ്വനാശമായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കഴിഞ്ഞ അഞ്ച് വര്‍ഷം പിണറായി സര്‍ക്കാര്‍ തുടര്‍ന്നത് പിടിവാശിയായിരുന്നുവെന്നും തുടര്‍ ഭരണമുണ്ടായാല്‍ പോളിറ്റ് ബ്യൂറോയ്ക്ക് പോലും പിണറായിയെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും എ കെ ആന്റണി വ്യക്തമാക്കി.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതാവ് കെപിസിസി പ്രസിഡന്റാണ്. കൂട്ടായ നേതൃത്വമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. യുഡിഎഫില്‍ തികഞ്ഞ പ്രതീക്ഷയുണ്ട്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തി കാണിക്കുന്നില്ല. കേരളത്തില്‍ മികച്ച വിജയത്തിന് കൂട്ടായ പ്രവര്‍ത്തനമാണ് നല്ലതെന്നാണ് തോന്നിയത്. അത് കൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാതിരുന്നതെന്നും ആന്റണി പറഞ്ഞു.

പിണറായി സമുദായങ്ങളെ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പിണറായി രീതികള്‍ മയപ്പെടുത്തി. എന്‍എസ്എസ് വിമര്‍ശനത്തില്‍ പിണറായി മാധ്യമങ്ങളെ പഴിചാരുകയാണ്. ശബരിമല യുവതി പ്രവേശനത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്ന് ഒരു മന്ത്രി പറയുന്നു. അതെല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ആന്റണി കുറ്റപ്പെടുത്തി.

ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് എന്ന ദിവാസ്വപ്നം തനിക്കില്ല. വനിതാ പ്രാതിനിധ്യത്തില്‍ എല്ലാ പാര്‍ട്ടികളിലും വീഴ്ചയുണ്ടായി. ഈ തെറ്റ് ഇനി ആവര്‍ത്തിക്കില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തലയെക്കുറിച്ച് നല്ല അഭിപ്രായമാണ്. അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ നല്ല സ്വാധീനമുണ്ട്. ഇന്ന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും മുല്ലപ്പള്ളിക്കുമാണ് കേരളത്തില്‍ നല്ല സ്വാധീനമുളളതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് വിട്ട് പോയ ജോസ് കെ മാണി ചെയ്തത് ശരിയായില്ല. അത് ആ പാര്‍ട്ടിക്കും ഗുണം ചെയ്യില്ല. കേരളത്തില്‍ ബിജെപിക്ക് വളരാവുന്നതില്‍ പരിധിയുണ്ട്. ആകെ ജയിച്ചത് നേമത്താണ്. അത് രാജഗോപാലിനോടുളള പ്രത്യേക പരിഗണന കൊണ്ടാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. തന്റെ രാജ്യസഭാ കാലം കഴിഞ്ഞാല്‍ കേരളത്തിലേക്ക് മടങ്ങുമെന്നും വീണ്ടും രാജ്യസഭാംഗമാകില്ലെന്നും എ.കെ ആന്റണി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.