'ബിജെപിയെ ചെറുക്കാന്‍ ഒന്നിക്കണം': പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തെഴുതി മമത

'ബിജെപിയെ ചെറുക്കാന്‍ ഒന്നിക്കണം':  പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തെഴുതി മമത

കൊല്‍ക്കത്ത: ബിജെപിയെ ചെറുക്കാന്‍ ഒന്നിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കത്ത്. ഇന്ത്യയില്‍ ഒരു പാര്‍ട്ടിയുടെ സേച്ഛാധിപത്യമാണ് നടക്കുന്നതെന്നും നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്കെതിരെ ശക്തമായ ബദല്‍ ഉണ്ടാകണമെന്നും മൂന്ന് പേജുള്ള കത്തില്‍ മമത വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ശിവസേന മേധാവിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ, ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ എന്നിവരെ അഭിസംബോധന ചെയ്താണ് കത്തയച്ചിരിക്കുന്നത്.

ഇന്ത്യയുടെ ഭരണഘടനയെയും ഫെഡറിലിസത്തെയും ജനാധിപത്യത്തെയും ആക്രമിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. അടുത്തിടെ പാസാക്കിയ ഡല്‍ഹി സംസ്ഥാനത്തിന്റെ അധികാരം സംബന്ധിച്ച ജിഎന്‍സിടിഡി ബില്ല് ഇതിന് ഉദാഹരണമാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറിന്റെ അധികാരങ്ങള്‍ കേന്ദ്രം കൈവശപ്പെടുത്തുന്നതാണ് ഈ ബില്ലെന്ന് മമത കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം സാമ്പത്തിക കാര്യത്തില്‍ അസമത്വം പുലര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന മമത രാജ്യത്തിന്റെ പൊതു സ്വത്തുക്കള്‍ ബിജെപി സര്‍ക്കാര്‍ സ്വകാര്യവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു. ഗവര്‍ണര്‍ ബിജെപി ഭാരവാഹിയെ പോലെയാണ് പെരുമാറുന്നത്.

ബിജെപി ഇതര സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ ബിജെപി നിരന്തരം ശ്രമിക്കുന്നു. ഇത്തരത്തില്‍ പല അട്ടിമറി ശ്രമങ്ങളും നടത്തുന്ന ബിജെപിക്കെതിരെ ശക്തവും ഫലപ്രദവുമായ പോരാട്ടം നടത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മമത കത്തില്‍ വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.