കൊഴുക്കട്ട ശനി (ലാസറിന്റെ ശനി)

കൊഴുക്കട്ട ശനി (ലാസറിന്റെ ശനി)

നസ്രാണികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് കൊഴുക്കട്ട. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസം കര്‍ത്താവ്‌ നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത്‌ നസ്രാണികള്‍ നോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ്‌ നാല്പതു ദിവസം നോമ്പ് നോറ്റു വീടിയത് പോലെ പുരാതന നസ്രാണികൾ നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടുന്നു.നസ്രാണി ഗാർഹികപാരമ്പര്യത്തിൽ ഈ ദിവസം നാല്പതുദിന ഉപവാസം ‘മുറിക്കാതെ മുറിക്കുന്ന’ ഇടവേളയുടെ സന്തോഷദിനമായിരുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത്‌ നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്‌. ഈശോ ബഥാനിയായില്‍ ലാസറിന്‍റെ ഭവനം സന്ദര്‍ശിക്കുകയും മര്‍ത്തായും മറിയവും കര്‍ത്താവിനെ സല്‍ക്കരിക്കുകയും ചെയ്തു. മറിയം ഉപയോഗിച്ച നാർദ്ദീൻ സുഗന്ധക്കുപ്പിയുടെ ഉരുണ്ട ചുവടുഭാഗത്തെ ഓർമ്മിപ്പിക്കുന്ന കൊഴുക്കട്ട ഉണ്ടാക്കി കുടുംബനാഥൻ അതിൽ സ്ലീവാ വരച്ചു കുടുംബാംഗങ്ങൾക്ക് കൊടുത്തിരുന്നു. കൊഴുക്കട്ടക്കുള്ളില്‍ തേങ്ങക്കൊപ്പം സുഗന്ധവർഗ്ഗങ്ങളും തെങ്ങിന്‍ ശര്‍ക്കരയോ പനംശര്‍ക്കരയോ ചേര്‍ക്കുന്നു.
കൊഴു എന്നാല്‍ മഴു എന്നര്‍ത്ഥം . കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതില്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന 141 ആം സങ്കീർത്തന ഭാഗം ഓർമിപ്പിക്കുന്നവിധത്തിലാണ് നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്നർത്ഥത്തിൽ കൊഴുക്കട്ട എന്ന് ഈ പലഹാരത്തിനു പേരുണ്ടായത്.

ഈ ദിനത്തെ "കൊഴുക്കട്ട ശനി" എന്നും വിളിക്കുന്നു. ഇത് കഴിക്കുന്നത്‌ ഉപവാസലംഘനമായി കരുതിയിരുന്നില്ല!
കൂടാതെ, ലാസറിനെ അനുസ്മരിക്കുന്ന ഒരു മൂന്നാംദിനവുമുണ്ട്. ഹാശാ (പീഡാനുഭവ) ആഴ്ചയിലെ തിങ്കളാഴ്ചയിലെ സുവിശേഷവായനയും മറിയം ലാസറിന്റെ സാന്നിധ്യത്തിൽ ഈശോയ്ക്ക് വിരുന്നൊരുക്കുന്നതിനെക്കുറിച്ചാണ് വിവരിക്കുന്നത്.
പൗരസ്ത്യപാരമ്പര്യപ്രകാരം നോമ്പുകാലത്തിലും പീഡാനുഭവആഴ്ചയിലും ഈശോയുടെ മഹത്ത്വത്തിനും ഉയിർപ്പിനും ഊന്നൽ കൊടുക്കുന്നു. ഓശാന ഞായർ ഈശോയുടെ രാജത്വവും പെസഹാവ്യാഴം ഈശോയുടെ പൗരോഹിത്യവും പീഡാനുഭവവെള്ളി കുരിശിലെ മഹത്ത്വവും വിജയവും പ്രത്യേകം അനുസ്മരിക്കുന്നു.

കൊഴുക്കട്ട ഉണ്ടാക്കുവാൻ വേണ്ട സാധനങ്ങള്‍ :

1. അരിപ്പൊടി - 1 കപ്പ്
2. നാളികേരം (തേങ്ങ) - അര മുറി
3. ഉപ്പ് - ആവശ്യത്തിന്
4. ശര്‍ക്കര (വെല്ലം) - 100 ഗ്രാം.
5. ഏലക്ക - 3 എണ്ണം
6. ചെറിയ ജീരകം - ഒരു നുള്ള്

തയ്യാറാക്കുന്ന വിധം :

സ്റ്റെപ്പ്‌ 1 :
ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയില്‍, നാളികേരം ചിരകിയതും ഏലക്കപൊടിയും,ചെറിയ ജീരകം പൊടിച്ചതും ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക.

സ്റ്റെപ്പ്‌ 2 :
അരിപ്പൊടി ആവശ്യമുള്ളത്ര വെള്ളം ചേര്‍ത്തു നന്നായി കുഴച്ചുവയ്ക്കുക. നല്ല ചൂടുവെള്ളത്തില്‍ കുഴച്ചാല്‍ കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍ പൊട്ടിപ്പോകില്ല

സ്റ്റെപ്പ്‌ 3 :
കുഴച്ച മാവ് ചെറിയ ചെറിയ ഉരുളകളാക്കി, കനംകുറച്ച് പരത്തി, നേരത്തേ തയ്യാറാക്കിയ മിശ്രിതം നിറച്ച്, വീണ്ടും ഉരുളകളാക്കുക,

സ്റ്റെപ്പ്‌ 4 :
ഈ ഉരുളകള്‍ ആവിയില്‍ വേവിച്ചെടുക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.