തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള തപാല്‍ വോട്ട് ഇന്നു മുതല്‍ ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ഇവരുടെ വോട്ട് രേഖപ്പെടുത്തും. ഇതിനായി പ്രത്യേക പോളിംഗ് ടീമിനെ കമ്മീഷന്‍ ചുമതലപ്പെടുത്തി.
80 വയസു പിന്നിട്ടവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവരെയാണ് ആബ്‌സന്റീ വോട്ടര്‍മാരായി പരിഗണിക്കുന്നത്. ഇവര്‍ക്ക് താമസസ്ഥലത്ത് എത്തിച്ചു നല്‍കുന്ന ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യാം. തപാല്‍ വോട്ട് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് വരണാധികാരിയെ അറിയിക്കുകയും 12 ഡി എന്ന ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് മാര്‍ച്ച് 17നു മുന്‍പ് നല്‍കിയവര്‍ക്കുമാണ് ഈ സൗകര്യം.
വോട്ടര്‍ പട്ടികയില്‍ ഇവരുടെ പേരിനുനേരെ പോസ്റ്റല്‍ ബാലറ്റ് എന്നതിന്റെ ചുരുക്കെഴുത്തായ പിബി എന്ന് മാര്‍ക്ക് ചെയ്യും. ഈ വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ എത്തി വോട്ട് ചെയ്യാനാകില്ല. തപാല്‍ ബാലറ്റുകള്‍ വോട്ടര്‍ക്ക് നല്‍കുന്നതിന് പ്രത്യേക പോളിംഗ് സംഘങ്ങളെ വരണാധികാരിമാര്‍ നിയോഗിച്ചിട്ടുണ്ട്. മുന്‍കൂട്ടി അറിയിച്ചശേഷമായിരിക്കും ഇവര്‍ വോട്ടര്‍മാരുടെ അടുത്തെത്തുക. ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം തപാല്‍ ബാലറ്റ് പേപ്പര്‍, ഫോറം 13 എ യിലുള്ള സത്യപ്രസ്താവന, ഫോറം 13 ബി എന്ന ചെറിയ കവര്‍, ഫോറം 13 സി എന്ന വലിയ കവര്‍ എന്നിവയും നല്‍കും.
രണ്ടു പോളിംഗ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍, മൈക്രോ ഒബ്‌സര്‍വര്‍, ബി.എല്‍.ഒ എന്നിവരാണ് പോളിംഗ് ടീം. തപാല്‍ ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ പേരിനു നേരെ ശരി ചിഹ്നമോ ഗുണന ചിഹ്നമോ രേഖപ്പെടുത്തി വോട്ട് ചെയ്യാം. പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ കഴിയൂ. തപാല്‍ ബാലറ്റ് അടങ്ങിയ 13 ബി എന്ന കവറും 13 എ എന്ന സത്യപ്രസ്താവനയും 13 സി എന്ന വലിയ കവറിലിട്ട് ഒട്ടിച്ച് ഈ കവറിനു മുകളിലും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി അപ്പോള്‍തന്നെ പോളിംഗ് ഉദ്യോഗസ്ഥരെ തിരികെ ഏല്‍പ്പിക്കണം.ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ വോട്ട് ചെയ്യുമ്പോള്‍ 13എ യിലുള്ള സത്യപ്രസ്താവന അവരെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് സാക്ഷ്യപ്പെടുത്താം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.