അരിതയെ പോലൊരു കലിത ബംഗാളില്‍; നാളെയുടെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി

അരിതയെ പോലൊരു കലിത ബംഗാളില്‍;  നാളെയുടെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി

കൊല്‍ക്കത്ത: പശുവിനെ വളര്‍ത്തി പാല്‍ വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന സ്ഥാനാര്‍ഥിയുണ്ട് കേരളത്തില്‍; കായംകുളത്തുനിന്ന് ജനവിധി തേടുന്ന അരിത ബാബു. പശ്ചിമബംഗാളിലുമുണ്ട് അതുപോലൊരു സ്ഥാനാര്‍ഥി. വീട്ടുജോലിക്കു പോയി ജീവിക്കുന്ന കലിത മാഝി. രണ്ട് രാഷട്രീയ ആശയങ്ങള്‍ പിന്തുടരുന്നവരാണെങ്കിലും അരിതയുടെയും കലിതയുടെയും ജീവിതകഥ ഒരു പോലെയാണ്. പശ്ചിമബംഗാളിലെ ഔസ്ഗ്രാം നിയോജകമണ്ഡലത്തില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കലിത ഒരുപാട് പ്രതിസന്ധികള്‍ ജീവിതത്തില്‍ നേരിട്ടിട്ടുണ്ട്.
കൂലിവേലക്കാരനായിരുന്ന അച്ഛന്റെ നിര്യാണശേഷം, ഏഴു പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തെ കലിത മാഝി പുലര്‍ത്തുന്നത് അഞ്ചു വീടുകളില്‍ ഒരേ സമയം വീട്ടുജോലി ചെയ്തുകിട്ടുന്ന വരുമാനം കൊണ്ടാണ്. കലിതയുടെ ഭര്‍ത്താവ് പ്ലംബറാണ്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകനുമുണ്ട്.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നന്നേ ചെറുപ്പത്തില്‍ തന്നെ വിദ്യാഭ്യാസം ഉപേക്ഷിച്ച് ഉപജീവനത്തിനായി വീട്ടുവേലക്കാരിയുടെ റോള്‍ ഏറ്റെടുക്കേണ്ടി വന്ന കലിതയ്ക്ക് ഇതൊരു ചെറിയ പോരാട്ടമല്ല. ഇപ്പോള്‍ കലിതയെ മാഝിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ നേരിട്ടെത്തിയിരിക്കുകയാണ്.

പശ്ചിമ ബംഗാളിലെ കലിതയുടെ സ്ഥാനാര്‍ഥിത്വം രാഷ്ട്രീയത്തിന് മാതൃകയാണെന്നു  മോഡി പറഞ്ഞു. ട്വിറ്റര്‍ കുറിപ്പിലൂടെയാണ് മോഡി കലിതയ്ക്ക് അഭിനന്ദനമറിയിച്ചത്. ആത്മാഭിമാനത്തോടെ ജോലി ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കലിത സമൂഹത്തിന് പ്രതീക്ഷ നല്‍കുന്നു എന്നും മോദി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.