സൂയസ് കനാലില്‍ കുടുങ്ങി 3,00,000 കോടി; കേരളത്തിന്റെ കയറ്റുമതി പ്രതിസന്ധിയിലേക്ക്

 സൂയസ് കനാലില്‍ കുടുങ്ങി 3,00,000 കോടി;  കേരളത്തിന്റെ കയറ്റുമതി പ്രതിസന്ധിയിലേക്ക്

കെയ്‌റോ: സൂയസ് കനാലില്‍ വിലങ്ങനെ കുടുങ്ങിയ എവര്‍ ഗിവണ്‍ എന്ന കൂറ്റന്‍ കണ്ടെയ്‌നര്‍ കപ്പല്‍ നീക്കാന്‍ വൈകുന്നത് ആഗോള ചരക്കു ഗതാഗത മേഖലയ്ക്ക് വലിയ തിരിച്ചടിയാകും. ഇപ്പോള്‍തന്നെ കപ്പല്‍ കുടുങ്ങിപ്പോയതുമൂലം നാലു ദിവസംകൊണ്ടു 3,00,000 കോടി രൂപയുടെയെങ്കിലും ചരക്കുനീക്കമാണു തടസപ്പെട്ടിരിക്കുന്നതെന്നു ഷിപ്പിങ് വ്യവസായവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഇതില്‍ കൂടുതലും ഇന്ത്യയില്‍നിന്നും ഇന്ത്യയിലേക്കുമുള്ള ഉല്‍പന്നങ്ങളാണ്. അതേസമയം, ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയെ പ്രതിസന്ധി കാര്യമായി ബാധിക്കില്ലെന്ന് ആശ്വസിക്കാം.
നിശ്ചിത സമയത്തു ലക്ഷ്യത്തിലെത്തേണ്ട ചില ചരക്കുകളുടെ നീക്കവും തടസപ്പെട്ടിരിക്കുകയാണ്. വലിയ നഷ്ടമാണ് ഇതുമൂലമുണ്ടാകുക.

ഇന്ത്യയിലേക്ക് സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, യുഎഇ എന്നിവിടങ്ങളില്‍ നിന്നാണ് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത്. നൈജീരിയയില്‍നിന്നും എണ്ണ വാങ്ങുന്നുണ്ട്. ഇവയ്‌ക്കൊന്നും സൂയസ് കനാലിനെ ആശ്രയിക്കേണ്ട ആവശ്യമില്ല. വെനസ്വേലയില്‍നിന്നും തുര്‍ക്കിയില്‍നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്കാണു തടസം നേരിടുക. ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലുകളൊന്നും ഗതാഗതക്കുരുക്കില്‍പെട്ടിട്ടില്ല.

അതേസമയം ചരുക്കു നീക്കത്തിലെ പ്രതിസന്ധി കേരളത്തിനു തിരിച്ചടിയാകും. കേരളത്തില്‍നിന്നു യൂറോപ്പിലേക്കും യു.എസിലേക്കുമുള്ള കയറ്റുമതി പ്രതിസന്ധിയിലാകും. കുരുമുളക്, ഏലം, കാപ്പി, തേയില തുടങ്ങി അനേകം ഉല്‍പന്നങ്ങളുടെ കയറ്റുമതിയാണു തടസപ്പെടുക. കോവിഡ് വ്യാപനത്തെ തുടര്‍ന്നും കണ്ടെയ്‌നര്‍ ക്ഷാമം മൂലവുമൊക്കെ ഇവയുടെ കയറ്റുമതി കുറഞ്ഞിരിക്കെ പുതിയൊരു പ്രതിസന്ധി കൂടിയായാല്‍ അതു വലിയ ആഘാതമായിരിക്കും. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ 35 ശതമാനവും യൂറോപ്പിലേക്കും യുഎസിലേക്കുമാണ്. അതില്‍ ഗണ്യമായ വിഹിതം കേരളത്തിന്റേതാണ്. സൂയസ് കനാലിനെ ആശ്രയിച്ചാണ് ഈ കയറ്റുമതിയത്രയും.

സൂയസ് കനാലിലെ ഗതാഗത സ്തംഭനം മൂലം ആകെ ഇരുന്നൂറോളം കപ്പലുകള്‍ പോകാന്‍ കാത്തുകിടക്കുകയാണ്. കൊളംബോ ഉള്‍പ്പെടെയുള്ള വിവിധ തുറമുഖങ്ങളിലും കപ്പലുകള്‍ കാത്തുകിടക്കുന്നുണ്ട്്. കൊളംബോ പ്രതിസന്ധിയിലാകുമ്പോള്‍ കൊച്ചി തുറമുഖത്തും അതിന്റെ പ്രത്യാഘാതമുണ്ടായേക്കുമെന്ന് ആശങ്കയുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.