ചരക്ക് കപ്പല്‍ എവര്‍ ഗിവണ്‍ പൂര്‍ണമായി ഉയര്‍ത്തി; സമുദ്രപാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചെന്നു സൂചന

ചരക്ക് കപ്പല്‍ എവര്‍ ഗിവണ്‍ പൂര്‍ണമായി ഉയര്‍ത്തി; സമുദ്രപാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചെന്നു സൂചന

കെയ്റോ: സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുകപ്പല്‍ എവര്‍ ഗിവണ്‍ ഒരാഴ്ച്ചത്തെ പരിശ്രമത്തിനുശേഷം മണലില്‍നിന്നു പൂര്‍ണമായും ഉയര്‍ത്തി. കപ്പല്‍ മധ്യഭാഗത്തേക്കു നീങ്ങിയതായി ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമുദ്രപാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചെന്നാണു സൂചന.
ഉയര്‍ന്ന വേലിയേറ്റത്തിന്റെ സഹായത്താല്‍, ടഗ്ബോട്ടുകള്‍ തീരത്തെ മണലില്‍ പുതഞ്ഞനിന്ന കപ്പലിന്റെ മുന്‍ഭാഗം വലിച്ചുനീക്കുകയായിരുന്നു. 

കപ്പലിനടിയിലെ 30000 ടണ്ണോളം മണലാണ് ഇതിനോടകം ഡ്രഡ്ജറുകള്‍ ഉപയോഗിച്ച് നീക്കിയിട്ടുള്ളത്. കപ്പലിന് അടിയിലൂടെ ഇന്ന് രാവിലെ മുതല്‍ വെള്ളം ഒഴുകാന്‍ തുടങ്ങിയിരുന്നു. കൂടുതല്‍ ടഗ് ബോട്ടുകള്‍ ഉപയോഗിച്ചാണ് കപ്പല്‍ നീക്കിയത്. ചൊവ്വാഴ്ച്ചയാണ് നിയന്ത്രണം നഷ്ടമായ എവര്‍ ഗിവണ്‍ ഈജിപ്തിലെ സൂയസ് കനാലില്‍ വിലങ്ങനെ കുടുങ്ങി തിരക്കേറിയ സമുദ്രപാത പൂര്‍ണമായി അടഞ്ഞത്.
കനാലിന്റെ വിശാല ഭാഗമായ ഗ്രേറ്റ് ലേക്സ് ഏരിയയിലേക്കാണ് കപ്പലിനെ തിരിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി കപ്പല്‍ ചാനലിന് പുറത്തുള്ള സ്ഥലത്തേക്ക് കൊണ്ടുപോകും. കനാലിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഒറ്റക്കെട്ടായി ഈജിപ്ഷ്യന്‍ ജനത നടത്തിയ ശ്രമങ്ങള്‍ക്ക് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി നന്ദി പറഞ്ഞു. കനാല്‍ ഗതാഗതത്തിന് പൂര്‍ണ സജ്ജമാകാന്‍ ഇനിയും സമയം വേണ്ടിവരും.

കണ്ടെയ്നര്‍ കപ്പലുകള്‍, വലിപ്പമേറിയ കാരിയറുകള്‍, ഓയില്‍ ടാങ്കറുകള്‍, ദ്രവീകൃത പ്രകൃതിവാതകവും ദ്രവീകൃത പെട്രോളിയം ഗ്യാസും നിറച്ച കപ്പലുകള്‍ ഉള്‍പ്പെടെ 369 കപ്പലുകള്‍ കനാല്‍ കടക്കാന്‍ കാത്തിരിക്കുകയാണ്.
അതേസമയം, ഭാരം കുറയ്ക്കാനായി ചരക്കുകപ്പലിലുള്ള 18300 കണ്ടെയ്നറുകള്‍ നീക്കേണ്ടി വന്നില്ലെന്നു സൂയസ് കനാല്‍ അതോറിറ്റി (എസ്.സി.എ) ചെയര്‍മാന്‍ ഒസാമ റാബി അറിയിച്ചു. സൂയസ് കനാല്‍ അതോറിറ്റിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും സ്മിറ്റ് സാല്‍വേജ് എന്ന ഡച്ച് കമ്പനിയില്‍നിന്നുള്ളവരുമാണ് കപ്പല്‍ നീക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്.

മെഡിറ്ററേനിയനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലാണ് 'എവര്‍ ഗിവണ്‍'. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പല്‍. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. 

സൂയസ് കനാലിന് കുറുകെ ചെരിയുന്ന ഏറ്റവും വലിയ കപ്പലാണ് എവര്‍ ഗിവണ്‍. 2017ല്‍ ജാപ്പനില്‍ നിന്നുള്ള കണ്ടെയ്നര്‍ ഷിപ്പ് സാങ്കേതിക തകരാറ് മൂലം ഇടിച്ച് തിരിഞ്ഞു നിന്ന് കനാലില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകളുടെ പ്രയത്ന ഫലമായി ഇത് നീക്കാന്‍ സാധിച്ചിരുന്നു.

1869 മുതല്‍ സൂയസ് കനാലിലൂടെ കപ്പലുകള്‍ സഞ്ചരിക്കുന്നു. 193 കിലോമീറ്റര്‍ നീളവും 200 മീറ്ററിലധികം വീതിയും 25 മീറ്ററോളം താഴ്ചയുമുളള ഈ കനാല്‍ വഴി പ്രതിദിനം അമ്പതില്‍ അധികം കപ്പലുകള്‍ രണ്ട് ദിശയിലുമായി കടന്നു പോകുന്നുണ്ടെന്നാണ് കണക്ക്. അതായത് ലോകത്തിലെ 12% ചരക്ക് നീക്കങ്ങള്‍ സൂയസ് കനാലിലൂടെയാണ്. രാവിലെ നാലു മുതല്‍ വൈകുന്നേരം 7 മണി വരെയാണ് പ്രവര്‍ത്തനം. ഏത് വിഭാഗത്തില്‍പ്പെട്ട കപ്പല്‍ എന്നതനുസരിച്ചാണ് ആദ്യം പോകാനുള്ള കനാല്‍ ട്രാന്‍സിറ്റിനുള്ള ചാന്‍സ് നമ്പര്‍ കിട്ടുക. യുദ്ധ കപ്പലുകള്‍ക്കാണ് ആദ്യ സ്ഥാനം. പിന്നീട്, വേഗതയും കപ്പലിലെ ചരക്കിന്റെ സ്വഭാവവും അടിസ്ഥാനമാക്കി കടത്തിവിടും. സൂയസ് കനാല്‍ ഉപയോഗിച്ചില്ലെങ്കില്‍ ഏഷ്യയില്‍നിന്ന് യൂറോപ്പിലേക്കു കടക്കാന്‍ 9000 കിലോമീറ്ററില്‍ അധികമാണ് ഒരു കപ്പലിന് സഞ്ചരിക്കേണ്ടി വരിക.

കപ്പല്‍ കുടുങ്ങിയതു കാരണം ആഗോള വ്യാപാര രംഗത്തുണ്ടായ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. സൂയസ് കനാല്‍ വഴിയുള്ള കപ്പല്‍ ഗതാഗതം നിലച്ചപ്പോള്‍ ഇന്നലെ മാത്രം ക്രൂഡ് ഓയില്‍ വില 4% ആണ് വര്‍ധിച്ചത്. ഒരു മണിക്കൂറില്‍ 400 മില്യണ്‍ ഡോളര്‍ ആണ് നഷ്ടം കണക്കാക്കുന്നത്. ഈജിപ്തിന്റെ പ്രധാന വരുമാന ശ്രോതസുകളില്‍ ഒന്നാണ് സൂയസ് കനാല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.