തെളിഞ്ഞ് പളുങ്കുപോലെ ഒഴുകുന്ന ഓവുചാലുകള്‍; വിസ്മയമാണ് ഈ നഗരം

തെളിഞ്ഞ് പളുങ്കുപോലെ ഒഴുകുന്ന ഓവുചാലുകള്‍; വിസ്മയമാണ് ഈ നഗരം

ഓവുചാലുകള്‍... ആ വാക്ക് കേള്‍ക്കുമ്പോള്‍തന്നെ നെറ്റി ചുളിച്ച് അനിഷ്ടം പ്രകടിപ്പിക്കാറുണ്ട് പലരും. നഗരങ്ങളിലെ പല തെരുവോരങ്ങളോടും ചേര്‍ന്ന് കാണപ്പെടുന്ന ചാലുകളില്‍ പലതും മാലിന്യങ്ങളാല്‍ നിറഞ്ഞതായിരിക്കും. മാത്രമല്ല ഒഴുകുന്നത് കറുത്ത നിറത്തിലുമായിരിക്കും. എന്നാല്‍ തെളിഞ്ഞ് പളുങ്കുപോലെ ഒഴുകുന്ന ചാലുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ.

അങ്ങനെ ഒരിടത്തും ഉണ്ടാകില്ല എന്ന് പറയാന്‍ വരട്ടെ. ജപ്പാനിലെ ഷിമാബര നഗരത്തിലെ തെരുവിന്റെ അരികുകളില്‍ നിറയെ ചാലുകളാണ്. അതും തെളിഞ്ഞ് കണ്ണാടി പോലെ ഒഴുകുന്ന വെള്ളം. ഈ വെള്ളത്തില്‍ നിറയെ പല വര്‍ണ്ണങ്ങളില്‍ നീന്തിതുടിക്കുന്ന മീനുകളേയും കാണാം.


ഇനി ഈ തെരുവോരങ്ങളിലെ കനാലുകളില്‍ തെളിഞ്ഞ വെള്ളം ഒഴുകാന്‍ തുടങ്ങിയതിനെക്കുറിച്ച്. ഷിമാബര എന്ന നഗരത്തിന് സമീപത്തായി ഒരു അഗ്നിപര്‍വ്വതമുണ്ട്. മൗണ്ട് അണ്‍സെന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1792-ല്‍ മൗണ്ട് അണ്‍സെന്‍ പൊട്ടിത്തെറിച്ചു. പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ കവര്‍ന്നിരുന്നു ആ അഗ്നിപര്‍വ്വത സ്‌ഫോടനം. പിന്നീട് 1990 മുതല്‍ 1995 വരെ വളരെ സജീവമായിരുന്നു ഈ അഗ്നിപര്‍വ്വതം. അങ്ങനെയിരിക്കെ 1991-ലും ഒരു സ്‌ഫോടനമുണ്ടായി. 43 പേര്‍ മരണപ്പെട്ട ഈ സ്‌ഫോടനത്തില്‍ മറ്റൊരു അദ്ഭുതം കൂടി സംഭവിച്ചു.

ഷിമാബര നഗരത്തില്‍ നിരവധി ശുദ്ധജല ഉറവകള്‍ പൊട്ടിയൊഴുകാന്‍ തുടങ്ങി. കാലക്രമേണ ജലനഗരം എന്നായി ഷിമാബരയുടെ വിളിപ്പേരും. അറുപതിലേറെ ശുദ്ധജല ഉറവകള്‍ ഈ നഗത്തിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അഴുക്കുചാലുകളില്‍ പോലും പതിയെ പതിയ ശുദ്ധജലം ഒഴുകിത്തുടങ്ങി. അങ്ങനെ തെരുവോരങ്ങളിലെ ചാലുകളെല്ലാം പളുങ്കുപോലെ തിളങ്ങി.


നിരവധിപ്പേരാണ് ഇന്ന് ജലനഗരം സന്ദര്‍ശിക്കാനെത്തുന്നത്. തെളിഞ്ഞ വെള്ളത്തില്‍ നീന്തിത്തുടിക്കുന്ന മീനുകളും നയന മനോഹരമായ കാഴ്ചാനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നതും. കോയി ഫിഷ് ആണ് ജലത്തില്‍ ഏറെയും. ഉയര്‍ന്ന ഗുണനിലവാരമുള്ള വെള്ളത്തില്‍ മാത്രമേ സാധാരണ ഇത്തരം മീനുകള്‍ക്ക് ജീവിക്കാന്‍ സാധിക്കൂ. ഷിമാബരയിലെ ജലത്തിന്റെ പരിശുദ്ധി കൂടി തെളിയിക്കുന്നതാണ് വെള്ള, കറുപ്പ്, ഓറഞ്ച, ചുവപ്പ് തുടങ്ങിയ നിറങ്ങളിലൊക്കെ കാണപ്പെടുന്ന ഈ അലങ്കാര മത്സ്യങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.