കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഓശാന ഞായറാഴ്ച ആചരിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവ ഉയര്‍ത്തെഴുന്നേല്‍പ്പ് അനുസ്മരണത്തിലൂടെ കടന്നുപോകുന്ന വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുകയാണ്. സത്യത്തെ പിന്തുണയ്ക്കുക എന്നതാണ് ഈ പുതിയ കാലത്ത് സഭയുടെ ദൗത്യമെന്ന് ഫ്രാൻസിസ് മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു.
ജറുസലെം നഗരത്തിലേക്ക് കഴുതപ്പുറത്ത് യേശുദേവന്‍ കടന്നു ചെല്ലുമ്പോൾ നഗരവാസികള്‍ ഒലിവ് മരച്ചില്ലകളും, ഈന്തപ്പനയോലകളുമായി സ്വീകരിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാനത്തിരുനാള്‍. ഈ ദിവസം എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ഥനകളും കുര്‍ബാനയും നടക്കും. കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്ന യേശുവിനെ, സൈത്തിന്‍ കൊമ്പ് വീശി, 'ദാവീദിന്‍ സുതന് ഓശാന' എന്ന് ജയ് വിളിച്ചുകൊണ്ടാണ് ജനക്കൂട്ടം എതിരേറ്റത്.
കേരളത്തില്‍ 'കുരുത്തോല പെരുന്നാള്‍' എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്നുവരുന്ന പെസഹവ്യാഴം, ദുഖവെള്ളി, ദുഖശനി എന്നീ ദിവസങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കുകൊണ്ട് ക്രെെസ്‌തവ വിശ്വാസികള്‍ ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിക്കും.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍ സീറോ മലബാര്‍ സഭ മേജർ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഓശാന ഞായറാഴ്ച ചടങ്ങുകള്‍ നടന്നു. പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ 5.45ന് ദിവ്യബലിയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായമെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ ഏഴിന് കുരുത്തോല വെഞ്ചിരിപ്പും പ്രദക്ഷിണവും. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഓശാനയുടെ തിരുക്കര്‍മങ്ങള്‍ രാവിലെ 6.30ന് ആരംഭിച്ചു. മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഓശാന ഞായറാഴ്ച തിരുകർമ്മത്തിൽ മുഖ്യകാര്‍മികനായി. പ്രഭാത നമസ്‌കാരം, കുരുത്തോല വാഴ്‌വിന്റെ ശുശ്രൂഷ, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന എന്നീയായിരുന്നു തിരുക്കര്‍മങ്ങൾ.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ഓശാന ഞായര്‍ ആഘോഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം വീടുകളില്‍ മാത്രമായിരുന്ന വിശ്വാസികള്‍ക്ക് ഇത്തവണ പള്ളികളില്‍ പോയി ഓശാന ഞായറാഴ്ചത്തെ ചടങ്ങുകളിൽ സംബന്ധിക്കുവാൻ സാധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.