മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് രാത്രികാല കർഫ്യൂ നിലവിൽ വരിക. ഷോപ്പിങ് മാളുകൾ രാത്രി എട്ട് മുതൽ രാവിലെ ഏഴ് വരെ അടച്ചിടണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 36,902 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17,019 പേർ കൂടി രോഗമുക്തി നേടുകയും 112 പേർ കൂടി കോവിഡ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 26,37,735 ആയിട്ടുണ്ട്. 23,00,056 പേർ രോഗമുക്തി നേടുകയും ചെയ്തു. 53,907 പേരാണ് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. സംസ്ഥാനത്ത് 2,82,451 സജീവ കേസുകളാണുള്ളത്.
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ വലിയ വിഭാഗവും മുംബൈയിലാണെന്നതും ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5513 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയിൽ മാത്രം ഇതുവരെ 3,85,628 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസുകളുടെ സാന്നിധ്യവും മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. മുൻകൂട്ടി പ്രഖ്യാപിക്കാതെയുള്ള സംസ്ഥാന വ്യാപകമായ ലോക്ഡൗൺ ഉണ്ടാവില്ല. എന്നാൽ ജില്ലാതല ലോക്ഡൗണുകൾ എപ്പോൾ പ്രഖ്യാപിക്കണമെന്ന് ജില്ലാ ഭരണാധികാരികൾക്ക് തീരുമാനിക്കാം. ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിർദേശം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.