നരകം എന്നത് ഉണ്ടോ?
ബാബു ജോണ്‍
(TOB FOR LIFE ഡയറക്ടറും, ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷകനുമാണ് ലേഖകന്‍)
നരകം എന്നത് ഉണ്ടോ? ഉണ്ടെങ്കിൽ തന്നെ സ്നേഹസമ്പന്നനായ ദൈവത്തിന് ഒരാളെ നരകത്തിലേക്ക് തള്ളിവിടാൻ സാധിക്കുമോ? നരകം ഒരു സ്ഥലമാണോ? അവിടെ കെടാത്ത അഗ്നിനാളത്തിൽ ഇടുന്നതാണോ ശിക്ഷ? തുടങ്ങിയ പല ചോദ്യങ്ങളും പലരും ചോദിക്കാറുണ്ട്. നരകം ഒരു ഭാവനാസൃഷ്ഠി അല്ലെന്നു മാത്രമല്ല
അതിന്റെ അസ്തിത്വത്തെയും നിത്യതയും സഭയുടെ പ്രബോധനം സ്ഥിരീകരിക്കുന്നു. (സിസിസി 1035)
ഒരു ദൈവശാസ്ത്രപരമായ അർത്ഥത്തിൽ, പാപത്തിന്റെ ആത്യന്തിക അനന്തരഫലമാണ് നരകം, അത് ചെയ്ത വ്യക്തിക്കെതിരെ തിരിയുന്നു. പിതാവിന്റെ കരുണയെ ജീവിതത്തിന്റെ അവസാന നിമിഷത്തിൽ പോലും നിരാകരിക്കുന്നവരുടെ അവസ്ഥയാണിത്.
നരകം മനുഷ്യൻ സ്വയം തിരഞ്ഞെടുക്കുന്ന അവസ്ഥയാണ്.
മനസ്തപിച്ചു ദൈവത്തിന്റെ കരുണാർത്ഥ സ്നേഹം സ്വീകരിക്കാതെ മാരകപാപത്തിൽ മരിക്കുക എന്നതിന്റെ അർഥം നമ്മുടെ സ്വതന്ത്രമായ തീരുമാനപ്രകാരം എന്നേക്കുമായി ദൈവത്തിൽനിന്നു വേർപെട്ടുനിൽക്കുക എന്നതാണ്. ദൈവത്തോടും വാഴ്ത്തപ്പെട്ടവരോടും ഉള്ള സംസർഗ്ഗത്തിൽനിന്നു സുനിശ്ചിതമായി നമ്മെത്തന്നെ വേർപെടുത്തിനിർത്തുന്ന അവസ്ഥയെ നരകം എന്ന് വിളിക്കുന്നുവെന്നു കത്തോലിക്കാ മതബോധനം പഠിപ്പിക്കുന്നു. (സിസിസി 1033)
നരകം എന്നത് ദൈവം നമ്മളിൽ അടിച്ചേൽപ്പിക്കുന്ന ശിക്ഷയല്ല.
ദൈവം അനന്തമായി നല്ലവനും കരുണാമയനുമായ പിതാവാണ്. എന്നാൽ, ദൈവത്തോട് സ്വതന്ത്രമായി പ്രതികരിക്കാൻ വിളിക്കപ്പെട്ട മനുഷ്യന്, നിർഭാഗ്യവശാൽ, ദൈവത്തിന്റെ സ്നേഹവും ക്ഷമയും തിരഞ്ഞെടുക്കാനും നിരസിക്കാനും സാധിക്കും. അങ്ങനെ ദൈവവുമായുള്ള സന്തോഷകരമായ കൂട്ടായ്മയിൽ നിന്ന് എന്നെന്നേക്കുമായി സ്വയം വേർപെടുത്തുന്നതാണ് നരകം. ഈ ദാരുണമായ അവസ്ഥയാണ് ക്രിസ്തീയ സിദ്ധാന്തം നിത്യനാശത്തെക്കുറിച്ചോ നരകത്തെക്കുറിച്ചോ പറയുമ്പോൾ വിശദീകരിക്കുന്നത്. ഇത് ദൈവം ബാഹ്യമായി ചുമത്തിയ ശിക്ഷയല്ല, മറിച്ച് ഈ ജീവിതത്തിൽ ആളുകൾ സ്വയമേ തിരഞ്ഞെടുക്കുന്നതാണ് എന്ന് വി. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ 28 ജൂലൈ 1999ലെ പൊതുദർശന വേളയിൽ പഠിപ്പിച്ചു.
അതിനാൽ, "നിത്യനാശം" ദൈവത്തിന്റെ ശിക്ഷയുടെ ഫലമായി ആരോപിക്കപ്പെടുന്നില്ല. കാരണം അവന്റെ കരുണയുള്ള സ്നേഹത്തിൽ അവൻ സൃഷ്ടിച്ച മനുഷ്യരുടെ രക്ഷ മാത്രമേ ദൈവം ആഗ്രഹിക്കുന്നുള്ളൂ. “എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത് “ (1 തിമോ 2: 4) ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷക്ക് വിധിക്കാനല്ല, പ്രതുതാ, അവൻ വഴി ലോകം രക്ഷ പ്രാപിക്കാനാണ്. (യോഹ 3:17) യേശുക്രിസ്തു ലോകത്തിലേക്ക് വന്നത് പാപികളെ രക്ഷിക്കാനാണ് .(1തിമോ 1:15)
എന്താണ് നരകത്തിലെ പ്രധാന ശിക്ഷ?
നരകത്തിലെ പ്രധാന ശിക്ഷ , ദൈവത്തിൽനിന്നുള്ള എന്നേക്കുമായി വേർപാടാണെന്നാണ് സഭ പഠിപ്പിക്കുന്നത്. ദൈവത്തിൽമാത്രമാണല്ലോ മനുഷ്യന് ജീവനും സന്തോഷവും ഉണ്ടാകുന്നതു. അതിനുവേണ്ടിയാണ് അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (സിസിസി 1035)
നരകത്തിൽ പോകാൻ ആരെയും ദൈവം മുൻകൂട്ടി നിശ്ചയിക്കുന്നില്ല (സിസിസി 1037)
സാത്താനെയും മരണത്തെയും കീഴടക്കിയ യേശു നരകത്തിൽ പോകുന്നതിൽ നിന്ന് നമ്മെ രക്ഷിച്ചു . എന്നാൽ മനുഷ്യ സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന ദൈവം മനുഷ്യന്റെ സ്വയം തിരഞ്ഞെടുപ്പിനെ ബഹുമാനിക്കുന്നു. നമ്മുടെ തെറ്റായ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദി നാം തന്നെയാണ്. വാസ്തവത്തിൽ, മനുഷ്യനാണ് ദൈവത്തിന്റെ സ്നേഹത്തിനും കരുണക്കും എതിരെ സ്വയം അടയ്ക്കുന്നത്. മനുഷ്യരാൽ സ്വയം തിരഞ്ഞെടുക്കപ്പെടുന്നതും മരണത്തിലൂടെ സ്ഥിരീകരിക്കപ്പെടുന്നതുമായ ദൈവത്തിൽ നിന്നുള്ള നിത്യമായ വേർപിരിയലിലാണ് നരകശിക്ഷ . ദൈവത്തിന്റെ ന്യായവിധി ഈ അവസ്ഥയെ അംഗീകരിക്കുന്നു.
എന്താണ് ഏറ്റവും വലിയ പാപം?
ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ പാപം , ‘പാപബോധമില്ലായ്മയാണ്’ എന്ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ പറഞ്ഞത് നമ്മുടെ ചുറ്റും എത്രയോ യാഥാർഥ്യമാണ്. ക്രിസ്ത്യാനി എന്ന് അവകാശപ്പെടുന്ന അനേകർ പോലും പാപബോധമില്ലാതെ മനസാക്ഷി മരവിച്ചതുപോലെ നരകം സ്വന്തമാക്കി ജീവിക്കുന്നത് കാണുമ്പോൾ ഈശോയുടെ ഹൃദയം തീർച്ചയായും വേദനകൊണ്ടു പിടയുന്നുണ്ട്. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു ( 2പത്രോ 3:9) ആയതിനാൽ അനുതാപത്തോടെ പരിശുദ്ധാത്മാവിനു നമ്മുടെ ഹൃദയത്തെ തുറന്നു വയ്ക്കാം. അവിടുന്ന് നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കട്ടെ. നാം ഏതു അവസ്ഥയിലാണെങ്കിലും ദൈവം നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തും. നരകത്തെ എന്നെന്നേക്കുമായി വെറുത്തുപേക്ഷിക്കുവാൻ , സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുവാൻ നമ്മിൽ കുടികൊള്ളുന്ന പരിശുദ്ധാത്മാവ് നമ്മെ ശക്തിപ്പെടുത്തും.
വി ജോൺ പോൾ രണ്ടാമൻ പാപ്പായുടെ "ശരീരത്തിന്റെ ദൈവശാസ്ത്ര”ത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ താത്പര്യമുണ്ടെങ്കിൽ ഇമെയിൽ അയക്കുക. email: [email protected]. വിഡിയോകൾക്കായി യൂട്യൂബ്: BABU JOHN TOBFORLIFE.
തിയോളജി ഓഫ് ദി ബോഡിയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കാൻ ഇവിടെ അമർത്തുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26